സെമിയിലെത്തിയത് മൂന്നു വൻകര ജേതാക്കളും യൂറോപ്യൻ റണ്ണറപ്പും; പോരാട്ടം നാളെ
text_fieldsകൊച്ചി: കണക്കുകൂട്ടലുകളിൽ വലിയ പിഴവൊന്നും സംഭവിച്ചില്ല. കരുത്തിനൊത്ത് കളത്തിൽ കാര്യങ്ങൾ പുലർന്നപ്പോൾ നോക്കൗട്ട് റൗണ്ടിൽ വമ്പൻ അട്ടിമറികളിലേക്ക് പന്തുരുളാതെ സെമിഫൈനൽ ലൈനപ് പൂർണമായി. യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ, ആഫ്രിക്കൻ ജേതാക്കളായ മാലി, തെക്കനമേരിക്കൻ ചാമ്പ്യന്മാരായ ബ്രസീൽ എന്നിവർക്കൊപ്പം യൂറോപ്യൻ കിരീടം തലനാരിഴക്ക് നഷ്ടപ്പെട്ട ഇംഗ്ലണ്ടും അവസാന നാലിൽ ഇടംപിടിച്ചു. നാളെ നടക്കുന്ന സെമി മത്സരങ്ങളിൽ സ്പെയിൻ മാലിയെയും ബ്രസീൽ ഇംഗ്ലണ്ടിനെയും നേരിടും.
തെക്കനമേരിക്കൻ ഫുട്ബാളിെൻറ ലാവണ്യശാസ്ത്രങ്ങളിലൂന്നി ടികിടാകയുടെ അഴകുറ്റ കരുനീക്കങ്ങളെ വികസിപ്പിെച്ചടുത്ത കളിക്കരുത്തിന് ലോകഫുട്ബാളിെൻറ മേച്ചിൽപുറങ്ങളിൽ ഇനിയും സാധ്യതയേറെയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു സ്പെയിനിെൻറ മുന്നേറ്റം. ടൂർണമെൻറിെൻറ വിസ്മയ നിരയായ ഇറാനെ ക്വാർട്ടറിൽ ഏകപക്ഷീയമായി തകർത്തുവിട്ട പ്രകടനം അതിന് അടിവരയിടുന്നു. ജർമനിയെ 4-0ത്തിന് തകർത്തുവിട്ട ഇറാനെ മത്സരത്തിെൻറ അവസാന കുറച്ചു നിമിഷങ്ങളിലൊഴികെ നിലംതൊടാൻ സ്പെയിൻ അനുവദിച്ചില്ല. അസൂയാവഹമായ പരസ്പരധാരണയിലും സാേങ്കതികത്തികവിലും സ്പാനിഷ് നിര പന്തുതട്ടിയപ്പോൾ ഇറാന് കാഴ്ചക്കാരുടെ റോളിലേക്കൊതുങ്ങേണ്ടിവന്നു. 3-1ന് സ്പെയിൻ ആധികാരികമായി ജയിച്ചുകയറിയപ്പോൾ അത് തീർത്തും അർഹിക്കുന്നതു തെന്നയായിരുന്നു. സ്പെയിനിെൻറ പാസിങ് ഗെയിമിനെ പിൻനിരയിലേക്കിറങ്ങിനിന്ന് ജാഗ്രതയോടെ വീക്ഷിച്ചുതുടങ്ങിയ ഇറാന് പിന്നീട് മധ്യനിരയിൽ അൽപമെങ്കിലും ആധിപത്യം കാട്ടാൻ കഴിഞ്ഞതേയില്ല. കഴിഞ്ഞ കളികളിൽ ഉറച്ചുനിന്ന പ്രതിരോധം, തികഞ്ഞ പരസ്പര ധാരണയോടെ കയറിയെത്തിയ സ്പെയിനിെൻറ കുറുകിയ പാസുകൾക്കു മുന്നിൽ വിണ്ടുകീറി. വിങ്ങുകളിലും സ്പെയിൻ പിടിമുറുക്കിയതോടെ പ്രത്യാക്രമണമെന്ന ഇറാൻ മോഹങ്ങൾ പച്ചതൊട്ടതേയില്ല. രണ്ടാം പകുതിയിൽ ഇറാൻ കയറിയെത്തുമെന്നും അപ്പോൾ ഡിഫൻസിൽ പഴുതുകൾ ലഭിക്കുമെന്നുമുള്ള സ്പെയിനിെൻറ കണക്കുകൂട്ടലും കുറിക്കുകൊണ്ടു.
ഒാൾ ആഫ്രിക്കൻ ക്വാർട്ടറിൽ കരുത്തരായ ഘാനയെ വീഴ്ത്തിയാണ് മാലിയുടെ മുന്നേറ്റം. മഴയിൽ കുതിർന്ന മൈതാനത്ത് ഘാനയെ മേധാവിത്വം കൊണ്ടുതന്നെ കീഴ്പ്പെടുത്തിയ മാലിയെ സ്പെയിൻ നന്നായി ഭയക്കുന്നുണ്ട്. വേഗമേറിയ നീക്കങ്ങൾക്കു പുറമെ കളി ഗതിയെ എളുപ്പം മാറ്റിപ്പിടിക്കാൻ കഴിയുന്നുവെന്നതും മാലിയുടെ പ്രത്യേകതയാണ്. ഇതുവരെ 15 ഗോളുകൾ നേടിക്കഴിഞ്ഞ മാലി ഒഴുക്കുള്ള അറ്റാക്കിങ്ങിലൂടെയാണ് കാര്യങ്ങൾ അനുകൂലമാക്കിയെടുക്കുന്നത്. മധ്യനിരയിലൂടെ നീക്കങ്ങൾക്ക് ഇഴനെയ്യുന്ന മാലിക്ക് എതിരാളികളുടെ പൊസഷൻ ഗെയിമിനിടക്ക് കളി മെനയാൻ കൂടുതൽ സ്പേസ് സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടിവരും. അഞ്ചു ഗോൾ നേടിയ ലസാനെ എൻഡിയെ ആയിരിക്കും യൂറോപ്യൻ ചാമ്പ്യന്മാരുടെ നോട്ടപ്പുള്ളി.
ഇടറാത്ത ചങ്കുറപ്പാണ് ഫുട്ബാളിൽ ബ്രസീലിെൻറ മുഖമുദ്രയെന്നത് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടതായിരുന്നു സാൾട്ട്ലേക്കിലെ അവസാന ക്വാർട്ടർ ഫൈനൽ മത്സരം. പെനാൽറ്റി ഗോളിൽ മത്സരത്തിെൻറ തുടക്കത്തിലേ മുന്നിലെത്തിയ ജർമനിക്കെതിരെ അത്യുജ്ജ്വലമായി തിരിച്ചടിച്ച ബ്രസീൽ സാധ്യതയിൽ മുമ്പന്മാരെന്ന വിശേഷണത്തിനൊത്ത രീതിയിൽ പൊരുതിക്കയറുകയായിരുന്നു. ആദ്യ കളിയിൽ സ്പെയിനിനെ 2-1ന് കീഴടക്കിയ മത്സരത്തിൽ വഴങ്ങിയ ഗോളിനുശേഷം മഞ്ഞപ്പടയുടെ വലയിൽ മറ്റൊരു ഗോളെത്തിയത് ക്വാർട്ടർ ഫൈനലിൽ. സ്പെയിനിനെതിരെയെന്നപോലെ ഗോൾവഴങ്ങിയ ശേഷം തന്ത്രങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ വരുത്തിയ ബ്രസീൽ ചിന്തകൾക്കൊത്തുതന്നെ പന്തുതട്ടി. വെവേഴ്സണിനെ പകരക്കാരനായിറക്കി കളി മുറുക്കിയ കാനറികൾ ജർമനിയെ സമ്മർദത്തിലാക്കാൻ വിങ്ങുകൾ ഫലപ്രദമായി ഉപയോഗിച്ചു. ലെഫ്റ്റ്, റൈറ്റ് ബാക്കുകളെ കുറെക്കൂടി മധ്യനിരയിലേക്ക് കയറ്റിനിർത്തിയതിനൊപ്പം വിങ്ങർമാരെ എതിർഹാഫിലേക്ക് കൂടുതൽ കയറിക്കളിക്കാൻ നിയോഗിച്ചു. ഇതോടൊപ്പം സ്ട്രൈക്കർമാർ ജർമൻ മതിലിെൻറ വശംചേർന്ന് കയറിയെത്തിയതോടെ കാര്യങ്ങൾ ബ്രസീലിെൻറ വഴിക്കുവരുകയായിരുന്നു. ഗുവാഹതിയിൽ ഇംഗ്ലണ്ടിനെതിരെ കളിക്കേണ്ടിയിരുന്ന സെമിഫൈനൽ, ഗ്രൗണ്ടിെൻറ പരിതാപാവസ്ഥ കാരണം കൊൽക്കത്തയിലേക്ക് മാറ്റിയത് ബ്രസീലിന് ആവേശം പകരുന്നുണ്ട്.
കളിയുടെ പ്രയോക്താക്കളുടെ പുതുതലമുറ ഇൗ കൗമാര ലോകകപ്പിൽ സമ്മോഹന ഫുട്ബാൾ കാഴ്ചവെച്ച നിരയാണ്. അമേരിക്കയെ 4-1ന് ക്വാർട്ടറിൽ തകർത്തുവിട്ട ഇംഗ്ലണ്ടിനെ കവച്ചുവെക്കാൻ കളിമികവിെൻറ പരമാവധി പുറത്തെടുക്കേണ്ടിവരും ബ്രസീലിന്. യൂറോപ്യൻ ചാമ്പ്യൻഷിപ് ഫൈനലിൽ ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് സ്പെയിനിനു മുന്നിൽ മുട്ടുകുത്തിയത്. സൂപ്പർ സ്ട്രൈക്കർ ജാഡൺ സാഞ്ചോയുടെ അഭാവത്തിലും ഇംഗ്ലണ്ട് പുറത്തെടുക്കുന്ന ഒത്തിണക്കവും അവസരോചിത നീക്കങ്ങളും അഭിനന്ദനാർഹം. ഏറെ ആക്രമണാത്മകമായി കളിക്കുന്ന അമേരിക്കക്കെതിരെ ഇംഗ്ലണ്ട് മൂർച്ചയേറിയ മുന്നേറ്റങ്ങൾ ചമച്ച രീതി ബ്രസീലിന് ശക്തമായ മുന്നറിയിപ്പാണ്. ഹാട്രിക് നേടിയ ലിവർപൂൾ താരം റിയാൻ ബ്രൂസ്റ്റർ കത്രികപ്പൂട്ടുകൾ പൊട്ടിച്ചുകയറാൻ മിടുക്കനാണെന്നു തെളിയിച്ചുകഴിഞ്ഞു. എന്നാൽ, ജപ്പാനെതിരെ പ്രീക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ടിന് കടന്നുകൂടാനായത്. ഇംഗ്ലണ്ട് ഡിഫൻസ് ആടിയുലഞ്ഞ പഴുതുകളിലാവും മഞ്ഞപ്പടയുടെ നോട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.