കോഹ്ലി നല്ല ബാറ്റ്സ്മാനാണ്, ക്യാപ്റ്റനല്ല
text_fields2018െൻറ പുതുവർഷപ്പിറവിയിൽ വിരാട് കോഹ്ലിയും സംഘവും ദക്ഷിണാഫ്രിക്കയിലായിരുന്നു. മൂന്ന് ടെസ്റ്റും ആറ് ഏകദിനവും മൂന്ന് ട്വൻറി20യും ഉൾപ്പെടുന്ന പരമ്പര. ടെസ്റ്റിൽ 2-1ന് ദക്ഷിണാഫ്രിക്കയും ഏകദിനത്തിലും (5-1), ട്വൻറി20യിലും (2-1) ഇന്ത്യയും ജയിച്ചു. 871റൺസ് എന്ന വ്യക്തിഗത പ്രകടനവുമായി കോഹ്ലിയും ജയിച്ചു. അതിനുശേഷമുള്ള വിദേശ പര്യടനമായിരുന്നു ഇംഗ്ലണ്ടിൽ. അഞ്ച് ടെസ്റ്റും മൂന്നു വീതം ട്വൻറി20യും ഏകദിനവും ഉൾപ്പെട്ട നീണ്ട പരമ്പര. 4-1ന് ടെസ്റ്റിലും 2-1ന് ഏകദിനത്തിലും ഇന്ത്യ തോറ്റു. ട്വൻറി20യിൽ 2-1െൻറ ആശ്വാസജയം. പക്ഷേ, അവിടെയും കോഹ്ലിയെന്ന ബാറ്റ്സ്മാൻ തോറ്റില്ല. 894 റൺസ് എന്ന മിന്നുന്ന ഇന്നിങ്സുമായി കോഹ്ലി ഇൗ പരമ്പരയിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനായി. ടെസ്റ്റിൽ രണ്ട് സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും ഉൾപ്പെടെ അദ്ദേഹം നേടിയത് 593 റൺസ്. ഇത് കോഹ്ലിയെന്ന ബാറ്റ്സ്മാെൻറ വിജയകഥകൾ.
എന്നാൽ, കോഹ്ലിയെന്ന ക്യാപ്റ്റെൻറ ഗ്രാഫ് കൂപ്പുകുത്തുന്നതായിരുന്നു ഇംഗ്ലീഷ് പര്യടനമെന്ന് വിശേഷിപ്പിച്ചാൽ തെറ്റില്ല. പിഴച്ച തീരുമാനങ്ങൾ, മികച്ചൊരു ബാറ്റിങ് ലൈനപ്പിനെ കണ്ടെത്തുന്നതിലെ വീഴ്ച, ഫീൽഡിങ് വിന്യാസവും ബൗളിങ് തെരഞ്ഞെടുപ്പുകളും അടിക്കടി പാളിപ്പോയി. എന്തിനേറെ, ഫലപ്രദമായൊരു റിവ്യൂപോലും ഉപയോഗിക്കാനറിയാത്ത ക്യാപ്റ്റനെന്ന വിമർശനവും ഉയർന്നു.
ബാറ്റിങ് നിരയിൽ സഹതാരങ്ങൾ ഒന്നാകെ പരാജയപ്പെടുേമ്പാൾ മുന്നിൽനിന്ന് റൺസടിക്കുന്നതിൽ നായകൻ വിജയിച്ചെങ്കിലും ഒപ്പമുള്ള 10പേരിലേക്ക് വിജയദാഹം കുത്തിനിറക്കുന്നതിൽ പരാജയപ്പെട്ട നായകെൻറ ഭാവിതന്നെ ചോദ്യംചെയ്യപ്പെടുന്നതാണ് ഇംഗ്ലീഷ് പരമ്പരയുടെ ആകെത്തുക. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ട്രാവലിങ് ടീം എന്ന് കോച്ച് രവിശാസ്ത്രി വിശേഷിപ്പിച്ച സംഘം വിദേശമണ്ണിൽ ഇൗവർഷം എട്ടിൽ ആറ് കളിയിലും തോറ്റമ്പിയെന്നതാണ് സത്യം.
തുടക്കമേ പാളി
‘ഒരുമാസം വിശ്രമിച്ച്, പിന്നീടൊരു ദിവസം കളിക്കാനിറങ്ങിയാലും കോഹ്ലിക്ക് റൺസ് കണ്ടെത്തൽ വിഷമമല്ല. പക്ഷേ, ടീമിലെ മറ്റുള്ളവർക്ക് പരിശീലനം ആവശ്യമാണ്. പരിശീലനമത്സരം ടെസ്റ്റ് ശൈലിയിലേക്ക് ഉയർന്നില്ലെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും കളിക്കാർക്ക് സാഹചര്യമറിയാൻ അനിവാര്യമാണ്’ -അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് മുമ്പായുള്ള പരിശീലന മത്സരം ഇന്ത്യ വെട്ടിച്ചുരുക്കിയപ്പോൾ സുനിൽ ഗവാസ്കറിെൻറ പ്രതികരണം ഇങ്ങനെയായിരുന്നു. കൗണ്ടി ക്ലബ് എസക്സിനെതിരായ നാലു ദിവസത്തെ കളി ഇന്ത്യ മൂന്നിലേക്ക് ചുരുക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്തപ്പോൾ ഞെട്ടിയവരിൽ ഇംഗ്ലീഷുകാരുമുണ്ടായിരുന്നു. തുടർ മത്സരങ്ങളുടെ ക്ഷീണമെന്ന് പറഞ്ഞാണ് ഇന്ത്യൻ ടീം പരിശീലന മത്സരം വെട്ടിക്കുറച്ചത്. പക്ഷേ, തുടക്കത്തിലേ ആ കല്ലുകടി പരമ്പരയിലുടനീളം ഇന്ത്യക്ക് വിനയായി മാറി.
രണ്ടുമാസത്തിലേറെ നീണ്ട െഎ.പി.എല്ലും ജൂണിൽ അഫ്ഗാനിസ്ഥാനെതിരെ ബംഗളൂരുവിൽ ഒരു ടെസ്റ്റും കളിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറന്നത്. ടീമിനെ തെരഞ്ഞെടുക്കുംമുമ്പ് ചേതേശ്വർ പുജാരയും അശ്വിനും ഉൾപ്പെടെ ചിലരെ കൗണ്ടി കളിക്കാൻ അയച്ചിരുന്നു. മറ്റു ചിലരെ ‘എ’ ടീമിനൊപ്പം പര്യടനത്തിനും അയച്ചു. പക്ഷേ, ഇൗ തയാറെടുപ്പൊന്നും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കണ്ടില്ലെന്നു മാത്രം.
ഒാപണിങ് പരീക്ഷണം
അഞ്ച് ടെസ്റ്റ് കഴിഞ്ഞപ്പോഴും സ്ഥിരമായൊരു ഒാപണിങ് ജോടിയേ കണ്ടെത്താനായോ?. ഇല്ലെന്നുതന്നെ ഉത്തരം. അഞ്ചിനിടെ മൂന്ന് ഒാപണിങ് ജോടിയെയാണ് പരീക്ഷിച്ചത്. ആദ്യ കളിയിൽ മുരളി വിജയ്-ശിഖർ ധവാൻ കൂട്ട് (26,19റൺസ്). രണ്ടാം ടെസ്റ്റിൽ ധവാനെ ഒഴിവാക്കി വിജയ് -ലോകേഷ് രാഹുൽ (0,0) പരീക്ഷണം. പക്ഷേ, ഇത് തീർത്തും നിരാശപ്പെടുത്തിയതോടെ വിജയിനെ ഒഴിവാക്കി ധവാനെ തിരിച്ചുവിളിക്കാൻ നിർബന്ധിതനായി. ശേഷം, മൂന്ന്, നാല്, അഞ്ച് ടെസ്റ്റിൽ രാഹുലും ധവാനുമായി. (60, 60), (37,4), (6,1) എന്നിങ്ങനെയായിരുന്നു അവസാന മൂന്ന് കളിയിലെ ഒാപണിങ് സംഭാവന. നാല് ടെസ്റ്റിലെ എട്ട് ഇന്നിങ്സിലായി ധവാൻ 162ഉം, രാഹുൽ 10 ഇന്നിങ്സിൽ 299 റൺസുമാണ് നേടിയത്.
അതേസമയം, അലസ്റ്റയർ കുക്ക്-കീറ്റൺ ജെന്നിങ്സ് എന്ന ഒറ്റ ഒാപണിങ് കൂട്ടുകെട്ടിലായിരുന്നു ഇംഗ്ലണ്ടുകാർ. ടീമിന് താരതമ്യേനെ മികച്ച തുടക്കം സമ്മാനിക്കാനും ഇവർക്ക് കഴിഞ്ഞു. ഒമ്പത് ഇന്നിങ്സിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ കുക്ക് 319ഉം, ജെന്നിങ്സ് 163 റൺസും നേടി. ഇന്ത്യൻ മണ്ണിൽ മാത്രം തിളങ്ങുന്ന ധവാെൻറ ടെസ്റ്റ് കരിയറിന് അവസാനമിടാനും പൃഥ്വിഷാ, മായങ്ക് അഗർവാൾ തുടങ്ങിയ യുവതാരങ്ങൾക്ക് അവസരം നൽകാനുള്ള സമയം അതിക്രമിച്ചുവെന്ന് ഇൗ പരമ്പര ഒാർമപ്പെടുത്തുന്നു.
പിഴച്ച തീരുമാനങ്ങൾ
(പുജാര പുറത്ത്; പാണ്ഡ്യ അകത്ത്)
കൗണ്ടി പരിചയമുള്ള ചേതേശ്വർ പുജാരയെ ഒഴിവാക്കി ആദ്യ ടെസ്റ്റിനിറങ്ങിയത് ഏറെ വിമർശിക്കപ്പെട്ടു. ഒടുവിൽ രണ്ടാം ടെസ്റ്റിൽ മടങ്ങിയെത്തിയ പുജാര, നോട്ടിങ്ഹാമിലെ മൂന്നാംടെസ്റ്റിൽ ഇന്ത്യക്ക് 203 റൺസ് വിജയം സമ്മാനിക്കുന്നതിൽ കോഹ്ലിക്കൊപ്പം നിർണായകമായി (14,72). സതാംപ്ടനിലെ നാലാം ടെസ്റ്റിൽ സെഞ്ച്വറി പ്രകടനവും നിർണായകമായി (132,5). അതേസമയം, ഹാർദിക് പാണ്ഡ്യയെ ഒാൾറൗണ്ടറായി ടീമിൽ നിലനിർത്തിയതും പിഴച്ച തീരുമാനമായി. നാല് കളിയിലും ഇടംനൽകിയ പാണ്ഡ്യ 164 റൺസും, ഒരു അഞ്ച് വിക്കറ്റ് പ്രകടനത്തോടെ 10പേരെ പുറത്താക്കിയതുമാണ് ആകെ സംഭാവന. ആറാം നമ്പറിൽ ക്രീസിലെത്തുേമ്പാൾ സ്വിങ് ചെയ്യുന്ന പന്തുകൾക്ക് മുന്നിൽ ടെക്നിക് മികവുള്ള ബാറ്റ്സ്മാനായില്ല പാണ്ഡ്യ.
അതേസമയം, ഇംഗ്ലീഷ് നിരയിൽ അതേ പൊസിഷനിൽ വന്ന സാം കറൻ എന്ന പുതുമുഖക്കാരെൻറ നിലവാരം ഇന്ത്യക്കൊരു പാഠപുസ്തകം കൂടിയാണ്. ഏഴ് ഇന്നിങ്സിൽ 272റൺസും, 11 വിക്കറ്റുമാണ് കറെൻറ നേട്ടം.
പേസിൽ പ്രതീക്ഷ
ഇംഗ്ലീഷ് പര്യടനം കഴിയുേമ്പാൾ സീമർമാരുടെ പിച്ചിൽ ഇന്ത്യൻ പേസർമാർ തിളങ്ങിയെന്നതു മാത്രമാണ് പ്രോഗ്രസ് റിപ്പോർട്ടിന് കനംനൽകുന്നത്. ഇശാന്ത് ശർമ (18), മുഹമ്മദ് ഷമി (16), ജസ്പ്രീത് ബുംറ (14) എന്നിവരുടെ ബൗളിങ് പ്രകടനം പ്രതീക്ഷ നൽകുന്നു. ഒരു ടെസ്റ്റ് മാത്രം കളിച്ച രവീന്ദ്ര ജദേജ ഏഴ് വിക്കറ്റ് വീഴ്ത്തി. നാല് ടെസ്റ്റിൽ അശ്വിൻ നേടിയത് 11 വിക്കറ്റ് മാത്രം. ആൻഡേഴ്സൻ, ബ്രോഡ് ഇംഗ്ലീഷ് പേസിന് മുഇൗൻ അലി, സാം കറൻ, ബെൻ സ്റ്റോക്സ്, റാഷിദ് ഖാൻ എന്നിവർ നൽകിയ പിന്തുണ ഇന്ത്യൻ പേസിന് സ്പിന്നർമാരിൽനിന്ന് ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.