ഈ സന്തോഷ് ട്രോഫിക്ക് ഇത് എന്ത് പറ്റി...?
text_fieldsഈ സന്തോഷ് ട്രോഫിയിൽ ഇന്ത്യയിലെ മുൻനിര താരങ്ങൾ ആരൊക്കെയാണ് കളിക്കുന്നത്...?
എത്ര ഐ.എസ്.എൽ, ഐ ലീഗ് താരങ്ങൾ ഇൗ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്...?
ഇത് ഒരു സീനിയർ ചാമ്പ്യൻഷിപ്പ് തന്നെയാണോ...?
ഇതിൽനിന്നും ആർക്കെങ്കിലും ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടുമോ...?
ഇതിൽ കേരളം വിജയിക്കുകയാണെങ്കിൽ കേരളത്തിന് ഒരു ദിവസത്തെ അവധി പ്രഖ്യാപിക്കുമോ...?
2000ലാണ് എെൻറ ആദ്യ സന്തോഷ് ട്രോഫി. വേദി തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം. ഏകദേശം 55 ദിവസം ആയിരുന്നു ക്യാമ്പ്. ജില്ലാ ടൂർണമെൻറിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 45 താരങ്ങൾ ആദ്യഘട്ടത്തിൽ. എസ്.ബി.ടി യും എഫ്സി കൊച്ചിനും ഐ-ലീഗ് കളിക്കുന്നതിനാൽ രണ്ടാം ഘട്ടത്തിൽ 15 താരങ്ങളെ കൂടി ഉൾപ്പെടുത്തി. ആ കാലഘട്ടത്തിലെ കേരളത്തിലെ മിക്ക മികച്ച താരങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. ആദ്യഘട്ടത്തിലെ 35 ഒാളം ദിവസം എറണാകുളം എം.ജി റോഡിലെ ബിൽഡിങ്ങിെൻറ മുകളിൽ ഡോർമെറ്ററിയിൽ താമസം. ആകെ നാലു ബാത്ത്റൂമും രാത്രി കൂട്ടിന് എറണാകുളത്തെ കൊതുകുകളും. പിന്നെ രണ്ടാം ഘട്ടത്തിൽ മികച്ച താമസ സൗകര്യം ഏർപ്പെടുത്തുകയുണ്ടായി.
നിർഭാഗ്യം കൊണ്ടുമാത്രം പരിക്കിെൻറ പിടിയിൽ പെട്ട് ടീമിൽ സ്ഥാനം ലഭിക്കാതെ പോയ എെൻറ പ്രിയ സുഹൃത്ത് ലയണൽ തോമസിെൻറ സിൽവർ കളർ നൈക്ക് ബൂട്ട് കടം വാങ്ങിച്ചു കൊണ്ട് ആദ്യമത്സരത്തിന് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സ്റ്റേഡിയത്തിൽ ഇരിപ്പിടം കിട്ടാതെ അകത്ത് കടക്കാൻ പോലും കഴിയാതെ വൻ ജനക്കൂട്ടം.
ആദ്യ ഇലവനിൽ ഇടമില്ലാത്തതിനാൽ ഹാഫ് ടൈമിലെ മാസ്മരിക പ്രകടനത്തിനുശേഷം ബൂട്ടുകളൊക്കെ ഞാൻ അഴിച്ചുവെച്ചു. 50ാം മിനിറ്റിൽ കളി 2-2 എന്ന സ്കോറിൽ നിൽക്കുേമ്പാഴാണ് എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് പെട്ടന്നൊരു വിളി ‘ബിനീഷ് വാം അപ്പ്...’ ബൂട്ടുകൾ കിട്ടുന്നില്ല... ലൈസ് ഇടാൻ സാധിക്കുന്നില്ല കൂടാതെ കോച്ചിെൻറ ശകാരം... നെഞ്ച് പടപടാന്ന് ഇടിക്കുന്നു.. ഒരുവിധത്തിൽ എല്ലാം ശരിയാക്കി ഒപ്പിച്ചെടുത്തു ....വാം അപ്പ് തുടങ്ങിയതും അടുത്ത വിളി.... പിന്നെ ഒന്നും നോക്കിയില്ല കൈയിൽ കിട്ടിയ ഓയിൻമെൻറ് തേച്ചുപിടിപ്പിച്ച് റെഡിയായി.... എം. സുരേഷ്, ജിജു ജേക്കബ്, ജോപോൾ അഞ്ചേരി എന്നീ പ്രഗൽഭർ അടങ്ങിയ പ്രതിരോധത്തിലേക്കാണ് എന്നെ ഉൾപ്പെടുത്താൻ പോകുന്നത്. ഒരൊറ്റ കണ്ടീഷൻ വിങ് ബാക്കിൽ നിന്നും മാക്സിമം അറ്റാക്ക്....
മനസ്സിലെ ഫുട്ബോൾ ദൈവത്തിൽ നിന്നും ആദ്യ പാസ്... അതെ, സാക്ഷാൽ ഐ.എം. വിജയൻ. കോർണർ ഫ്ലാഗ് ലക്ഷ്യമാക്കി... ബാക്കിൽ നിന്നും ഓടിക്കിതച്ച് ബോളിെൻറ മുന്നിലെത്തിയപ്പോൾ ഫൂട്ടിംഗ് നഷ്ടപ്പെട്ട് കുട്ടികളെ പോലെ തട്ടിത്തടഞ്ഞ് ഉരുണ്ടു വീണു കൈകൊണ്ട് ബോളിൽ തട്ടുന്നു.... സന്തോഷ് േട്രാഫി കരിയറിലെ എെൻറ ആദ്യ ടച്ച്.. ദൈവമേ...! ആർത്തിരമ്പുന്ന ഗ്യാലറിയിൽ ഒരു നിമിഷം നിശബ്ദത....... പക്ഷേ, ആ ഗാലറി എന്നെ കൈവിട്ടില്ല. ഇഗ്നേഷ്യസിെൻറ ഒന്നും ആസിഫ് സഹീറിെൻറ നാലും ഗോളുകളുടെ പിൻബലത്തിൽ സർവീസസിനെ 5 -2 എന്ന സ്കോറിൽ പരാജയപ്പെടുത്തുന്നു. ഫൈനൽ മത്സരത്തിൽ എതിരാളികൾ മഹാരാഷ്ട്രയായിരുന്നു. ഒരു കണ്ണൂർക്കാരനായ എന്നെ മറികടന്ന് മഹാരാഷ്ട്രക്ക് വേണ്ടി ബൂട്ടണിഞ്ഞ മറ്റൊരു കണ്ണൂർക്കാരൻ (എൻ.എം. നജീബ്) നേടിയ ഒരൊറ്റ ഗോളിന് കേരളത്തിന് കിരീടം നഷ്ടമായി...
നാല് സന്തോഷ് ട്രോഫി ഫൈനലുകളിൽ ആദ്യ ഇലവനിൽ തന്നെ കേരളത്തിനായി ഞാൻ ഇറങ്ങിയിരുന്നു. ഒടുവിൽ 2004 ൽ ക്യാപ്റ്റൻ ഇഗ്നേഷ്യസിന് ഡൽഹിയിൽ മറ്റൊരു മാച്ച് ഉള്ളതിനാൽ വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ സന്തോഷ് ട്രോഫി അവസാനമായി കേരളത്തിൽ എത്തിക്കാനുള്ള ഭാഗ്യവും ലഭിച്ചു. ഈ നേട്ടത്തിൽ കേരളത്തിലെ ഓരോ ഫുട്ബോൾ പ്രേമികളെയും നന്ദിയോടെ സ്മരിക്കുന്നു.
കേരളത്തിന് സന്തോഷ് ട്രോഫി ഒരു മത്സരം മാത്രമല്ല, ഒരു വികാരമാണ്... അതിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാൻ ആർക്ക് സാധിക്കും...? പ്രമുഖ താരങ്ങളെല്ലാം പങ്കെടുക്കുന്ന ഒരു ഗ്ലാമർ ടൂർണമെൻറായി പഴയ പ്രതാപത്തിലേക്ക് സന്തോഷ് ട്രോഫി ടൂർണമെന്റ് വീണ്ടും എത്തുമെന്നു തന്നെയാണ് എെൻറ പ്രതീക്ഷ.
രണ്ടായിരത്തിലെ ആ ടീം ഇവരായിരുന്നു: ജോപോൾ അഞ്ചേരി (ക്യാപ്റ്റൻ), െഎ.എം. വിജയൻ, ജിജു ജേക്കബ്, ഫിറോസ് ഷെരീഫ്, എം. സുരേഷ്, എം.വി. നെൽസൺ, സുരേഷ് ബാബു, ബോണിഫേസ്, നൗഷാദ്, എ.എസ്. ഫിറോസ്, സുനിൽ കണ്ണപ്പി, രാജേഷ്. ആർ, ആസിഫ് സഹീർ, ഇഗ്നേഷ്യസ് സിൽവസ്റർ, അബ്ദുൽ ഹക്കീം, ദീപു കൃഷ്ണൻ, ബിനീഷ് കിരൺ, കോച്ച്: എം.എം. ജേക്കബ്, അസി.കോച്ച്: രാജീവ് പി.കെ, മാനേജർ: ജേക്കബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.