സാമ്പത്തിക ലാഭമില്ല; കായിക രംഗം ഉപേക്ഷിച്ച് ഇന്ത്യൻ ഒളിമ്പിക് താരം
text_fieldsന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിൽ കടന്ന് ചരിത്രം കുറിച്ച ടേബിൾ ടെന്നീസ് ടീമിന്റെ ഭാഗമായിരുന്ന അർച്ചന കാമത്ത് കായിക രംഗം ഉപേക്ഷിച്ച് ഉപരിപഠനത്തിനായി യു.എസിലേക്ക്. മികച്ച ഫോമിലായിരുന്ന അർച്ചന ഇന്ത്യയുടെ ഭാവിയിലെ മെഡൽ പ്രതീക്ഷയുള്ള താരമായിരുന്നു.
ടേബിൾ ടെന്നീസിൽ തുടരുന്നത് കൊണ്ട് വലിയ സാമ്പത്തിക നേട്ടമൊന്നുമുണ്ടാകില്ലെന്ന തിരിച്ചറിവാണ് ഈ 24കാരിയെ കായിക രംഗം വിടാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. തീരുമാനം അർച്ചന പരിശീലകൻ അൻഷുൽ ഗാർഗിനെ അറിയിക്കുകയും ചെയ്തു. ഗാർഗുമായി നടത്തിയ ചർച്ചക്കു ശേഷമാണ് അർച്ചന വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
പാരിസ് ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിൽ എത്തിയ ഇന്ത്യൻ ടീം ജർമനിയോട് പരാജയപ്പെടുകയായിരുന്നു. ടീമിൽ മികച്ച പ്രകടനമായിരുന്നു അർച്ചനയുടേത്. അർച്ചനക്ക് മാത്രമാണ് ഒരു മത്സരം ജയിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ രണ്ടുമാസമായി അർച്ചന മികച്ച ഫോമിലായിരുന്നുവെന്നും എന്നാൽ അവർ കളംവിടാൻ തീരുമാനിച്ചതായി അറിഞ്ഞുവെന്നും ഗാർഗ് പ്രതികരിച്ചു.
തീരുമാനം എടുത്തുകഴിഞ്ഞാൽ പിന്നെ മനസ് മാറ്റാൻ പ്രയാസമാണെന്നും ഗാർഗ് കൂട്ടിച്ചേർത്തു. തന്റെ സഹോദരൻ നാസയിൽ ജോലി ചെയ്യുന്നുണ്ടെന്നും പഠനം തുടരാൻ പ്രചോദനം നൽകുകയാണെന്നും പഠിക്കാൻ താനും മിടുക്കിയാണെന്നും നേരത്തേ അർച്ചന പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.