അവിശ്വസനീയം, അൻവർ...നിങ്ങളുടെ തിരിച്ചുവരവും ആ ഇടങ്കാലൻ ഹാഫ് വോളിയും
text_fieldsകൊൽക്കത്ത: എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്തുനിന്ന് പൊരുതിക്കയറി നേടിയ അവിശ്വസനീയ ഉയിർത്തെഴുന്നേൽപായിരുന്നു അത്...! കളിക്ക് ചൂടുപിടിക്കുംമുമ്പേ അൻവർ അലിയുടെ ബൂട്ടിൽനിന്ന് മൂളിപ്പറന്ന ഷോട്ട് ഹോങ്കോങ്ങിന്റെ വലക്കണ്ണികളിൽ മുത്തമിടുമ്പോൾ അത് അത്രമേൽ ഹൃദ്യമായ കാഴ്ചയായിരുന്നു. ഒരു കളിക്കാരൻ തന്റെ ദേശീയ ടീമിനുവേണ്ടി ഗോൾ നേടുന്നത് സവിശേഷമാണ്. എല്ലായ്പ്പോഴും അത് സംഭവിക്കാറുമുണ്ട്. എന്നാൽ, വലങ്കാലനായ ആ സെന്റർ ബാക്കിന്റെ ഇടങ്കാലൻ ഹാഫ് വോളി ഏഷ്യൻ കപ്പ് യോഗ്യതാ ഫുട്ബാളിൽ വലയുടെ ഉച്ചിയിലേക്ക് ഇരച്ചുകയറുമ്പോൾ അതിന് അനൽപമായ മധുരവും പ്രത്യേകതയുമുണ്ടായിരുന്നു.
നാലു വർഷം മുമ്പ് കളിയുടെ പോരിടങ്ങളിൽനിന്ന് ഹൃദയവ്യഥയോടെ ബൂട്ടഴിച്ച് കരക്കിരിക്കേണ്ടിവന്ന കളിക്കാരനാണ് സാൾട്ട്ലേക്ക് സ്റ്റേഡിയത്തിന്റെ പുൽപരപ്പിൽ ആവേശനിമിഷങ്ങൾക്ക് നടുവിൽ നിറഞ്ഞുനിന്നത്. ഹൃദയത്തിന് തകരാറുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് കളിയിൽനിന്ന് വിട്ടുനിൽക്കേണ്ടത് അനിവാര്യമെന്ന് ഡോക്ടർമാർ വിധിയെഴുതിയ കരിയറിൽ ഒരു തിരിച്ചുവരവു പ്രതീക്ഷിച്ചവർ വിരളമായിരുന്നു. എന്നാൽ, ജീവിതം തന്നെ ഫുട്ബാളാണെന്ന് കരുതി പന്തിനൊപ്പം പാഞ്ഞുനടന്ന ആ യുവാവ് വർധിത വീര്യത്തോടെ തിരിച്ചെത്തിയപ്പോൾ തോറ്റത് രോഗമായിരുന്നു.
ഇന്ത്യ ആതിഥ്യമരുളിയ അണ്ടർ 17 ലോകകപ്പിലാണ് അൻവർ അലി വരവറിയിച്ചത്. പിന്നാലെ ഇന്ത്യൻ ആരോസിലെ തകർപ്പൻ പ്രകടനം. പിന്നിൽ വിയർത്തുകളിച്ച് പ്രതിരോധമൊരുക്കുന്ന അൻവറിനെ ഐ.എസ്.എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റി സ്വന്തമാക്കുകയായിരുന്നു പിന്നെ. എന്നാൽ, വിധിയുടെ കളം അൻവറിന് കാത്തുവെച്ചത് മറ്റൊന്ന്. 2018ൽ ഗുരുതര ഹൃദയ വാൽവിനെ ബാധിക്കുന്ന ഹൈപർട്രോഫിക് മ്യോകാർഡിയോപതി (ഹൃദയ വാൽവുകൾ അനിയന്ത്രിതമായി കട്ടി കൂടുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്ന രോഗം) ബാധിതനാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ കണ്ണീരുമായി കളത്തിന് പുറത്തേക്ക്.
അതോടെ കളിയിൽനിന്ന് മാറിനിൽക്കണമെന്ന് ഡോക്ടർമാരുടെ നിർദേശം. താരത്തിന്റെ രോഗാവസ്ഥ മാനിച്ച് പരിശീലനത്തിൽ ഏർപ്പെടുന്നതിന് പോലും വിലക്ക്. ജീവനായിക്കരുതിയ പന്ത് തട്ടാതെ രണ്ട് വർഷത്തോളം അൻവർ ജീവിച്ചു. പഞ്ചാബിലെയും ഹിമാചലിലെയും അധികം അറിയപ്പടാത്ത സംസ്ഥാന ലീഗുകളിലൂടെ 2021ന്റെ തുടക്കത്തിൽ വീണ്ടും കളത്തിലേക്ക്. പിന്നാലെ ഡ്യൂറൻഡ് കപ്പിൽ ഡൽഹി എഫ്.സിയുടെ ജഴ്സിയണിഞ്ഞു. ഒടുവിൽ എഫ്.സി ഗോവയിലുടെ 2022 ജനുവരിയിൽ വീണ്ടും ഐ.എസ്.എല്ലിൽ. കളിയിൽ തിളക്കം പതിയെ തിരിച്ചുവന്നു. സീസണിലെ രണ്ടാംപാദത്തിൽ പത്തു മത്സരങ്ങളിലും മുഴുവൻ സമയം കളത്തിലിറങ്ങി.
എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇഗോർ സ്റ്റിമാക് ടീമിൽ ഉൾപെടുത്തിയപ്പോൾ നീലക്കുപ്പായത്തിൽ അവിശ്വസനീയ തിരിച്ചുവരവായിരുന്നു അത്. മൂന്നു സന്നാഹ മത്സരങ്ങളിൽ ഉജ്വലമായി പന്തുതട്ടി. കംബോഡിയക്കെതിരെയും അഫ്‌ഗാനിസ്ഥാനെതിരെയും ആദ്യ മത്സരങ്ങളിൽ മികച്ച കളി കെട്ടഴിച്ചു. ഒടുവിൽ ഹോങ്കോങ്ങിനെതിരായ അവസാന ഗ്രൂപ് മത്സരത്തിന്റെ തുടക്കത്തിൽതന്നെ ഗോൾ നേടി.
പെനാൽറ്റി ബോക്സിനുള്ളിലെ ആ അർധാവസരത്തിൽ അൻവർ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചപ്പോൾ അതു വേറിട്ടുനിന്നത് ഗോൾസ്കോററുടെ പേരിനാലായിരുന്നു. മികച്ച കഥകൾക്ക് അലങ്കാരത്തിന്റെ അകമ്പടി വേണ്ടെന്നാണ് പക്ഷം. മോടിപിടിപ്പിച്ച വിശേഷണങ്ങളും ആവശ്യമില്ല. ആ ധൈര്യം, ഇച്ഛാശക്തി, പോരാട്ടവീര്യം...അതെല്ലാം അവർക്കുവേണ്ടി ശബ്ദിക്കും. അൻവർ അലിയും ആ ഗോളും ആ അർഥത്തിൽ കാലങ്ങളോളം ഇന്ത്യൻ ഫുട്ബാളിനെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.