സിക്സർ കിങ്; ഗെയിലിനെ മറികടന്ന പൂരാന് മുന്നിൽ വഴിമാറി ട്വന്റി 20യിലെ അതുല്യ റെക്കോഡ്
text_fieldsട്വന്റി 20 ക്രിക്കറ്റിലെ മറ്റൊരു അതുല്യ റെക്കോഡ് കൂടി സ്വന്തമാക്കി വെസ്റ്റിൻഡീസ് താരം നിക്കൊളാസ് പൂരാൻ. ഒരു വർഷം 150 സിക്സറുകളിലധികം നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സ്വന്തം പേരിലാക്കിയത്. 63 ഇന്നിങ്സുകളിൽനിന്ന് 151 സിക്സാണ് 2024ലെ സമ്പാദ്യം. സഹതാരമായിരുന്ന ക്രിസ് ഗെയിൽ 2015ൽ നേടിയ 135 സിക്സെന്ന റെക്കോഡ് പൂരാൻ നേരത്തെ മറികടന്നിരുന്നു. എന്നാൽ, വെറും 36 ഇന്നിങ്സിലായിരുന്നു ഗെയിലിന്റെ നേട്ടം.
കരീബിയൻ പ്രീമിയർ ലീഗിൽ (സി.പി.എൽ) ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന് (ടി.കെ.ആർ) വേണ്ടി കളിക്കുന്ന താരം തകർപ്പൻ ഫോമിലാണ്. സി.പി.എല്ലിലെ ഏഴ് ഇന്നിങ്സിൽ 275 റൺസ് നേടിയ പൂരാന്റെ ബാറ്റിൽനിന്ന് ഇതുവരെ 21 സിക്സറുകളാണ് പിറന്നത്. പാട്രിയോട്ട്സിനെതിരായ മത്സരത്തിൽ 194 റൺസിന്റെ വിജയലക്ഷ്യവുമായി ടി.കെ.ആറിനായി ഇറങ്ങിയ പൂരാൻ 43 പന്തിൽ 93 റൺസടിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുമ്പോൾ ഏഴ് സിക്സാണ് പറത്തിയത്.
15 റൺസ് കൂടി നേടിയാൽ ട്വന്റി 20യിൽ ഒരു വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടവും പൂരാനെ തേടിയെത്തും. 2021ൽ 48 ഇന്നിങ്സിൽ 2036 റൺസ് നേടിയ പാകിസ്താന്റെ മുഹമ്മദ് റിസ്‍വാനാണ് മുന്നിലുള്ളത്. 2022 റൺസാണ് പൂരാൻ ഇതുവരെ നേടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.