കായിക അധ്യാപകർ കായിക മേഖലയെ കൊല്ലുന്നോ?
text_fieldsഎന്റെ കുട്ടികൾക്ക് നിങ്ങൾ സെലക്ഷൻ കൊടുക്കരുത്. കൊടുത്താൽ അവരെയും കൊണ്ട് ഞാൻ പോകേണ്ടിവരും. മാനന്തവാടി താലൂക്കിലെ ഒരു ഹൈസ്കൂളിലെ ഒരു പി.ടി അധ്യാപികയുടെ രഹസ്യമായ അപേക്ഷയായിരുന്നു അത്. ജില്ല ടീമിലേക്ക് വിദ്യാലയത്തിലെ കുട്ടികൾക്ക് സെലക്ഷൻ കിട്ടുമെന്നറിഞ്ഞിട്ടും അത് വേണ്ടെന്ന് വെക്കുന്ന അധ്യാപകരുമുണ്ട്. കൂടെനിന്ന് കുട്ടികളെ ചതിക്കുന്ന കായികമാണ് ജില്ലയിൽ ഒരു വശത്ത് നടക്കുന്നത്.
അധ്യാപകർ നിർബന്ധിത ക്ലസ്റ്റർ മീറ്റിങ്ങിന് പോയപ്പോൾ ആദിവാസി വിദ്യാർഥിനിക്ക് ജില്ല കായികമേളയിൽ അവസരം നഷ്ടപ്പെട്ടതും ഇത്തവണത്തെ വാർത്തയായിരുന്നു. വൈത്തിരി താലൂക്കിലെ കമ്പളക്കാട് കരിങ്കുറ്റിയിലെ വിദ്യാർഥിനിക്കാണ് അവസരം നഷ്ടപ്പെട്ടത്. വൈത്തിരി സബ് ജില്ലയിൽ ജൂനിയർ ഗേൾസ് ജാവലിൻ ത്രോയിൽ വിജയം നേടി ജില്ല കായികമേളയെ പ്രതീക്ഷയോടെയാണ് അവൾ കണ്ടത്. മേളക്ക് പങ്കെടുക്കാൻ എല്ലാവിധ ഒരുക്കങ്ങളുമായി കാത്തിരുന്നെങ്കിലും കൂടെ വരാൻ അധ്യാപകർ ഇല്ലാത്തതിനാൽ നിരാശയായി ഹോസ്റ്റലിൽ ഇരിക്കേണ്ട അവസ്ഥയായി. ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനടക്കം മുഴുവൻ അധ്യാപകരും നിർബന്ധിത ക്ലസ്റ്റർ യോഗത്തിന് പോയതാണ് കായികതാരത്തിന് തിരിച്ചടിയായത്. ഇതുപോലുള്ള നിരവധി അനുഭവങ്ങൾ വയനാട്ടിലെ കായിക താരങ്ങൾക്കും അധ്യാപകർക്കും പറയാനുണ്ട്.
വിദ്യാലയത്തിൽ കായികമേള നടത്താതെ ജില്ല കായികമേളക്ക് കുട്ടികളെ പറഞ്ഞയക്കുന്ന വിദ്യാലയങ്ങളും നിരവധിയാണ്. കായിക അധ്യാപകർ അവർക്ക് തോന്നുന്നവരെ പറഞ്ഞയക്കുന്ന രീതിയാണ് നടക്കുന്നത്. മുൻ വർഷങ്ങളിൽ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച മീനങ്ങാടിയിലെ വിദ്യാലയം പോലും സ്കൂൾ തല കായികമേഖലക്ക് പ്രാധാന്യം നൽകിയില്ല എന്നതും കായിക അധ്യാപകരുടെ പിന്നാക്കംപോക്കിന് ഉദാഹരണമാണ്.
കായിക അധ്യാപകരുടെ താൽപര്യമില്ലായ്മയും അടിസ്ഥാന സൗകര്യമില്ലായ്മയും കൂടി ചേർന്ന് വയനാടൻ കായികം കാട്ടിക്കൂട്ടലായി മാറിയിട്ട് വർഷങ്ങളായി. കുറഞ്ഞ അധ്യാപകർ മാത്രമാണ് ആത്മാർത്ഥമായി എന്തെങ്കിലും ചെയ്യുന്നതെന്ന് വിദ്യാഭ്യാസ വകുപ്പിലെ അധികൃതരും രക്ഷിതാക്കളും സാമൂഹ്യപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. വൺ സ്കൂൾ വൺ ഗെയിം എന്ന ജില്ല പഞ്ചായത്തിന്റെ പദ്ധതിപോലും തുടക്കത്തിൽ പലരും ഏറ്റെടുക്കാൻ തയാറായില്ലെന്ന് പറയുന്നു. കഴിഞ്ഞ വർഷമാണ് പദ്ധതി തുടങ്ങുന്നത്. പദ്ധതി ആവിഷ്കരിച്ച ഉടൻ ഓരോ വിദ്യാലയവും ഓരോ ഗെയിം പ്രത്യേകമായി ആസൂത്രണം ചെയ്തു നടപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. പദ്ധതിക്ക് ആവശ്യമായ ഉപകരണങ്ങൾ ജില്ല പഞ്ചായത്ത് സൗജന്യമായി നൽകും. വിദ്യാലയങ്ങളിൽ നിന്നും ഇതിന്റെ പ്രോജക്ട് റിപ്പോർട്ട് ക്ഷണിച്ചപ്പോൾ സ്ഥിരം അധ്യാപകർ ആദ്യം പട്ടിക നൽകിയില്ല.
രണ്ടുമാസത്തിനുശേഷം മുഴുവൻ പി.ടി അധ്യാപകരെയും വിളിച്ച് വീണ്ടും മീറ്റിങ് നടത്തിയശേഷമാണ് പലരും പ്രോജക്ട് കൊടുക്കാൻ തയാറായത്. എന്നാൽ, പുതിയ അധ്യാപകരും എസ്.എസ്.കെയിലെ അധ്യാപകരും വളരെ ആവേശത്തോടെ ഈ പദ്ധതി ഏറ്റെടുക്കുകയും ചെയ്തു. പദ്ധതിയുടെ പ്രൊജക്റ്റ് ക്ഷണിച്ചപ്പോൾ ജില്ലയിലെ ഒരു പ്രമുഖ വിദ്യാലയത്തിലെ അധ്യാപകൻ നൽകിയ പ്രൊജക്റ്റ് സ്വിമ്മിംഗ് ആയിരുന്നു. നീന്തൽ പഠിപ്പിക്കാൻ വിദ്യാലയത്തിൽ കുളം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ കുളം കുഴിക്കണം എന്നായിരുന്നു മറുപടി. വിദ്യാലയത്തിൽ നീന്തൽക്കുളം നിർമിക്കാൻ കഴിയില്ല എന്ന് ഉറപ്പുണ്ടായിട്ടും സ്വിമ്മിംഗ് എന്ന പ്രോജക്ട് നൽകിയത് പദ്ധതി നടക്കരുത് എന്ന മനസ്സോടെയാണെന്ന് ജില്ല നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ വളരെ ആവേശത്തോടെ ഈ പദ്ധതി നടപ്പിലാക്കിയ വിദ്യാലയങ്ങളും ഉണ്ട്. വാളാട് എടത്തനയിലെ അധ്യാപകൻ ആവശ്യപ്പെട്ടത് ആർച്ചറി പരിശീലനത്തിനുള്ള ഉപകരണങ്ങൾ ആയിരുന്നു. ഇത് നടക്കുമോ എന്ന് ചോദിച്ചപ്പോൾ എന്റെ വിദ്യാലയത്തിൽ ഈ പരിശീലനത്തിന് ഏറ്റവും കൂടുതൽ വന്നത് ആദിവാസി കുട്ടികളാണെന്ന് മറുപടി. കുട്ടികൾക്ക് താൽപര്യമുള്ള വിഷയം എടുത്ത് അത് പഠിപ്പിക്കാൻ അധ്യാപകൻ കൂടെ രംഗത്തിറങ്ങുമ്പോൾ അതിന് പ്രതീക്ഷിച്ച വിജയം ലഭിക്കുമെന്ന് ആ അധ്യാപകൻ കാണിച്ചുകൊടുത്തു.
പെൺകുട്ടികളെ മാത്രം കൊണ്ടുവന്ന് മത്സരിപ്പിച്ചിട്ടാണ് കൽപറ്റ ജി.എം.ആർ.എസ് സ്കൂൾ ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയത്. കുട്ടികൾ വളരെ കുറഞ്ഞ വാളേരി സ്കൂളിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പടക്കം വിദ്യാർഥികളെ വിജയിപ്പിച്ചതും പി.ടി. അധ്യാപകന്റെ ആത്മാർഥതയാണ്. സൗകര്യപ്രദമായെ ഗ്രൗണ്ട് പോലുമില്ലാത്ത വാരാമ്പറ്റയിൽ നിന്നും ജില്ല കായികമേളക്ക് എത്തിയ ഏഴിൽ അഞ്ച് കുട്ടികളും ജേതാക്കളായാണ് എസ്.എസ്.കെ അധ്യാപകൻ മടങ്ങിയത്. നിർജീവമായ ഈ സംവിധാനത്തെ സജീവമാക്കുന്നതിനുള്ള ഇടപെടൽ ഉണ്ടായില്ലെങ്കിൽ കോടികൾ മുടക്കി സിന്തറ്റിക് ട്രാക്ക് അടക്കം സജ്ജീകരിച്ച നടപടികൾ ഫലം ലഭിക്കാതെ പോകും.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.