പവർഫുള്ളാണ് അർച്ചന; പൊക്കിയെടുത്തത് റെക്കോഡ് നേട്ടം
text_fieldsകൊച്ചി: ചെറിയ പ്രായത്തിൽ അച്ഛൻ സുരേന്ദ്രന്‍റെ കൈ പിടിച്ചു നടക്കുമ്പോഴെല്ലാം വലിയ കളികളും കായികവിനോദങ്ങളുമായിരുന്നു അർച്ചനയുടെ മനസ്സിൽ. ഏറെ വൈകാതെ, ഷോട്ട്പുട്ടിലേക്കും അത്ലറ്റിക്സിലേക്കുമിറങ്ങി അവൾ കായികലോകത്ത് പിച്ചവെക്കാൻ തുടങ്ങി. പിന്നീട് കരാട്ടേ ബ്ലാക്ബെൽറ്റിലേക്ക് വഴിമാറി, പവർലിഫ്റ്റിങിലൂടെ മുന്നേറി. ഇന്നിതാ ആ യാത്ര നാഷനൽ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോഡോടെ സ്വർണമെഡൽ നേട്ടത്തിലെത്തി.
ആലപ്പുഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ 84 പ്ലസ് ഇനത്തിലാണ് അർച്ചന സുരേന്ദ്രൻ മിന്നും വിജയം കൊയ്തത്. അതിനു മുമ്പു കിട്ടിയ അംഗീകാരങ്ങളും വിജയങ്ങളും വേറെയുമുണ്ട്.
കസഖ്സ്താനിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മൂന്ന് വെങ്കലം, ഒരു വെള്ളി, നാഷനൽ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ റെക്കോഡ് നേട്ടം, സംസ്ഥാന മത്സരത്തിൽ സ്ട്രോങ് വിമൻ പട്ടം തുടങ്ങിയവ 2019ൽ മാത്രം സ്വന്തമാക്കിയ നേട്ടങ്ങളാണ്. അതേ വർഷം കോമൺവെൽത്തിൽ പങ്കെടുക്കാനാവസരം കിട്ടിയെങ്കിലും പലകാരണങ്ങളാൽ അതും നഷ്ടമായി. 2018ൽ മംഗോളിയയിൽ നടന്ന ചാമ്പ്യൻഷിപ്പിലും ദേശീയ മത്സരത്തിലും വെള്ളിത്തിളക്കം സ്വന്തമാക്കി. വേൾഡ് ഗെയിംസിൽ പങ്കെടുക്കുകയാണ് തേവര സേക്രഡ് ഹാർട്ട് കോളജിലെ രണ്ടാം വർഷ സോഷ്യോളജി വിദ്യാർഥിനിയായ അർച്ചനയുടെ ആഗ്രഹം.കാക്കനാട് അത്താണിക്കടുത്താണ് വീട്. ഓട്ടോ ഡ്രൈവറായ സുരേന്ദ്രനും വീട്ടമ്മയായ സന്ധ്യയും ചേച്ചി അശ്വതിയും അധ്യാപകരും സുഹൃത്തുക്കളുമെല്ലാമാണ് സ്വപ്നയാത്രയിൽ അർച്ചനക്ക് പ്രോത്സാഹനവും ഊർജവും പകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.