വാട്ട്... മോർ...! മാജിക്
text_fields‘കോച്ച് ഡേവ് വാട്ട്മോർ തന്ന സ്വാതന്ത്ര്യമാണ് ഇൗ ചരിത്രനേട്ടത്തിെൻറ കാരണം. പരിശീലനത്തിലും അച്ചടക്കത്തിലും കാർക്കശ്യം പുലർത്തിയപ്പോഴും കളിക്കളത്തിൽ തീരുമാനങ്ങളെടുക്കാൻ ആവോളം സ്വാതന്ത്ര്യം തന്നു. പ്രഗത്ഭനായ കോച്ചിെൻറ സാന്നിധ്യം ഒട്ടും സമ്മർദമുണ്ടാക്കിയില്ല. നൽകിയത് തികഞ്ഞ ആത്മവിശ്വാസം’
-സചിൻ ബേബി (കേരള ക്യാപ്റ്റൻ)
ഡേവ് വാട്ട്മോറിനെ നാം അറിഞ്ഞു തുടങ്ങിയത് ക്രിക്കറ്റ് ഭൂമികയിൽ മരതക ദ്വീപ് വിശ്വകിരീടം ചൂടിയപ്പോഴാണ്. സിലോണിൽ ജനിച്ച് ആസ്ട്രേലിയക്ക് കളിച്ച് പരിശീലകെൻറ റോളിൽ ലോകം കീഴടക്കിയ പ്രതിഭ. 1996ൽ ശ്രീലങ്കയെ ലോകകപ്പ് ജയത്തിലേക്ക് നയിച്ച വാട്ട്മോറാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ശിശുക്കളായ ബംഗ്ലാദേശിന് ലോകത്ത് മേൽവിലാസമുണ്ടാക്കിയെടുക്കാൻ യത്നിച്ചത്. പിന്നാലെ പാകിസ്താനെയും സിംബാബ്വെയെയും പരിശീലിപ്പിച്ച വാട്ട്മോർ ലങ്കാഷയറിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും സാന്നിധ്യമറിയിച്ചു. ഇപ്പോഴിതാ കേരള ക്രിക്കറ്റിലും വാട്ട്മോർ മാജിക് . രഞ്ജി ട്രോഫി ചാമ്പ്യൻഷിപ്പിെൻറ ചരിത്രത്തിലാദ്യമായി കേരളം ക്വാർട്ടറിൽ ഇടംനേടി. അതും അതിശക്തമായ ഗ്രൂപ്പിൽ ആറിൽ അഞ്ച് കളികളും ജയിച്ച്.
ചരിത്രം കുറിച്ച നിമിഷത്തിൽ കേരള നായകൻ സചിൻ ബേബി വാട്ട്മോറിനെ കുറിച്ച് പറയുന്നത് കേൾക്കുക. ‘ഇതാണ് വാട്ട്മോർ മാജിക്. കളിക്കാരുടെ കഴിവുകളിൽ വിശ്വാസമർപ്പിച്ച് സന്തുലിതമായൊരു ടീമിനെ വാർത്തെടുത്തു. സ്ഥിരതയാർന്ന പ്രകടനത്തിന് പ്രചോദനമായി. ആവശ്യമായ ഘട്ടങ്ങളിൽ ടീം കൂടുതൽ അഗ്രസീവായി. കേരളം വർഷങ്ങളായി കാത്തിരിക്കുന്ന നോക്കൗട്ട് സ്വപ്നമാണ് സാധ്യമായിരിക്കുന്നത്. വാട്ട്മോറിെൻറ കീഴിൽ ഇൗ ടീം ഏറെ കഠിനാധ്വാനം ചെയ്തതിെൻറ ഫലമാണിത്. ടീം ഒന്നടങ്കം സന്തോഷത്തിലാണ്. ഇൗ കുതിപ്പ് ഇനിയും തുടരും’- സചിൻ ബേബി ‘മാധ്യമ’ത്തോട് പറഞ്ഞു.
തൊണ്ണൂറുകളുടെ അവസാനം ദക്ഷിണമേഖലയിൽനിന്ന് ഒരിക്കൽ ചാമ്പ്യന്മാരായും മറ്റൊരിക്കൽ രണ്ടാം സ്ഥാനക്കാരായും കേരളം ആദ്യ കടമ്പ കടന്ന ചരിത്രമുണ്ട്. പിന്നീടൊരിക്കൽ പ്ലേറ്റ് ഗ്രൂപ്പിൽ ഫൈനൽ വരെയെത്തി. പക്ഷേ, അതിനപ്പുറം മുന്നോട്ട് പോയില്ല. കഴിഞ്ഞ ഒരു ദശകത്തോളമായി കേരളത്തിന് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. പലപ്പോഴും വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും കരകാണാതെ പോയി.
‘ഈ ടീമിൽ ഏറെ പ്രതിഭകളുണ്ട്. അവർ കഴിവിനൊത്ത് കളിച്ചു. അവരുടെ മികവ് കളത്തിൽ പ്രാവർത്തികമാക്കുകയായിരുന്നു എെൻറ ജോലി. ഈ കുതിപ്പ് ഇവിടെ അവസാനിക്കില്ല. ക്വാർട്ടറിലെ വിജയമാണ് അടുത്ത ലക്ഷ്യം’’ -വൻതുക നൽകി കൊണ്ടുവന്ന വാട്ട്മോർ കേരള ടീമിന് മുന്നിൽ വെക്കുന്ന ലക്ഷ്യം ഇതാണ്.
ചാമ്പ്യന്മാരായ ഗുജറാത്തിനോട് അവസാന ശ്വാസം വരെ പോരാടിയ ശേഷം കീഴടങ്ങിയ കേരളം സൗരാഷ്ട്രയെയും ഝാർഖണ്ഡിനെയും ജന്മു-കശ്മീരിനെയും രാജസ്ഥാനെയും ഹരിയാനയെയും മലർത്തിയടിച്ചാണ് നോക്കൗട്ട് ഉറപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.