അൻവർ അലിയുടെ സസ്പെൻഷൻ പിൻവലിക്കും; വിഷയം നാളെ പരിഗണിക്കുമെന്ന് ഫുട്ബാൾ ഫെഡറേഷൻ കോടതിയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ താരം അൻവർ അലിക്ക് നാല് മാസത്തെ വിലക്കേർപ്പെടുത്തിയ നടപടി പിൻവലിക്കുമെന്ന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഡൽഹി ഹൈകോടതിയെ അറിയിച്ചു. ഫെഡറേഷന് കീഴിലെ െപ്ലയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റി (പി.എസ്.സി) ഏർപ്പെടുത്തിയ വിലക്കിനും പിഴക്കുമെതിരെ അൻവർ അലിയും നിലവിലെ ക്ലബ് ഈസ്റ്റ് ബംഗാളും മാതൃക്ലബ് ഡൽഹി എഫ്.സിയും ചേർന്ന് നൽകിയ ഹരജി പരിഗണിക്കവെയാണ് എ.ഐ.എഫ്.എഫ് അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്. വിഷയം സമിതി ശനിയാഴ്ച വീണ്ടും പരിഗണിക്കുമെന്നും പുന:പരിശോധിക്കുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഡൽഹി എഫ്.സിയിൽനിന്ന് ലോണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലെത്തിയ താരം അവരുമായുള്ള നാലുവർഷത്തെ കരാർ ലംഘിച്ച് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെയാണ് ഇന്ത്യൻ ഫുട്ബാൾ ടീമിലെ പ്രതിരോധ താരം കൂടിയായ അൻവർ അലിയെ നാല് മാസത്തേക്ക് വിലക്കാനിടയാക്കിയത്. അൻവർ അലിയും മാതൃക്ലബ് ഡൽഹി എഫ്.സിയും നിലവിലെ ക്ലബ് ഈസ്റ്റ് ബംഗാളും ചേർന്ന് 12.90 കോടി രൂപ മോഹൻ ബഗാന് നഷ്ടപരിഹാരം നൽകണമെന്നും എ.ഐ.എഫ്.എഫ് െപ്ലയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റിയുടെ നിർദേശമുണ്ടായിരുന്നു. പിഴത്തുകയുടെ പകുതി അൻവർ അലി നൽകണമെന്നായിരുന്നു നിർദേശം. ഡൽഹി എഫ്.സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ പുതിയ താരങ്ങളെ എത്തിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു.
ഇന്ത്യൻ ഫുട്ബാൾ കണ്ട ഏറ്റവും വലിയ ട്രാൻസ്ഫർ തുകകളിലൊന്നായ 24 കോടിക്കാണ് അൻവർ അലി ഈസ്റ്റ് ബംഗാളിലെത്തിയത്. മാസങ്ങളോളം ഈ ട്രാൻസ്ഫർ ഫുട്ബാൾ വൃത്തങ്ങളിൽ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഈസ്റ്റ് ബംഗാളുമായി അഞ്ച് വർഷത്തെ കരാറിലൂടെ മാതൃക്ലബായ ഡൽഹി എഫ്.സിക്ക് 2.5 കോടി രൂപ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.