സൂപ്പർ കോച്ച് മ്യൂലൻസ്റ്റീൻ; ഇനി കളി മാറും
text_fieldsഅടിമുടി മാറിവരുന്ന ഇന്ത്യൻ സൂപ്പർലീഗ് നാലാം സീസണിൽ ആദ്യം ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ ഫുട്ബാളിലെ വിലപിടിപ്പുള്ള താരങ്ങളായി മാറിയ സി.കെ. വിനീതിനെയും സന്ദേശ് ജിങ്കാനെയും കോടികൾ എറിഞ്ഞ് നിലനിർത്തിയതിനു പിന്നാലെ, സൂപ്പർതാരങ്ങളുടെ കോച്ചിനെയും പോക്കറ്റിലാക്കി കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളെ ഞെട്ടിച്ചു.
ഏറെ സസ്പെൻസുകളോടെയായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലക കുപ്പായത്തിലേക്ക് മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് അണിയറശിൽപിയായ റെനെ മ്യൂലൻസ്റ്റീനെ പ്രഖ്യാപിച്ചത്. െഎ.എസ്.എല്ലിൽ കോച്ചിനെ തീരുമാനിക്കാനുള്ള അവസാന തീയതി ശനിയാഴ്ചയായിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാത്രിയായിട്ടും ബ്ലാസ്റ്റേഴ്സിെൻറ കോച്ചാരെന്ന് ഉറപ്പായില്ല. കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനൽ വരെയെത്തിച്ച സ്റ്റീവ് കോപ്പലിനെയും സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനെയും സ്വന്തമാക്കിയതായി ടാറ്റ പ്രഖ്യാപിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനത്തേക്ക് പല പേരുകൾ ഉയർന്നുകേട്ടു.
മുൻ ഇംഗ്ലണ്ട് കോച്ച് സ്റ്റുവർട്ട് പിയേഴ്സായിരുന്നു അവരിൽ മുമ്പൻ. എന്നാൽ, പ്രതിരോധ ഫുട്ബാളിെൻറ ആശാനായ പിയേഴ്സിെൻറ തെരഞ്ഞെടുപ്പ് ആരാധകരിലും അത്ര ഇഷ്ടമായില്ല. ഇതിനിടെ മുൻ അത്ലറ്റികോ കൊൽക്കത്ത പരിശീലകൻ ജോസ് മൊളീനയുടെ പേരും ഉയർന്നു. അപ്പോഴൊന്നും അലക്സ് ഫെർഗൂസെൻറ വലംകൈയായി പ്രവർത്തിച്ച മ്യൂലൻസ്റ്റീെൻറ പേര് എവിടെയും ഉയർന്നില്ല. എന്നാൽ, കഴിഞ്ഞ രണ്ടു ദിവസമായി ലണ്ടനിലുള്ള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറും മ്യൂലൻസ്റ്റീനും തമ്മിലെ ചർച്ചകൾ വെള്ളിയാഴ്ച രാത്രിയോടെ കരാറിലെത്തി. ഉടൻ ബ്ലാസ്േറ്റഴ്സിെൻറ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപനവുമെത്തി.
‘‘മാഞ്ചസ്റ്റർ യുനൈറ്റഡ് എന്ന സ്വപ്നഭൂമിയിൽനിന്നും വരുന്നു. അലക്സ് ഫെർഗൂസെൻറ വലംകൈ. 1992 മുതൽ ക്രിസ്റ്റ്യാനോ റൊണാൾേഡാ വരെയുള്ള സൂപ്പർതാരങ്ങളെ കളിപഠിപ്പിച്ചവൻ. റെനെ മ്യൂലൻസ്റ്റീന് ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം’’ -ചെറു വിഡിയോക്കൊപ്പമുള്ള സന്ദേശം മിനിറ്റുകൾക്കകം ആരാധകർ നെഞ്ചേറ്റി. അധികം വൈകാതെതന്നെ സ്വാഗതത്തിന് നന്ദി പറഞ്ഞ് മ്യൂലൻസ്റ്റീെൻറ ട്വിറ്റർ സന്ദേശവുമെത്തി.
ഫെർഗിയുടെ വലംകൈ
കൈവിട്ടതിനേക്കാൾ മികച്ചതിനെ സ്വന്തമാക്കിയല്ലോ എന്ന ആഹ്ലാദത്തിലാണ് ആരാധകർ. തന്ത്രങ്ങളുടെ തമ്പുരാൻ സ്റ്റീവ് കോപ്പലിന് പകരക്കാരനായെത്തുന്നത് ഫെർഗൂസെൻറ വലംകൈ ആയതിനാൽ ഒട്ടും മോശമാവില്ലെന്നുറപ്പ്. 1990ൽ ഡച്ച് ക്ലബ് നിമെഗൻ കോച്ചായി പരിശീലകവേഷമണിഞ്ഞ മ്യൂലൻസ്റ്റീൻ ഖത്തർ യൂത്ത് ടീം, അൽഇത്തിഹാദ്, അൽസാദ് ക്ലബുകളിലെ പരിചയവുമായി 2001ലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് യൂത്ത് ക്ലബിലെത്തുന്നത്. അഞ്ചുവർഷത്തിനുശേഷം റിസർവ് ടീം കോച്ചായി. ഇടക്കാലത്ത് നാട്ടിലെ ബ്രോണ്ട്ബിയിലേക്ക് മടങ്ങിയെങ്കിലും 2007ൽ വീണ്ടും മാഞ്ചസ്റ്റർ യുനൈറ്റഡ് സീനിയർ ടീമിലേക്ക് വിളിയെത്തി. ആറു വർഷം ഫെർഗൂസെൻറ പരിശീലകസംഘത്തിലെ നിർണായക സാന്നിധ്യം. നാല് പ്രീമിയർ ലീഗ് കിരീടം, രണ്ട് കാർലിങ് കപ്പ്, ഒാരോ ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങൾ.
രണ്ടു തവണ ചാമ്പ്യൻസ് ലീഗ് റണ്ണർ അപ്പും. മ്യൂലൻസ്റ്റീെൻറ കരിയറിലെ പൊൻതൂവലുകളാണ് ഇൗ നേട്ടങ്ങൾ. പോൾ ഷോൾസ്, റ്യാൻ ഗിഗ്സ്, വാൻ പെഴ്സി, ഡാനി വെൽബക്, റിയോ ഫെർഡിനാൻഡ്, നിസ്റ്റൽ റൂയി, ദിമിത്രി ബെർബതോവ്, ജെസ്സി ലിൻഗാർഡ്, വെയ്ൻ റൂണി, മാർകസ് റാഷ്ഫോഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിങ്ങനെ നീണ്ടുപോവുന്ന മാഞ്ചസ്റ്റർ അക്കാദമി മുതൽ സീനിയർ ടീം വരെ മ്യൂലൻസ്റ്റീെൻറ ശിക്ഷണത്തിൽ താരങ്ങളായി പടർന്നു പന്തലിച്ചവർ നിരവധി.ഡേവിഡ് മോയസ് കോച്ചായതോടെ യുനൈറ്റഡ് പടിയിറങ്ങിയ ഇദ്ദേഹം അൻഷി മഖഷ്കാല, ഫുൾഹാം, ഇസ്രായേൽ ക്ലബ് മകാബി ഹൈഫ എന്നിവ വഴിയാണ് കേരളത്തിലെത്തുന്നത്.
റെനെ-സിങ്തോ; കളി കാര്യമാവും
റെനെ മ്യൂലൻസ്റ്റീനും താങ്ബോയ് സിങ്തോയും ഗ്രാസ് റൂട്ട് ഫുട്ബാളിൽ വിശ്വസിക്കുന്ന രണ്ട് പരിശീലകർ ഒരു കുടക്കീഴിൽ. നാലാം സീസൺ െഎ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സ് ഒരു വിസ്മയമാകുമെന്നതിൽ സംശയമില്ല. ഷില്ലോങ് ലജോങ്ങിനെ ഇന്ത്യൻ ഫുട്ബാളിെൻറ മുൻനിരയിലെത്തിച്ച സിങ്തോയെ കൊച്ചിയിലെത്തിച്ചത് മുതൽ മികച്ചൊരു കോച്ചിനായി ബ്ലാസ്റ്റേഴ്സ് ആരംഭിച്ച അന്വേഷണമാണ് മ്യൂലൻസ്റ്റീനിലെത്തിച്ചത്. നോർത്ഇൗസ്റ്റിലെ ഫുട്ബാൾ വളർച്ചയിൽ നിർണായക പങ്കുവഹിച്ച സിങ്തോയുടെ ഇന്ത്യൻ ഫുട്ബാളിലെ അറിവും ബ്ലാസ്റ്റേഴ്സിന് ഗുണംചെയ്യും.
ഇനി ടീമൊരുക്കം
സാേങ്കതികത്തികവുള്ള കളിക്കാരെ ഇഷ്ടപ്പെടുന്നതാണ് മ്യൂലൻസ്റ്റീൻ ശൈലി. ഫെർഗിയുടെ നഴ്സറി കണ്ടുവളർന്ന ഡച്ചുകാരൻ സൂപ്പർ ലീഗിലും മോശമാക്കില്ല. എന്നാൽ, ഹെഡ് കോച്ച് എന്ന നിലയിൽ ശരാശരിയായിരുന്നു പ്രകടനം. ഫുൾഹാം (23.53 ശതമാനം), മകാബി (30.43). മഖഷ്കാലയിൽ ഗസ് ഹിഡിങ്കിെൻറ സഹപരിശീലകനായപ്പോൾ ടീം റഷ്യൻ പ്രീമിയർ ലീഗിൽനിന്ന് തരംതാഴ്ത്തപ്പെടുകയും ചെയ്തു.എങ്കിലും താരങ്ങളെ സ്വന്തമാക്കുന്നതിൽ കോച്ചിനും ഇക്കുറി നിർണായക സാന്നിധ്യമുണ്ടാവും. കഴിഞ്ഞ വർഷം കളിക്കാരെ തെരഞ്ഞെടുത്തശേഷമാണ് കോച്ച് കോപ്പൽ ബ്ലാസ്റ്റേഴ്സിലെത്തിയതെന്നതിനാൽ സ്വന്തമായ തെരഞ്ഞെടുപ്പ് നടന്നില്ല. ഇക്കുറി അത് മാറുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.