കളിയാവേശത്തിൽ ഞങ്ങളും
text_fieldsകളിയുടെ കലാശപ്പോരിന് കളമുണരുകയായി. ഫുട്ബാളിെൻറ രാജസിംഹാസനത്തിലേറാൻ ഫ്രാൻസും ക്രൊയേഷ്യയും നാളെ കച്ചമുറുക്കുേമ്പാൾ കണക്കുകൂട്ടലുകളും പ്രവചനങ്ങളും അരങ്ങുകൊഴുക്കുകയാണ്. ഇഷ്ടടീമുകൾ പാതിവഴിയിൽ ഇടറിവീണെങ്കിലും മലയാളത്തിെൻറ മണ്ണും മനസ്സും ആവേശകരമായേക്കാവുന്ന ഫ്രാൻസ്-ക്രൊയേഷ്യ ഫൈനലിലേക്ക് സാകൂതം ഉറ്റുനോക്കുന്നു. മറ്റു മേഖലകളിൽ വിരാജിക്കുേമ്പാഴും കളിയെ അത്രമേലിഷ്ടത്തോടെ പിന്തുടരുന്ന കേരളത്തിലെ രാഷ്ട്രീയ-സാഹിത്യ രംഗത്തെ പ്രമുഖരിൽ ചിലർ ലോകകപ്പ് ഫൈനലിനെക്കുറിച്ച് അവരുടെ അനുമാനങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കുന്നു
ഇൗ കപ്പ് ഫ്രാൻസ് അർഹിക്കുന്നു
(കെ.ടി. ജലീൽ -തദ്ദേശ സ്വയംഭരണ മന്ത്രി)
അർജൻറീനയും ബ്രസീലുമടക്കമുള്ള പ്രമുഖർ തോറ്റു പുറത്തായതോടെ ഇമ്പം ചോർന്നുപോയ ലോകകപ്പിൽ പ്രതീക്ഷിക്കാത്ത ഫൈനലിനാണ് കളമൊരുങ്ങിയിരിക്കുന്നത്. എെൻറ അഭിപ്രായത്തിൽ ഫ്രാൻസാണ് കൂടുതൽ ജയസാധ്യതയുള്ള ടീം. ഇൗ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പുതെന്ന സാധ്യത കൽപിക്കപ്പെട്ടിരിക്കുന്ന ടീമുകളിൽ ഒന്നുതന്നെയാണ് ഫ്രാൻസ്. ഏതെങ്കിലും ഒരാളുടെ കഴിവിെൻറ മികവിലല്ല ഇൗ ലോകകപ്പിലുടനീളം അവർക്ക് വിജയം ലഭിച്ചത്. എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട കളി പുറത്തെടുത്തു. ഇക്കുറി ലോകകപ്പിൽ പെങ്കടുത്ത ടീമുകളിൽ ശരിക്കുമൊരു ടീം എന്നു പറയാവുന്ന പ്രകടനം ഫ്രാൻസിെൻറ ഭാഗത്തുനിന്നായിരുന്നു. ഗോളിമുതൽ സെൻറർ ഫോർവേർഡ് വരെ എല്ലാവരും നന്നായി കളിച്ചു. ടീമിലെ ഇന്ന കളിക്കാരന് പന്തുകിട്ടിയാലേ ജയിക്കൂവെന്നോ ഗോളടിക്കൂവെന്നോ ഉള്ള മുൻധാരണകളില്ലാതെ ആരും ഗോളടിച്ചേക്കാവുന്നൊരു ടീം. സെമിയിൽ ബെൽജിയത്തിനെതിരെ നിർണായക ഗോൾനേടിയത് ഡിഫൻഡറായ ഉംറ്റിറ്റിയാണ്.
ഫ്രാൻസ് ഇൗ ലോകകപ്പ് അർഹിക്കുന്നുവെന്നുതന്നെയാണെെൻറ പക്ഷം. ക്രൊയേഷ്യ നല്ല ടീം തെന്നയാണ്. ഫ്രാൻസുമായി താരതമ്യപ്പെടുത്തുേമ്പാൾ, ഇതുവരെയുള്ള അവരുടെ പ്രകടനം വിലയിരുത്തുേമ്പാൾ ഫ്രഞ്ചുകാർക്കുതന്നെയാണ് സാധ്യത. ടൂർണമെൻറിൽ ബ്രസീലായിരുന്നു എെൻറ ഇഷ്ട ടീം. അവർ അനാവശ്യമായി തോറ്റുപോയതാണ്. ബെൽജിയത്തിനെതിരെ അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ മൂന്നുഗോൾ മാർജിനിലെങ്കിലും ജയിക്കുമായിരുന്നു. ജയം അവരർഹിച്ചിരുന്നു. ഫുട്ബാളിൽ ഫലം കളിക്കൊപ്പം മാത്രം നിൽക്കണമെന്നില്ലല്ലോ. കളിഗതിക്കെതിരെയും ഗോളുകൾ പിറക്കുന്നത് അതിെൻറ ഭാഗമാണ്.
എെൻറ പ്രവചനങ്ങളിൽ ഫ്രാൻസ്
(എൻ.എസ്. മാധവൻ -സാഹിത്യകാരൻ )
ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് കപ്പ് ഫ്രാൻസ് നേടുമെന്ന് പറഞ്ഞയാളാണ് ഞാൻ. ക്രൊയേഷ്യക്ക് ഫൈനലിലേക്കുള്ള വഴി താരതമ്യേന എളുപ്പമായിരുന്നു. സത്യം പറഞ്ഞാൽ അവരുൾപ്പെട്ട ഹാഫ് വീക്കായിരുന്നു. സ്പെയിനാണ് അതിൽ മികച്ച ടീമായി ഉണ്ടായിരുന്നത്. അവരാവെട്ട, നന്നായി കളിച്ചതുമില്ല. ഫൈനലിൽ ഫ്രാൻസിനൊപ്പം തെന്നയാണ് എെൻറ മനസ്സ്. ലോകകപ്പിന് മുമ്പുള്ള മത്സരങ്ങളൊക്കെ ഞാൻ നിരീക്ഷിക്കാറുണ്ടായിരുന്നു. അക്കൂട്ടത്തിൽ എനിക്ക് ഫ്രാൻസിെൻറ കളിയാണ് ഇഷ്ടപ്പെട്ടത്. ഏതു ടീം ജയിക്കണമെങ്കിലും ആ ടീമിൽ അദ്ഭുതകരമായ കഴിവുള്ള ഒരു കളിക്കാരൻ വേണം. ഫ്രാൻസിലാവെട്ട, ഇത്തവണ എംബാപ്പെ അത്തരമൊരു കളിക്കാരനാണ്.
ഞാൻ ക്രൊയേഷ്യ പക്ഷപാതി
(വി.ആർ. സുധീഷ് -സാഹിത്യകാരൻ)
ഫ്രാൻസും ക്രൊയേഷ്യയും ഏറ്റുമുട്ടുേമ്പാൾ ഞാൻ തികഞ്ഞ ക്രൊയേഷ്യ പക്ഷപാതിയാണ്. അവർ ജയിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ലോകകപ്പിൽ ബ്രസീൽ, അർജൻറീന, ജർമനി, ഇംഗ്ലണ്ട് എന്നതൊക്കെ ക്ലീഷേയായി. ക്രൊയേഷ്യയിൽ ലൂക്കാ മോഡ്രിച്ചിനെയും ഇവാൻ റാക്കിറ്റിച്ചിനൊയും പോലുള്ള നല്ല കളിക്കാരുണ്ട്. പുതിയൊരു താരോദയം ഉണ്ടാവെട്ട എന്നാണ് ആഗ്രഹം. ഫ്രാൻസ് ജയിച്ചാലും നിരാശയില്ല. എംബാപ്പെ എന്ന കളിക്കാരെൻറ ഉദയമുണ്ടാകും. എപ്പോഴും മെസ്സി, നെയ്മർ, റൊണാൾഡോ എന്നൊക്കെ പറഞ്ഞ് മടുത്തു. പുതിയ ഒരാൾ വേരണ്ടേ? ഒന്നുകിൽ മോഡ്രിച്ച് വരേട്ട. അല്ലെങ്കിൽ എംബാേപ്പ വരേട്ട.
ആരു ജയിച്ചാലും ഒരു താരപ്പിറവിയുണ്ടാകും. ഫ്രഞ്ച് നിരയിൽ എംബാെപ്പ വന്നില്ലെങ്കിൽ ഗ്രീസ്മാൻ താരമാകും. ഞാൻ തുടക്കത്തിൽ സ്പെയിനോ പോർചുഗലോ കപ്പ് നേടണമെന്ന ആഗ്രഹക്കാരനായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക് അടിച്ചപ്പോൾ പോർചുഗൽ ഫൈനലിലേക്കെന്ന തോന്നലുണ്ടായിരുന്നു. ഇത്തവണ ലോകകപ്പ് സമയത്ത് ഒരു യൂറോപ്യൻയാത്ര നടത്തിയത് വേറിട്ട അനുഭവമായിരുന്നു. സ്വിറ്റ്സർലൻഡിൽവെച്ചാണ് ബ്രസീലും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം ആ നാട്ടുകാർക്കൊപ്പം കാണുന്നത്. സ്വസ്ഹോം ഹോട്ടലിനരികെ ആളുകൾ വലിയ സ്ക്രീനിൽ കളി കാണുേമ്പാൾ സ്വിറ്റ്സർലൻഡുകാരനെപ്പോലെ ഞാനും അവർക്കൊപ്പം കൂടി. ബ്രസീലിനെ സമനിലയിൽ കുരുക്കിയ സ്വിറ്റ്സർലൻഡുകാരുടെ ആഹ്ളാദത്തിൽ പങ്കുചേരാനുംപറ്റി. അതൊരു വലിയ അനുഭവമായിരുന്നു.
മനസ്സ് ഫ്രഞ്ച് ടീമിനൊപ്പം
(കെ.സി. വേണുഗോപാൽ -എം.പി)
ബ്രസീലിെൻറ വിജയത്തിനായി ആഗ്രഹിച്ചിരുന്ന കളിക്കമ്പക്കാരനാണ് ഞാൻ. എന്നാൽ, നിർഭാഗ്യംകൊണ്ട് ബെൽജിയത്തോട് അടിയറവ് പറയാനായിരുന്നു അവരുടെ വിധി. അന്ന് ജയിച്ചിരുന്നെങ്കിൽ ബ്രസീൽ കപ്പിലേക്കെത്തുമായിരുന്നുവെന്ന തോന്നൽ മനസ്സിൽ ശക്തമാണ്. ഞായറാഴ്ചയിലെ ഫൈനൽ തുല്യശക്തികളുടെ പോരാട്ടമായിരിക്കുമെന്നാണ് എെൻറ വിലയിരുത്തൽ. ക്രൊയേഷ്യ വർധിത വീര്യത്തോടെ ആക്രമിച്ചുകളിക്കുന്ന നിരയാണ്. ഫ്രാൻസും അതുപോലെത്തന്നെ.
ആരു ജയിക്കുമെന്ന് പറയാൻ മുൻകൂർ കഴിയില്ലെങ്കിലും ഫ്രാൻസ് ജയിക്കെട്ട എന്നൊരു ആഗ്രഹം മനസ്സിലുണ്ട്. ഫ്രാൻസിെൻറ കളിക്കാരിൽ മിക്കവരും ആഫ്രിക്കൻ പാരമ്പര്യമുള്ളവരാണ്. കറുത്ത വർഗക്കാർ കൂടുതലുള്ള ഫ്രഞ്ച് ടീമിനെതിരെ അവരുടെ നാട്ടിൽതന്നെ വലിയ എതിർപ്പുകളുയർന്നു. വെള്ളക്കാർക്ക് മുൻതുക്കമില്ലാത്തിനാൽ ഇത് ഫ്രഞ്ച് ടീമല്ല എന്ന ആക്ഷേപം കേൾക്കേണ്ടിവന്നു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാേക്രാൺ ബെൽജിയത്തിെനതിരായ സെമിഫൈനലിന് ഗാലറിയിലെത്തി ടീമിന് ഉൗർജം പകർന്നത് അതുകൊണ്ടാണ്. കളിയിൽ വർണവും വർഗവുമൊന്നും നോക്കേണ്ടതില്ലെന്നതിനാലാണ് വിമർശങ്ങളെ അതിജീവിച്ച് പന്തുതട്ടിയ ഇൗ ഫ്രാൻസ് ടീമിനൊപ്പം മനസ്സുറപ്പിക്കുന്നത്.
കൈയടിക്കുന്നത് െക്രായേഷ്യക്കുവേണ്ടി
(പന്ന്യൻ രവീന്ദ്രൻ -സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം)
ഇത്തവണത്തെ ലോകകപ്പിെൻറ പ്രത്യേകത ഒരു മത്സരത്തെക്കുറിച്ചും നമുക്ക് ഇന്ന ടീം ജയിക്കുമെന്ന് ഉറപ്പിച്ചുപറയാനാവുന്നില്ല എന്നതാണ്. ഫൈനലിെൻറ കാര്യത്തിലും അതിൽ മാറ്റമില്ല. ഫ്രാൻസ് പരിചയസമ്പന്നരടങ്ങിയ ടീമാണ്. ഗ്രീസ്മാനും പോഗ്ബയും ജിറൂഡും അടക്കമുള്ള പ്രധാന കളിക്കാർ യൂറോപ്പിലെ മുൻനിര ലീഗുകളിലെ താരങ്ങളാണ്. എതിരാളികളായെത്തുന്ന ക്രൊയേഷ്യയാകെട്ട, കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടും പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം നേടിയവരാണ്. രണ്ടുമണിക്കൂറിലധികം ആ മത്സരങ്ങളിൽ അവർ ടീമിനുവേണ്ടി വിയർെപ്പാഴുക്കി. പിന്നീട് സെമിയിലും കളി എക്സ്ട്രാൈടമിലെത്തി. എന്നിട്ടും ഒരുവിധ ശാരീരിക വൈഷമ്യങ്ങളും അവർ പ്രകടിപ്പിച്ചില്ല എന്നതു ചില്ലറക്കാര്യമല്ല. എത്രസമയമെടുത്താലും എതിരാളികളെ വീഴ്ത്തണമെന്ന ആ നിശ്ചയദാർഢ്യം അംഗീകരിച്ചേതീരൂ. സെമിയിൽ അഞ്ചാം മിനിറ്റിൽ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ നിശ്ചിത സമയത്ത് അവർ 1-1ന് പിടിച്ചുകെട്ടി. അധിക സമയത്ത് വിജയഗോളും നേടി.
കളിയിൽ ഭയപ്പാടില്ലാതെ കളിക്കുന്നുവെന്നതാണ് ക്രൊയേഷ്യയുടെ പ്രത്യേകത. എതിരാളിയുടെ ഹാഫിൽപോയി തങ്ങളുടെ തീരുമാനം നടപ്പാക്കാൻ അവർക്കറിയാം. മുമ്പ് അട്ടിമറിക്കായി വന്നിരുന്നവർ ഇന്ന് ജയിക്കാൻ വന്ന ടീമായിരിക്കുന്നു. ലോകകപ്പിൽ ആദ്യമായാണ് ഇത്തരമൊരു ടീം ഫൈനലിലെത്തുന്നത്. ഇടക്ക് വീണുപോവാനെത്തുന്നവരുടെ കൂട്ടത്തിലാണിവർ. അതുകൊണ്ടുതന്നെ, കളിയെ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ ക്രൊയേഷ്യ ജയിക്കെട്ട എന്ന ആഗ്രഹമാണ് എെൻറ മനസ്സുനിറയെ. 42 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള രാജ്യത്തുനിന്നുള്ള, നന്നായി കളിക്കുന്ന ടീം ലോകകപ്പ് കുത്തകയാക്കിവെച്ച എട്ടു പ്രബലരാജ്യങ്ങൾക്കൊപ്പം നിൽക്കുേമ്പാൾ അതിനെ പിന്തുണക്കേണ്ടിയിരിക്കുന്നു. ഒാരോ കളിയിലും മെച്ചപ്പെട്ടുവന്നാണ് ക്രൊയേഷ്യ കലാശക്കളിയിലെത്തിയത്. ലോകത്തിൽ ആരോടും മത്സരിക്കാൻ ശക്തിയുള്ള ടീമായി അവർ മാറിയിരിക്കുന്നു. എതിരാളികളുടെ അടവുകളും തന്ത്രങ്ങളും ഇഴകീറി പരിശോധിച്ച് മറുതന്ത്രം മെനഞ്ഞാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്. സമവാക്യങ്ങളൊക്കെ മാറിമറിയുന്ന ലോകകപ്പാണിത്. വ്യക്തിഗത മികവിൽനിന്ന് ടീംഗെയിമിലേക്ക് കളി മാറുന്നുവെന്നതാണ് ഇൗ ലോകകപ്പിെൻറ സന്ദേശം. ഫോർേമഷനുകളുടെ തന്ത്രങ്ങളിലൊതുങ്ങാത്ത എംബാപ്പെയെപ്പോലുള്ളവർ പുതിയ സൂചനകളാണ് നൽകുന്നത്. ഇൗ കലാശക്കളി ലോകഫുട്ബാളിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് ഞാൻ കരുതുന്നത്.
ഏതു ടീം ജയിച്ചാലും സന്തോഷം
( എം.എ. ബേബി -സി.പി.എം പി.ബി അംഗം)
എെൻറ ഇഷ്ടടീമായിരുന്ന അർജൻറീനയെ പരാജയപ്പെടുത്തിയ രണ്ടു ടീമുകൾ തമ്മിലുള്ള ഫൈനലാണ് ഇത്തവണ. ഇൗ രണ്ടു ടീമുകളും അർഹത കൊണ്ടുതെന്നയാണ് ൈഫെനലിലെത്തിയിട്ടുള്ളത്. ഇതിൽ ഏതു ടീം ജയിച്ചാലും ഞാൻ സന്തോഷിക്കും. ആദ്യമായി ഫൈനലിലെത്തുന്ന ടീമാണ് ക്രൊയേഷ്യ. ഫ്രാൻസാകെട്ട 1998ൽ ആദ്യമായി ഫൈനലിലെത്തിയപ്പോൾ ജയിക്കാൻ കഴിഞ്ഞവരാണ്. അതേമാനദണ്ഡപ്രകാരം ഇത്തവണ ക്രൊയേഷ്യ ജയിച്ചാൽ ഫ്രഞ്ച് കളിക്കാർ അതിൽ ദുഃഖിക്കേണ്ടതില്ല.
മുൻ സോഷ്യലിസ്റ്റ് രാജ്യവും ലോകഫുട്ബാളിൽ കരുത്ത് തെളിയിച്ചിട്ടുള്ള രാജ്യവുമായിരുന്ന യുഗോസ്ലാവിയയുടെ ഒരു ഭാഗമാണ് ക്രൊയേഷ്യ എന്ന പേരിൽ കളിക്കുന്നത്. അതുകൊണ്ട് ഒരു േസാഷ്യലിസ്റ്റ് ഭൂതകാലത്തിെൻറ അദൃശ്യമായ സ്വാധീനം ക്രൊയേഷ്യൻ ടീമിെൻറ ഒത്തിണക്കത്തിലും പദചലനങ്ങളിലുമുണ്ടെന്നാണ് എനിക്കുതോന്നുന്നത്. ഫ്രാൻസാണ് കൂടുതൽ മെച്ചപ്പെട്ട കളി കളിച്ച് കപ്പ് നേടുന്നതെന്നാലും ഞാൻ ഖിന്നനാവില്ല. ഫുട്ബാളിെൻറ വാഗ്ദാനമായി വളർന്നുവരുന്ന എംബാെപ്പ, പോഗ്ബ, ഗ്രീസ്മാൻ തുടങ്ങി എനിക്കിഷ്ടമുള്ള ഒട്ടനവധി കളിക്കാർ ഫ്രഞ്ച് ടീമിലുണ്ട്. മാത്രമല്ല, സച്ചിദാനന്ദെൻറ ‘അവസാനത്തെ ഗോൾ’ എന്ന കവിതക്ക് കാരണഭൂതനായ സിനദിൻ സിദാെൻറയും പ്ലാറ്റിനിയുടെയും റിബറിയുടെയുമൊക്കെ ടീം എന്ന നിലയിലും ഫ്രാൻസിനോട് എനിക്ക് മമതയുണ്ട്.
കളിച്ചുനേടിയ ഫൈനൽ ബർത്ത്
(മഞ്ഞളാംകുഴി അലി -എം.എല്.എ)
ഇത്തവണത്തെ ലോകകപ്പിൽ അദ്ഭുതകരമായ കളികളാണ്. എല്ലാവരും പറഞ്ഞുവന്നിരുന്ന അർജൻറീനയും ബ്രസീലും ജർമനിയും സ്പെയിനും ഇംഗ്ലണ്ടുമൊക്കെ കലാശക്കളിക്കുമുേമ്പ റഷ്യയിൽനിന്ന് തിരിച്ചുപോയിരിക്കുന്നു. ഒടുവിൽ ശേഷിക്കുന്ന ഫ്രാൻസും ക്രൊയേഷ്യയും ശക്തമായ ടീമുകൾ തന്നെയാണ്. ഫൈനലിൽ ഫ്രാൻസിന് നേരിയ മുൻതൂക്കമുണ്ടെന്നാണ് എെൻറ തോന്നൽ. താരതമ്യേന വേഗമേറിയ നീക്കങ്ങൾ അവരുടെ ഭാഗത്തുനിന്നായിരിക്കും. എംബാപ്പെയുെട സാന്നിധ്യം അവർക്ക് കരത്തുപകരും. ക്രൊയേഷ്യയായാലും എനിക്ക് സന്തോഷമേയുള്ളൂ. രണ്ടു ടീമും ഫൈനൽ അർഹിച്ചവരാണെന്നതുതന്നെയാണ് കാരണം. സാധാരണ ചില ടീമുകൾ െപരച്ചനടിച്ച് (ഭാഗ്യംകൊണ്ട്) ഫൈനലിലെത്താറുണ്ട്. ഇത് കൃത്യമായി അവർ കളിച്ചുനേടിയതാണ്.
മുമ്പ് ഫുട്ബാളെന്നാൽ ഡ്രിബ്ളിങ്ങും പാസിങ്ങുമൊക്കെയായിരുന്നു. എന്നാൽ, ഇപ്പോഴത് റണ്ണിങ് (ഒാട്ടം) ആയി മാറിയിരിക്കുന്നുവെന്നതാണ് ഇൗ ലോകകപ്പിൽ പ്രധാനമാറ്റമായി എനിക്ക് തോന്നിയത്. പണ്ടു കാലം മുതൽ ബ്രസീലിനൊപ്പമായിരുന്നു മനസ്സ്. സീക്കോ, സോക്രട്ടീസ് എന്നിവരൊക്കെയുള്ള കാലത്ത് അവരുടെ കളി കണ്ടാണ് ബ്രസീലിനോട് ഇഷ്ടം കൂടിയത്. അന്ന് ശരിക്കും ഫുട്ബാൾ കൊണ്ട് കവിത രചിക്കുന്ന ടീം എന്നൊക്കെ പറയാൻ കഴിയുന്നത് ബ്രസീലിനെ കുറിച്ചായിരുന്നു. ഇപ്പോൾ ഏതു ടീമാണ് നല്ലത്, ഏതു ടീമാണ് മോശം എന്ന് പറയാൻ കഴിയാത്ത രീതിയിലെത്തിനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.