പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെ വീഴ്ത്തി ആഴ്സണലിന് റെക്കോഡ്
text_fieldsടോട്ടൻഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെ എതിരില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തി ആഴ്സണൽ. ബ്രസീലിയൻ താരം ഗബ്രിയേൽ നേടിയ ഏക ഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ഫിനിഷിങ്ങിലെ പാളിച്ചകളാണ് ആതിഥേയർക്ക് തിരിച്ചടിയായത്. 15 ഷോട്ടുകളുതിർത്ത അവരുടെ അഞ്ച് ഷോട്ടുകളും ഗോൾവലക്ക് നേരെ നീങ്ങിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. മറുവശത്ത് ഏഴ് ഷോട്ടുകൾ തൊടുത്തുവിട്ട ഗണ്ണേഴ്സിന് ഒന്ന് വലയിലെത്തിക്കാനുമായി.
അഞ്ചാം മിനിറ്റിൽ തന്നെ ടോട്ടൻഹാം മികച്ച അവസരം തുറന്നെടുത്തിരുന്നു. എന്നാൽ, ദെജാൻ കുലുസേവ്സ്കിയുടെ ഷോട്ട് ആഴ്സണൽ ഗോൾകീപ്പർ ഡേവിഡ് റായ തട്ടിയൊഴിവാക്കി. മൂന്ന് മിനിറ്റിനകം മറ്റൊരു അവസരം കൂടി റായക്ക് മുമ്പിൽ നിഷ്പ്രഭമായി. 18ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ക്രോസിൽ കായ് ഹാവേർട്സ് ആഴ്സണലിനായി ഗോൾ നേടിയെന്ന് തോന്നിച്ചെങ്കിലും എതിർപ്രതിരോധ താരങ്ങൾ ഗോൾലൈനിൽ തടസ്സംനിന്നു. തൊട്ടുടനെ മാർട്ടിനെല്ലിക്കും മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ വികാരിയോ കൈയിലൊതുക്കി. തുടർന്നും അവസരങ്ങളൊരുക്കുന്നതിൽ ടോട്ടൻഹാമാണ് മുന്നിട്ടുനിന്നതെങ്കിലും വലകുലുങ്ങിയില്ല. ടോട്ടൻഹാം താരങ്ങൾ അഞ്ചും ആഴ്സണൽ രണ്ടും മഞ്ഞക്കാർഡുകളാണ് ആദ്യപകുതിയിൽ വാങ്ങിക്കൂട്ടിയത്. പ്രീമിയർ ലീഗ് മത്സരത്തിൽ ആദ്യ പകുതിയിലെ റെക്കോഡ് കൂടിയാണിത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും സ്പർശ് തന്നെ മികച്ച നീക്കങ്ങളുമായി മുന്നിട്ടുനിന്നു. എന്നാൽ, കളിയുടെ ഗതിക്ക് വിപരീതമായി 64ാം മിനിറ്റിൽ ഗണ്ണേഴ്സ് വെടിപൊട്ടിച്ചു. ബുകായോ സാകയെടുത്ത ഫ്രീകിക്കിൽ ഉയർന്നുചാടിയ ഗബ്രിയേൽ ടോട്ടൻഹാമിന്റെ പോസ്റ്റിൽ പന്തെത്തിക്കുകയായിരുന്നു. തിരിച്ചടിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിക്കാതിരുന്നതോടെ ആഴ്സണൽ നിർണായക ജയവും പിടിച്ചു. ജയത്തോടെ 1987-88 സീസണിന് ശേഷം ആദ്യമായി ടോട്ടൻഹാമിന്റെ ഹോം ഗ്രൗണ്ടിൽ മൂന്ന് മത്സരങ്ങൾ തുടർച്ചയായി ജയിച്ചെന്ന നേട്ടവും ആഴ്സണലിനെ തേടിയെത്തി.
ജയത്തോടെ നാല് മത്സരങ്ങളിൽ 10 പോയന്റുമായി ആഴ്സണൽ രണ്ടാം സ്ഥാനത്തേക്ക് കയറി. 12 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്. ഒമ്പത് പോയന്റുകൾ വീതമുള്ള ലിവർപൂളും ആസ്റ്റൻ വില്ലയുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.