ഇൗഗോയിൽ തോറ്റ് ഹെഡ്മാസ്റ്ററുടെ പടിയിറക്കം
text_fieldsന്യൂഡൽഹി: മൂപ്പിളമ തർക്കത്തിെൻറയും ‘ഇൗഗോയുടെയും’ പേരിൽ ഇന്ത്യക്ക് നഷ്ടമാവുന്നത് മികച്ച പരിശീലകനെ. ഇന്ത്യ സമ്മാനിച്ച ലോകോത്തര സ്പിന്നറായി മേൽവിലാസം സ്ഥാപിച്ച അനിൽ കുംബ്ലെ 2016 ജൂൺ 24നായിരുന്നു ഒരു വർഷത്തെ കരാറിൽ ദേശീയ ടീം പരിശീലകനായി സ്ഥാനമേൽക്കുന്നത്. 18 വർഷത്തെ ക്രിക്കറ്റ് കരിയറിനിടയിൽ മൈതാനത്തും പുറത്തും നേടിയ നേട്ടങ്ങളായിരുന്നു കർണാടകക്കാരെന പരിശീലക കുപ്പായത്തിലെത്തിച്ചത്. ടെസ്റ്റിലെയും (619 വിക്കറ്റ്) ഏകദിനത്തിലെയും (337) ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് വേട്ടക്കാരനായ കുംബ്ലെ കാർക്കശ്യക്കാരനെന്ന മുഖം കോച്ചിങ് കുപ്പായത്തിലും തുടർന്നു.
രവിശാസ്ത്രിയുടെ ‘ഇൗസി ഗോയിങ്’ പോളിസിയിൽനിന്നും ഡ്രസ്സിങ് റൂമിലും പരിശീലനത്തിലും കളിയിലും അണുവിട വിട്ടുവീഴ്ചയില്ലാത്ത കുംബ്ലെ ശൈലിയിലേക്ക് മാറിയപ്പോൾ ആദ്യം ഏറെ സ്വീകാര്യമായി. മണിക്കൂറുകൾ നീണ്ട ബാറ്റിങ്-ബൗളിങ് പരിശീലനവും, കളിക്കാർക്ക് ആത്മവിശ്വാസം നൽകുന്ന നമ്പറുകളുമായി ആദ്യകാലങ്ങളിൽ കുംബ്ലെശൈലി കൈയടി നേടി. പക്ഷേ, ടീമിലെ ‘ഹെഡ്മാസ്റ്റർ-വിദ്യാർഥി’ രീതി കളിക്കാർക്കിടയിൽ തന്നെ അസ്വാരസ്യങ്ങൾക്കിടയാക്കി. ക്യാപ്റ്റൻ വിരാട് കോഹ്ലി, എം.എസ്. ധോണി, ഹർഭജൻ സിങ്, ആർ. അശ്വിൻ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളാണ് ആദ്യഘട്ടത്തിൽ എതിർപ്പുമായി രംഗത്തുവന്നത്. അഭിപ്രായഭിന്നത വാർത്തയായതോടെ ടീമിലെ കൂടുതൽ പേർ കോച്ചിനെതിരെ പരാതിയുമായി രംഗത്തെത്തി.
ഇതിനിടെ, ലോധ കമ്മിറ്റി ശിപാർശയിലൂടെ ബി.സി.സി.െഎക്ക് സുപ്രീം കോടതി മൂക്കുകയറിട്ടപ്പോൾ, കോടതി നിലപാടിനെ പിന്തുണച്ചത് ബോർഡ് തലവന്മാർക്കും അപ്രിയമായി. എല്ലാംകൂടി ചേർന്നതോടെ ഒരു വർഷം കൊണ്ട് ടീമിന് പുറത്തേക്കുള്ള വഴിയും തുറന്നു. വിൻഡീസ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ആസ്ട്രേലിയ എന്നിവർക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ജയം, ഏകദിന-ട്വൻറി20 പരമ്പര നേട്ടങ്ങൾ എന്നിവയെല്ലാം പരിശീലന കരിയറിലെ പൊൻതൂവലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.