ഇരട്ടശതകങ്ങളുടെ നായകൻ
text_fieldsമൊഹാലിയെ മോഹിപ്പിച്ച ഇരട്ടശതകം പിറന്ന ചരിത്ര നിമിഷത്തിൽ ഇടതുകൈയിലെ മോതിരവിരൽ മുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ ഗാലറിക്ക് നേരെ വീശിയെറിഞ്ഞ സ്നേഹചുംബനത്തിന് പ്രണയത്തിെൻറ ഗന്ധമുണ്ടായിരുന്നു. ഇതേറ്റുവാങ്ങാൻ പി.സി.എ.ബി സ്റ്റേഡിയത്തിെൻറ വി.െഎ.പി ഗാലറിയിൽ നിറകണ്ണുകളുമായി അവെൻറ നായിക ഋത്വിക സജ്തേയുമുണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് ഇതുപോലൊരു ഡിസംബർ 13നാണ് ഋത്വികയുടെ കഴുത്തിൽ രോഹിത് മിന്നുചാർത്തിയത്. ഇതിലും നല്ലൊരു വിവാഹവാർഷിക സമ്മാനം ഏത് ക്രിക്കറ്റർക്കാണ് തെൻറ പ്രിയതമക്ക് നൽകാനാവുകയെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.
പേരിൽ തന്നെ ‘ഹിറ്റു’മായാണ് രോഹിതിെൻറ നടപ്പ്. അതുകൊണ്ട് തന്നെ ‘ഹിറ്റ്മാനെ’ന്നൊരു വിളിപ്പേരുണ്ട്. പേരിലെ ‘ഹിറ്റ്’ കൊണ്ട് മാത്രം വീണുകിട്ടിയതല്ലിത്. കളിക്കാൻ തുടങ്ങിയ കാലം മുതൽ തട്ടുതകർപ്പൻ ക്രിക്കറ്റിനോടായിരുന്നു താൽപര്യം. അതുകൊണ്ട് തന്നെ ടെസ്റ്റിനേക്കാളേറെ ഏകദിന സ്പെഷലിസ്റ്റ് എന്ന വിളിപ്പേരാകും രോഹിതിന് ചേരുക. ഏകദിനത്തിൽ മൂന്ന് ഇരട്ടസെഞ്ച്വറി നേടിയ രോഹിത് ഒാവറുകളുടെ പരിമിതികളില്ലാത്ത ടെസ്റ്റ് ക്രിക്കറ്റിൽ ആകെ നേടിയത് മൂന്ന് സെഞ്ച്വറി. വെടിക്കെട്ടിനൊപ്പം ക്ലാസ് ക്രിക്കറ്റും ചേർന്ന അപൂർവം ബാറ്റ്സ്മാന്മാരിൽ ഒരാൾ.
കരിയറിെൻറ തുടക്കം അത്ര ശോഭനമായിരുന്നില്ല. മധ്യനിരയിൽ നിലകിട്ടാതെ ഉഴറിയ രോഹിതിനെ ഒാപണറുടെ റോളിലിറക്കിയ ധോണിയുടെ തീരുമാനമാണ് കരിയർ തന്നെ മാറ്റിമറിച്ചത്. ഇരട്ടസെഞ്ച്വറിയുമായി കൂട്ടുതുടങ്ങിയിട്ട് നാല് വർഷമാകുന്നു. 2013 നവംബർ രണ്ടിന് ആസ്ട്രേലിയക്കെതിരെയായിരുന്നു ആദ്യമായി ഇരട്ടശതകത്തിലെത്തിയത്. 158 പന്തിൽ 16 സിക്സുകൾ അകമ്പടി തീർത്ത ഇന്നിങ്സിൽ 209 റൺസാണ് രോഹിത് അടിച്ചെടുത്തത്. കൃത്യം ഒരുവർഷം പിന്നിട്ടപ്പോൾ ലോകക്രിക്കറ്റിനെ ഞെട്ടിച്ച് 264 പിറന്നു. അന്ന് ഇരയായത് ശ്രീലങ്കയായിരുന്നു. 173 പന്തിലായിരുന്നു പ്രകടനം. കഴിഞ്ഞ വർഷം ആസ്ട്രേലിയക്കെതിരെ 171 വരെയെത്തിയതാണ്. 150,147, 141 എന്നിങ്ങനെ ഞെട്ടിച്ച പ്രകടനങ്ങൾ വേറെയുമുണ്ട്. സെഞ്ച്വറി തികച്ച ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും രോഹിതാണ് (812).
മൂന്നാം ഇരട്ടസെഞ്ച്വറിയോടെ വേറെയും റെക്കോഡുകൾ പേരിലെഴുതിയെടുത്തിട്ടുണ്ട് രോഹിത്. ഒരു വർഷം ഏറ്റവും കൂടുതൽ സിക്സ് (45) അടിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് ഇന്നലെ അദ്ദേഹം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.