കിതപ്പറിയാതെ കായിക ലോകം
text_fieldsലോക കായിക ഭൂപടത്തിൽ ഇന്ത്യ കൂടുതൽ കരുത്തോടെ കാലുറപ്പിക്കുന്നതിെൻറ പ്രത്യാശാനിർഭരമായ സൂചനകൾ നൽകിയാണ് 2017 പടിയിറങ്ങുന്നത്. സമീപകാലത്തായി ക്രിക്കറ്റിൽ മാത്രം ഒതുങ്ങിയിരുന്ന പെരുമ ഫുട്ബാളിലും ഷട്ടിലിലും എത്തിപ്പിടിക്കുന്ന ഇന്ത്യയെയാണ് കഴിഞ്ഞ വർഷം കണ്ടത്. ലോക കായിക ഭൂപടത്തിലും സംഭവങ്ങളുടെ ബാഹുല്യമായിരുന്നു പിന്നിട്ട വർഷത്തിൽ.
നേട്ടങ്ങളുടെ ക്രിക്കറ്റ് പിച്ച്
വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയെ തകർത്തു ഇംഗ്ലണ്ടായിരുന്നു സ്വന്തമാക്കിയത്. ഭാഗ്യക്കേടിൽ തട്ടി കപ്പ് കൈവിട്ടെങ്കിലും മിഥാലി രാജ് നയിച്ച ഇന്ത്യൻ വനിതകളുടെ പ്രകടനം ക്രിക്കറ്റ് ലോകത്തിെൻറ പ്രശംസ പിടിച്ചുപറ്റി. ക്രിക്കറ്റ് ലോകത്ത് ഇന്ത്യൻ പുരുഷ ടീം ഉയരങ്ങൾ കീഴടക്കിയ വർഷമാണ് കടന്നുപോകുന്നത്. വിരാട് കോഹ്ലിക്ക് കീഴിൽ നീലക്കുപ്പായത്തിൽ കളിക്കുന്നവരെല്ലാം ഒന്നിനൊന്നു മികച്ചവർ. ശുഭകരമായ ഭാവിയാണ് ഇന്ത്യൻ ക്രിക്കറ്റിനെന്ന് ഉറപ്പിക്കുന്നതായിരുന്നു പോയവർഷത്തെ പ്രകടനങ്ങൾ.
വിരാട് കോഹ്ലി, രോഹിത് ശർമ്മ, ചേത്വേശ്വർ പൂജാര, അശ്വിൻ, ജഡേജ എന്നിവർക്ക് വ്യക്തിപരമായി തിളങ്ങാൻ പറ്റിയ വർഷമായിരുന്നു ഇത്. പുണെയെ ഒരു റൺസിന് തോൽപിച്ച് മുംബൈയെ ഐ.പി.എൽ ചാമ്പ്യന്മാരാക്കിയും ഏകദിനത്തിലെ ഡബിൾ സെഞ്ച്വറികളിൽ റെക്കോർഡ് നേട്ടം കൈവരിച്ചതും 35 പന്തിൽ 100 അടിച്ചെടുത്തും രോഹിത് ശർമ്മ 2017 തൻെറ വർഷമാക്കി. അതീവ ഫോമിലായിരുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി വിസ്ഡൻ ക്രിക്കറ്ററായി തെരഞ്ഞടുക്കപ്പെട്ടത് പോയവർഷമാണ്. ഇന്ത്യയെ 180 റൺസിന് തോൽപിച്ച് ചാമ്പ്യൻസ് ട്രോഫി കിരീടം ചരിത്രത്തിലാദ്യമായി പാകിസ്താൻ സ്വന്തമാക്കിയപ്പോൾ ബ്ലൈൻഡ് ട്വന്‍റി20 ലോകകപ്പിൽ പാകിസ്താനെ തോൽപിച്ച് ഇന്ത്യ ജേതാക്കളായി.
കുംെബ്ല ബൗൾഡ്
ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള ഭിന്നത കോച്ച് അനിൽകുംബ്ലെക്ക് പുറത്തേക്കുള്ള വഴി തുറന്നതും പോയ വർഷമായിരുന്നു. ഭിന്നത മൂർഛിച്ച് കുംബ്ലെയില്ലാതെ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിലേക്ക് പോയി. പുതിയ പരീശീലക സ്ഥാനത്തേക്ക് രവിശാസ്ത്രി എത്തിയപ്പോൾ അത് കോഹ്ലിയുടെ വിജയവും ഗാംഗുലിയുടെ പരാജയവുമായി വിലയിരുത്തപ്പെട്ടു. കോച്ചാവാൻ അപേക്ഷ നൽകിയ സെവാഗ് അപമാനിക്കപ്പെടുകയും ചെയ്തു. കോഹ്ലിയുമായി ഒത്തുപോകാൻ സാധിക്കാത്തത് രാജിക്കിടയാക്കിയെന്ന്- കുംബ്ലെ തന്നെ പിന്നീട് വ്യക്തമാക്കി. ക്രിക്കറ്റിനെ ജനകീയമാക്കാനായി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഏകദിന ലീഗ് എന്നിവക്ക് ഐ.സി.സി അംഗീകാരം നൽകിയതും ബി.സി.സി.ഐയും ഐ.സി.സിയും തമ്മിൽ വരുമാനം വീതം വെക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായതും പിന്നീട് ഒത്തുതീർപ്പിലെത്തുന്നതും 2017ൽ കണ്ടു. ചിരവൈരികളായ ഇംഗ്ലണ്ടിനെ തുരത്തി ആഷസ് പരമ്പര ആസ്ട്രേലിയ സ്വന്തമാക്കി.
നീതി നിഷേധിക്കപ്പെട്ട ശ്രീശാന്തും ചിത്രയും
ബി.സി.സി.ഐക്ക് കനത്ത തിരിച്ചടി നൽകി ശ്രീശാന്തിൻെറ ആജീവനാന്ത വിലക്ക് കേരളാ ഹൈകോടതി നീക്കിയതും ക്രിക്കറ്റിലേക്ക് ശ്രീ തിരിച്ചുവരവ് പ്രഖ്യാപിച്ചതും വാർത്തയായി. അച്ചടക്കനടപടിയിൽ അമിതാവേശം വേണ്ടെന്ന് ബി.സി.സി.െഎക്ക് ഹൈകോടതി താക്കീത് നൽകുകയും ശ്രീശാന്ത് നമ്മുടെ പയ്യനെന്ന് കെ.സി.എ പിന്തുണക്കുകയും ചെയ്തെങ്കിലും ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. വേണ്ടി വന്നാല്‍ മറ്റൊരു രാജ്യത്തിനായി കളിക്കുമെന്ന് ശ്രീശാന്തിന് പറയേണ്ട അവസ്ഥയുണ്ടായി.
മലയാളി അത്ലറ്റ് പി.യു ചിത്രക്ക് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ടിക്കറ്റ് നിഷേധിച്ചത് വൻ വിവാദമായി.ചിത്രയെ പെങ്കടുപ്പിക്കണെന്ന് ഹൈകോടതി ഉത്തരവുണ്ടാവുകയും അത്ലറ്റിക് ഫെഡറേഷനും പി.ടി ഉഷയുമടക്കമുള്ളവർ പ്രതിസ്ഥാനത്താവുകയും ചെയ്തു. ഏഷ്യൻ ഇൻഡോർ ഗെയിംസിൽ സ്വർണം നേടിയായിരുന്നു ഒടുവിൽ ചിത്രയുടെ പ്രതികാരംപരിശീലക സ്ഥാനത്തെത്തിയ ഡേവ് വാട്ട്മോറിന് കീഴിൽ ചരിത്രജയങ്ങൾ സ്വന്തമാക്കി കേരള ക്രിക്കറ്റ് ടീം യശസ്സ് ഉയർത്തി. രഞ്ജിയിൽ ചരിത്ര വിജയവുമായി കേരളം ക്വാർട്ടറിലെത്തി.
ഇന്ത്യ- ന്യൂസിലൻഡ് പരമ്പരയിലെ അവസാന ട്വൻറി20ക്ക് ആതിഥ്യം വഹിച്ച് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അരങ്ങേറ്റം കുറിച്ചു. ബി.സി.സി.െഎയുടെ 50ാം ക്രിക്കറ്റ് വേദിയാണ് സ്പോർട്സ് ഹബ്ബ്. ശ്രീലങ്കക്കെതിരായ ട്വന്‍റി-20 പരമ്പരയിൽ മലയാളി താരം ബേസില്‍ തമ്പിയെ ഇന്ത്യന്‍ ടീമിലേക്ക് വിളിച്ചെങ്കിലും കളിക്കാനിറക്കിയില്ല.
നെയ്മറിൻെറ കൂടുമാറ്റം; ക്രിസ്റ്റ്യാനോയുടെ വർഷം
എം.എസ്.എൻ എന്ന ബാഴ്സ ബ്രാൻഡിനെ ഇല്ലാതാക്കി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പെട്ടൊന്നൊരുനാൾ പി.എസ്.ജിയിലേക്ക് ട്രാൻസ്ഫർ വാങ്ങിയത് കായികലോകത്തെ ശരിക്കും ഞെട്ടിച്ചു. റെക്കോർഡ് തുകക്ക് പി.എസ്.ജിയുമായി അഞ്ചു വർഷ കരാർ ഒപ്പിട്ട സൂപ്പർതാരവും ബാഴ്സ അധികൃതരുമായി വാക്ക് തർക്കവും ഉണ്ടായി. മെസ്സിയുള്ളിടത്തോളം ബാഴ്സയിൽ രണ്ടാം സ്ഥാനമാണുള്ളതെന്ന് തിരിച്ചറിഞ്ഞ് പാരീസിലെത്തിയ നെയ്മറിന് കവാനിയടക്കമുള്ളവരിൽ നിന്ന് പ്രതീക്ഷിച്ച സ്വീകരണമല്ല ലഭിച്ചത്. എംബാപ്പെയും നെയ്മറിന് പിറകെ പാരീസിലെത്തിയിരുന്നു. ലാലീഗ കിരീടത്തിന് പുറമേ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുവൻറസിനെ വധിച്ച് (4-1) സിദാനും സംഘവും ഒരിക്കൽ കൂടി കരുത്ത് കാട്ടിയതും പോയ വർഷമാണ്. യൂറോപ്പിലെ മികച്ചതാരത്തിനുള്ള പുരസ്കാരത്തിനും ഫിഫയുടെ മികച്ച താരത്തിനുള്ള അവാർഡിനും ബാലൺ ഡി ഒാർ പുരസ്കാരത്തിനും ക്രിസ്റ്റ്യാനോ അർഹനായി.
എഫ്.എ കപ്പ് കിരീടം നേടിയ ആഴ്സനൽ യുനൈറ്റഡിനെ മറികടന്ന് കൂടുതൽ കിരീടം ചൂടിയവരെന്ന റെക്കോഡും സ്വന്തമാക്കി മോണകോ ഫ്രഞ്ച് ജേതാക്കളായപ്പോൾ കോപ ഇറ്റാലിയ യുവൻറസിന് തന്നെയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചെൽസി നേടിയപ്പോൾ ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയും ജർമനിയിൽ ബയേൺ 27ാം ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കി. പ്രീമിയർ ലീഗിൽ പുതിയ സീസണിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ തളക്കാനാവാതെ വമ്പന്മാർ വിയർക്കുകയാണ്. അതിനിടെ പെപിൻെറ കരാർ മൂന്നുവർഷം കൂടി സിറ്റി നീട്ടി.പുതിയ സീസണിൽ ലാലിഗയിൽ ബാഴ്സ കിരീടം ഉറപ്പിച്ച മട്ടാണ്.
അതേസമയം സ്പെയിനിൽ നിന്നും കാറ്റലോണിയക്ക് സ്വാതന്ത്ര്യം കിട്ടിയാൽ ലാ ലിഗ വിടുമെന്ന് ബാഴ്സ പ്രസിഡൻറ് ജോസഫ് മരിയ ബർേട്ടാമിയും സ്പെയിൻ ടീമിൽ നിന്നും വിരമിക്കാൻ സന്നദ്ധമെന്ന് -പിക്വെയും വരെ വെളിപ്പെടുത്തി. കാറ്റലോണിയ സ്വതന്ത്രമായാൽ ബാഴ്സലോണ ഇംഗ്ലണ്ടിലോ ഫ്രാൻസിലോ കളിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യൻ ഫുട്ബാൾ ലീഗായ െഎ ലീഗ് കിരീടത്തിൽ െഎസോളാണ് മുത്തമിട്ടത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കെട്ടിഘോഷിച്ച് പഴയ മാഞ്ചസ്റ്റർ പടയെ കളത്തിലിറക്കിയ കേരളാ ബ്ലാസ്റ്റേഴ്സ് ടൂർണമെൻറിൽ ഇതുവരെ പച്ചതൊട്ടിട്ടില്ല.
കണ്ണീരിെൻറ നനവോടെ ബോൾട്ടിൻെറ മടക്കം
വേഗമാനകങ്ങളെ ഒാടിത്തോൽപിച്ച് ഭൂമി കീഴടക്കിയ പൊൻകാലിനുടമ ബോൾട്ടിനെ തൻെറ കരിയറിലെ അവസാന മത്സരത്തിൽ കാത്ത് വെച്ചത് അപ്രതീക്ഷിതമായ വിടവാങ്ങലായിരുന്നു. അവസാന മൽസരത്തിൽ സ്വർണവുമായി വിട വാങ്ങാമെന്ന ഉസൈൻ ബോൾട്ടിെൻറ സ്വപ്നങ്ങൾ പൊലിഞ്ഞു. ലോക അത്ലറ്റിക്ക് മീറ്റിൽ 4X100 മീറ്റർ റിലേയിൽ അവസാന ലാപ്പിലോടിയ ബോൾട്ടിന് പേശിവലിവിനെ തുടർന്ന് മൽസരം പൂർത്തിയാക്കാനായില്ല. 50 മീറ്റർ ഒാട്ടം പൂർത്തിയാക്കിയുടൻ പേശിവലിവിനെ തുടർന്ന് വേഗം കുറച്ച ബോൾട്ട് വേദനകൊണ്ട് പുളഞ്ഞ് ഞൊണ്ടിച്ചാടി ട്രാക്കിലേക്കു വീണത് നൊമ്പരത്തോടെയാണ് കായികലോകം കണ്ടത്. പിന്നീട് മൽസരത്തിെൻറ ജയപരാജയങ്ങൾക്കുമപ്പുറം സ്റ്റേഡിയത്തിലെ മുഴുവൻ കണ്ണുകളും ഉസൈൻ ബോൾട്ട് എന്ന വേഗരാജാവിലായിരുന്നു. സ്പ്രിൻറ് ട്രാക്കിനെ വേഗംകൊണ്ട് വിസ്മയിപ്പിച്ച അതിശയക്കാരെൻറ സ്വപ്നസമാന കരിയറിന് ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ കണ്ണീരിെൻറ നനവും ആദരവിനാൽ അഭിമാനവുമായി തിരശ്ശീല വീണു. ഡയമണ്ട് ലീഗിലെ സ്വർണനേട്ടത്തോടെ ഇതിഹാസതാരം മുഹമ്മദ് ഫറയും ട്രാക്കിനോട് വിടപറഞ്ഞു.
പടിയിറക്കങ്ങൾ
റഷ്യൻ ലോകകപ്പിന് യോഗ്യത നേടാനാകാതെ ഇറ്റലിയുടെ ജിയാൻ ലൂയി ബഫണും ഹോളണ്ട് താരം ആര്യൻ റോബനും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചത് കായികലോകത്തിെൻറ നൊമ്പരങ്ങളായി. ബ്രസീലിയൻ താരം കക്ക, ആന്ദ്രേ പിര്‍ലോ, ഫിലിപ് ലാം, സാബി അലോൺസോ, ഫ്രാങ്ക് ലംപാര്‍ഡ് എന്നിവരും കളി മതിയാക്കിയത് ഈ വർഷമാണ്. മാഞ്ചസ്റ്ററിൻെറ സ്വന്തം വെയ്ൻ റൂണി എവർട്ടണിലേക്കും റയലിനോട് വിട പറഞ്ഞ് െപെപ തുർക്കി ക്ലബിലേക്കും വിടവാങ്ങിയതും പോയ വർഷം തന്നെ. കിങ്സ് കപ്പ് വിജയത്തോടെ എൻറിക്വെ ബാഴ്സയോട് വിട വാങ്ങുകയും വാൽവർഡേ പുതിയ കോച്ചാവുകയും ചെയ്തു. മൂന്നു പതിറ്റാണ്ടു വമ്പന്മാര്‍ക്ക് തന്ത്രം മെനഞ്ഞ ലൂയി വാന്‍ഗാല്‍ പരിശീലക വേഷമഴിച്ചു. പി.എസ്.ജിയോട് തോറ്റതിന് കോച്ച് ആഞ്ചലോട്ടിയെ ബയേൺ പുറത്താക്കുന്നതിനും 2017 വർഷം സാക്ഷിയായി. തോൽവികൾ തുടർക്കഥയായപ്പോൾ ചാമ്പ്യൻ കോച്ച് ഷേക്സ്പിയറെ ലെസ്റ്റർ സിറ്റിയും പുറത്താക്കി.
ക്രിക്കറ്റിൽ കരീബിയൻ മണ്ണിൽ പാകിസ്താന് ആദ്യ പരമ്പര ജയം നൽകി ചരിത്രം കുറിച്ച് മിസ്ബാഹുൽ ഹഖും യൂനുസ് ഖാനും പടിയിറങ്ങി. ജെ.പി. ഡുമിനി ടെസ്റ്റ് മതിയാക്കിയപ്പോൾ ആസ്േട്രലിയൻ ഒാൾ റൗണ്ടർ ജോൺ ഹേസ്റ്റിങ്സ് ഏകദിനം മതിയാക്കി. ഇന്ത്യയുടെ ആശിഷ് നെഹ്റ മികച്ച പ്രകടനത്തോടെ സ്വന്തം കാണികൾക്ക് മുന്നിൽ കളമൊഴിഞ്ഞു. അതേസമയം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ട് യുവതാരം സഫർ അൻസാരിയെന്ന 25കാരൻ സ്പിന്നർ വിരമിച്ചു. ദേശീയ ടീമിൽ ഇടംനേടി ആറു മാസം തികയുന്നതിനു മുമ്പ് ഉന്നത പഠനത്തിനായാണ് ക്രിക്കറ്റ് ഉപേക്ഷിച്ചത്.
സ്ലൊയേൻ സ്റ്റീവൻസ്: കോർട്ടിലെ റാണി
ടെന്നീസ് ലോകത്ത് വീനസിനെ കീഴടക്കി മുഗുരുസ വിംബ്ൾഡൺ കിരീടം നേടിയപ്പോൾ വാവ്റിങ്കയെ തകർത്തു പത്താം ഫ്രഞ്ച് ഒാപൺ കിരീടനേട്ടവുമായി നദാൽ ഏവരെയും വിസ്മയിപ്പിച്ചു. കെവിന്‍ ആന്‍ഡേഴ്സണെ തോല്‍പിച്ച് യു.എസ് ഓപ്പണിലും നദാൽ ജേതാവായി. ഫ്രഞ്ച് ഒാപണിൽ ലാത്വിയുടെ ജെലീന ഒസ്റ്റാപെേങ്കാ ജേതാവായതിനേക്കാൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു സീഡില്ലാ താരമായി യു.എസ് ഒാപ്പണിനെത്തി കിരീടത്തോടെ മടങ്ങിയ സ്ലൊയേൻ സ്റ്റീവൻസിൻെറ കഥ. 15 മാസത്തെ വിലക്കിനുശേഷം മരിയ ഷറപോവ കോർട്ടിൽ തിരികെയെത്തിയതും പോയ വർഷമായിരുന്നു. ലയണൽ മെസ്സിയുടെ മിന്നുകെട്ടും ഇറ്റലിയിൽ വെച്ച് നടന്ന ‘വിരുഷ്ക’ വിവാഹവും കായിക ലോകം ആഘോഷമാക്കി. ക്രിസ്റ്റ്യാനോക്ക് ഇരട്ടകൾ പിറന്നതും സെറീന വില്യംസും അലക്സിസ് ഒഹാനിയനും വിവാഹിതരായതും വാർത്തൾ സൃഷ്ടിച്ചു.പോയ വർഷത്തെ ഏറ്റവും മികച്ച അത്ലറ്റിനുള്ള പുരസ്കാരം മുതാസ് ഇൗസ ബർഷിമിനും നഫീസതു തിയാമുമാണ് സ്വന്തമാക്കിയത്.
ഇറ്റലിയിലെ മിലാനിൽ വിവാഹിതരായ ബോളിവുഡ് താരം അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും
വരുന്നത് ഇറ്റലിയില്ലാത്ത ഫുട്ബോള്‍ ലോകകപ്പ്
റഷ്യൻ ലോകകപ്പിലേക്കുള്ള കാൽവെയ്പിലാണ് കായികലോകം പുതുവർഷത്തെ വരവേൽക്കുന്നത്. 2018ല്‍ ഇറ്റലിയില്ലാത്ത ഫുട്ബോള്‍ ലോകകപ്പാണ് റഷ്യയിൽ നടക്കുന്ന്. ഒമ്പതിൽ ഒമ്പതും ജയിച്ച് ജർമനിയും തോൽവിയറിയാത്ത ഇംഗ്ലീഷ് പടയും റഷ്യൻ ലോകകപ്പിന് യോഗ്യത നേടിപ്പോൾ ഹോളണ്ടിന് ലോകകപ്പിന് യോഗ്യത നേടാനായില്ല. പോർച്ചുഗലും ഫ്രാൻസും പതിറ്റാണ്ടിനുശേഷം സൗദിയും 27 വർഷത്തിനുശേഷം ഇൗജിപ്തും ലോകകപ്പിന് എത്തും. മരണപോരാട്ടത്തില്‍ മെസ്സിയുടെ ഹാട്രിക്കിലാണ് ഇക്വഡോറിനെ തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പിനെത്തുന്നത്.ഉദ്ഘാടന മൽസരത്തിൽ റഷ്യക്ക് സൗദിഅറേബ്യയാണ് എതിരാളികൾ. തോൽവിക്ക് പിന്നാലെ ഇറ്റലി കോച്ച് ജിയാൻ വെൻഡൂറയെ പുറത്താക്കുകയും ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് രാജിവെക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നടന്ന ആദ്യ ഫിഫ കൗമാര ലോകകപ്പിൽ സ്പെയിനിനെ തരിപ്പണമാക്കി ഇംഗ്ലണ്ട് ജേതാക്കളായി. കെ.പി. രാഹുൽ എന്ന മലയാളി താരവും ഇന്ത്യൻ അണ്ടർ 17 ടീമിലുണ്ടായിരുന്നു. അണ്ടർ 20 ഫുട്ബാളും ഇംഗ്ലണ്ടായിരുന്നു ലോക ജേതാക്കൾ.
വിയോഗങ്ങൾ
- മുൻ ഇൗസ്റ്റ് ബംഗാൾ താരം സാേൻറാ മിത്ര
- കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റൻ മണി
- മുൻ ഇന്ത്യൻ ഫുട്ബാൾ താരം അഹ്മദ് ഖാൻ
- ഇന്ത്യയുടെ ആദ്യ ഒളിമ്പിക് നീന്തൽ താരം ഷംസേർ ഖാൻ
- വോളിബോള്‍ ദേശീയ ടീം മുന്‍ പരിശീലകന്‍ അച്യുതക്കുറുപ്പ്
- തുർക്കി ഭാരോദ്വഹന ഇതിഹാസം സുലൈമാൻ ഒഗ്ലു
- മുൻ വിമ്പിൾഡൺ ചാമ്പ്യൻ യാന നവോത്ന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.