പാഠം രണ്ട്: സെഞ്ചൂറിയൻ
text_fieldsദക്ഷിണാഫ്രിക്കയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതൊന്നും അപ്രതീക്ഷിതമല്ല. പ്രോട്ടീസ് മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം എന്നും ഇങ്ങനെയായിരുന്നു. ഇക്കുറി പക്ഷേ, കൈപ്പിടിയിലൊതുക്കാവുന്ന രണ്ട് മത്സരങ്ങൾ നിരുത്തരവാദ സമീപനം മൂലം നഷ്ടപ്പെടുത്തിയെന്നുവേണം പറയാൻ. സെഞ്ചൂറിയെൻറ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ടീം ഇന്നിങ്സ് പരാജയമില്ലാതെ രക്ഷപ്പെടുന്നത് എന്നത് മാത്രമാണ് ആശ്വസിക്കാൻ വക നൽകുന്നത്. ഫീൽഡിങ്ങിലെ പിഴവ്, വിക്കറ്റ് വലിച്ചെറിയൽ, ടീം സെലക്ഷൻ... അങ്ങനെ പല കാരണങ്ങളാണ് ഇന്ത്യൻ ടീമിനെ തുടർച്ചയായ രണ്ടാം പരാജയത്തിലേക്ക് നയിച്ചത്.
ഒന്നാം ടെസ്റ്റിലെ പരാജയത്തിൽനിന്ന് ഏറെയൊന്നും പഠിക്കാതെയാണ് കഴിഞ്ഞ മത്സരത്തിന് ഇന്ത്യ ഇറങ്ങിയതെന്നുവേണം കരുതാൻ. ആദ്യ ടെസ്റ്റിലെ അബദ്ധങ്ങൾ തന്നെയാണ് രണ്ടാം മത്സരത്തിലും ആവർത്തിച്ചത്. പുജാരയുടെ റണ്ണൗട്ടും പാണ്ഡ്യയുടെ വിക്കറ്റും ഇതിെൻറ വ്യക്തമായ ഉദാഹരണങ്ങളാണ്. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന താരമാണ് പുജാര. രണ്ട് ഇന്നിങ്സിലും റണ്ണൗട്ടാകുന്ന ഏക ഇന്ത്യൻ താരമെന്ന റെക്കോഡുമായാണ് പുജാര പുറത്തായത്. വഴിയേ പോകുന്നതെന്തും ബാറ്റുവെച്ച് തോണ്ടി വിക്കറ്റ് വലിച്ചെറിയുന്ന സ്വഭാവം ഇക്കുറിയും പാണ്ഡ്യ മറന്നില്ല. ആദ്യ മത്സരത്തിൽ പാണ്ഡ്യ 93 റൺസ് നേടിയപ്പോഴും രണ്ടുതവണ ജീവൻ ലഭിച്ചിരുന്നു. അഞ്ച് ക്യാച്ചുകളാണ് മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ നഷ്ടപ്പെടുത്തിയത്. രണ്ടെണ്ണം വിക്കറ്റ് കീപ്പർ പാർഥിവ് പേട്ടലിെൻറ വകയായിരുന്നു.
അജിൻക്യ രഹാനെയെ ഉൾപ്പെടുത്തണമെന്ന മുറവിളിയും കോഹ്ലി കേട്ടില്ല. ആക്രമിക്കണോ പ്രതിരോധിക്കണോ എന്ന് സംശയിച്ച് വിക്കറ്റ് കളയുന്ന രോഹിത് ശർമയെയാണ് കോഹ്ലി തിരഞ്ഞെടുത്തത്. രണ്ടാം ഇന്നിങ്സിൽ മോശമല്ലാത്ത പ്രകടനം നടത്തി രോഹിത് നായകെൻറ മാനം കാത്തു. ഭുവനേശ്വർ കുമാറിന് പകരം ഇശാന്ത് ശർമയെ ഉൾപ്പെടുത്തിയത് മെറ്റാരു മണ്ടത്തരമായി വിലയിരുത്തപ്പെടുന്നു. ബൗൺസ് കൂടുതലുള്ള സെഞ്ചൂറിയനിലെ വിക്കറ്റിൽ ഇശാന്തായിരിക്കും കൂടുതൽ ഗുണം ചെയ്യുക എന്ന വിലയിരുത്തിലാണ് കോഹ്ലി ഭുവനേശ്വറിനെ ഒഴിവാക്കിയത്. ബൗളർമാർ മികച്ച പ്രകടനം നടത്തുന്നതാണ് ഇന്ത്യയുടെ ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.