നീരജ് ചോപ്രയെ അഭിനന്ദിച്ച് പാക് ജാവലിൻ താരം അർഷാദ് നദീം; ഇരുവരുടെയും ഫൈനൽ നാളെ
text_fieldsബുഡപെസ്റ്റ്: ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യൻ സൂപ്പർതാരം നീരജ് ചോപ്രയുടെ പ്രകടനത്തെ അഭിനന്ദിച്ച് എതിരാളിയും പാക് താരവുമായ അർഷാദ് നദീം.
ഞായറാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിനു മുന്നോടിയായി ചോപ്രക്ക് പാക് താരം വിജയാശംസകൾ നേർന്നു. ‘നീരജ് സഹോദരാ, നീ മികച്ച പ്രകടനം നടത്തുന്നു, ഞാനും മികച്ച പ്രകടനം നടത്തുന്നു. നീ ഇതിനകം തന്നെ ലോക പ്രശസ്തനാണ്. ഞാനും ലോക പ്രശസ്തനാകുമെന്ന് പ്രതീക്ഷിക്കുന്നു’ -നദീം പറഞ്ഞു.
ആദ്യ ശ്രമത്തിൽ 88.77 മീറ്റർ എന്ന വൻദൂരം താണ്ടിയാണ് ചോപ്ര യോഗ്യത കടമ്പ പിന്നിട്ട് ഫൈനലിലെത്തിയത്. ഒളിമ്പിക് സ്വർണം മാറോടുചേർത്ത് 2021 ടോക്യോ ഒളിമ്പിക്സിലേതിന് സമാനമായാണ് ഇത്തവണയും ചോപ്ര വരവറിയിച്ചത്. അന്ന് യോഗ്യത കടക്കാൻ 83.50 മീറ്റർ വേണ്ടിയിരുന്നത് ആദ്യ ശ്രമത്തിൽ 86.65 മീറ്റർ കടക്കുകയും ഒടുവിൽ ഫൈനലിൽ 87.58 മീറ്ററുമായി സുവർണതാരമാകുകയുമായിരുന്നു.
ചോപ്രക്കൊപ്പം ഇന്ത്യൻ താരങ്ങളായ ഡി.പി മനു (81.31മീറ്റർ), കിഷോർ ജെന (80.55 മീറ്റർ) എന്നിവരും ഫൈനലിലെത്തി.
2022ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേട്ടവുമായി അഭിമാനമായ 25കാരന് ഇത്തവണ സീസണിലെ ഏറ്റവും മികച്ച പ്രകടനമെന്നതിനൊപ്പം കരിയറിലെ നാലാമത്തെ മികച്ച ത്രോ കൂടിയായി. ഗ്രൂപ് എയിൽ ഒന്നാമനായാണ് യോഗ്യത ഘട്ടം പിന്നിട്ടത്.
അർഷാദ് നദീം സീസണിലെ മികച്ച ദൂരമായ 86.79 മീറ്റർ എറിഞ്ഞ് ഗ്രൂപ് ബിയിലെ ഒന്നാമനായാണ് ഫൈനലിന് ടിക്കറ്റെടുത്തത്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഒരുവർഷം നദീം കളത്തിൽനിന്ന് മാറിനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.