അർജുന ഓളത്തിൽ ‘ഗോൾഡൻ അക്വാമാൻ’
text_fieldsകോഴിക്കോട്: നീന്തൽക്കുളത്തിൽ രാജ്യത്തിനുവേണ്ടി സ്വർണപതക്കങ്ങളേറെ മുങ്ങിയെടുത്ത ഒളിമ്പ്യൻ സാജൻ പ്രകാശിന് മികച്ച കായിക താരത്തിനുള്ള അർജുന അവാർഡ് വൈകിക്കിട്ടിയ അംഗീകാരം. ഇന്ത്യയിലെ ഏറ്റവും മികച്ച നീന്തൽ താരമായി കുളംനിറഞ്ഞുനിന്ന സാജൻ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ സ്വന്തമാക്കിയിട്ടും അർജുന പുരസ്കാരം അകലെയായിരുന്നു.
ഒടുവിൽ ‘അർജുനനായി’ തെരഞ്ഞെടുക്കപ്പെട്ട ദിനത്തിലും അധികം ആഹ്ലാദ പ്രകടനങ്ങൾക്ക് സമയം ചെലവഴിക്കാതെ പരിശീലനത്തിന്റെ തിരക്കിലായിരുന്നു സാജൻ. ഈ മാസം ഉത്തരാഖണ്ഡിൽ തുടങ്ങുന്ന ദേശീയ ഗെയിംസാണ് ലക്ഷ്യം.
കർണാടക ബെല്ലാരിയിലെ ജെ.എസ്.ഡബ്ല്യു അക്കാദമിയിൽ രണ്ടു ദിവസം മുമ്പാണ് ഈ മലയാളി താരം എത്തിയത്. 2015ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിൽ ആറു സ്വർണവും മൂന്നു വെള്ളിയുമടക്കം ഒമ്പത് മെഡലുകൾ നേടിയാണ് സാജൻ ദേശീയ ശ്രദ്ധ നേടിയത്.
പിന്നീടുള്ള ദേശീയ ഗെയിംസുകളിലും മെഡലുകൾ സാജന്റെ വഴിക്കെത്തി. ദക്ഷിണേഷ്യൻ ഗെയിംസിലും ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിലും പതക്കം വാരി. ഒരുസമയത്ത് 12 ദേശീയ റെക്കോഡുകൾ സാജന്റെ പേരിലുണ്ടായിരുന്നു. റിയോ, ടോക്യോ ഒളിമ്പിക്സുകളിലും സാന്നിധ്യമറിയിച്ചു. ടോക്യോയിൽ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലേക്ക് സാജൻ യോഗ്യത നേടിയത്. ലോകനീന്തൽ ഫെഡറഷേനായ ‘ഫിന’യുടെ ‘എ’ ഒളിമ്പിക് യോഗ്യത സമയം കുറിച്ചായിരുന്നു.
അച്ചടക്കത്തോടെയുള്ള ജീവിതരീതികളും മുടങ്ങാതെയുള്ള പരിശീലനവും സ്ഥിരോത്സാഹവുംകൊണ്ട് ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്നതാണ് സാജനെ. മകനെ ഒറ്റക്ക് വളർത്തി അന്താരാഷ്ട്ര താരമായി ഉയർത്തി മാതാവ് വി.ജെ. ഷാന്റി മോൾക്കും പ്രദീപ് കുമാർ അടക്കമുള്ള പരിശീലകർക്കും അവകാശപ്പെട്ടതാണ് സാജന്റെ അർജുന നേട്ടം.
മുൻ അത്ലറ്റ് കൂടിയായ ഷാന്റി മോൾ തമിഴ്നാട്ടിലെ നെയ് വേലി ലിഗ്നൈറ്റ് കോർപറേഷനിൽ ഉദ്യോഗസ്ഥയാണ്. ലിഗ്നൈറ്റ് കോർപറേഷന്റെ നീന്തൽക്കുളത്തിന് സാജന്റെ പേരാണ് നൽകിയത്. 2016 മുതൽ അർജുന അവാർഡിനായി സാജനെ നീന്തൽ ഫെഡറേഷൻ ശിപാർശ ചെയ്യാറുണ്ടായിരുന്നു.
വർഷങ്ങൾക്കു ശേഷമാണ് ആ പരിഗണന യാഥാർഥ്യമായത്. 2015 ദേശീയ ഗെയിംസിൽ കേരളത്തിന് ഓവറോൾ കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഈ താരം നിലവിൽ കേരള പൊലീസിൽ അസി.കമാൻഡന്റാണ്. ജോലി കിട്ടിയ ശേഷം കായികരംഗത്തോട് വിടപറയുകയല്ല, കൂടുതൽ കരുത്തോടെ തുടരുകയാണ് ഈ താരം.
നീന്തൽ താരങ്ങൾ 30 വയസ്സിനുള്ളിൽ വിരമിക്കുന്നത് പതിവാണെങ്കിലും തുടക്കക്കാരന്റെ ആവേശവുമായി സാജൻ മുന്നോട്ട് പോവുകയാണ്. അർജുന അവാർഡ് സ്വന്തമാക്കുമ്പോഴും കേരളത്തിന്റെ അഭിമാന താരത്തിന് ഇതുവരെ കൈവരാത്ത ഒരു അംഗീകാരമുണ്ട്.
സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ജി.വി. രാജ അവാർഡിന് സാജനെ എല്ലാ വർഷവും അവഗണിക്കുകയാണ്. അവഗണനയിൽ മനംമടുക്കാതെയും അംഗീകാരങ്ങളിൽ മതിമറക്കാതെയും നിശ്ചയദാർഢ്യത്തോടെ ഓളപ്പരപ്പിൽ തുടരുകയാണ് സാജൻ, പുതിയ നേട്ടങ്ങൾക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.