‘നായിക’ക്കല്ല്: 100 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബാളറാവാൻ ക്യാപ്റ്റൻ ആശാലത ദേവി ഇന്നിറങ്ങുന്നു
text_fieldsകാഠ്മണ്ഡു: ഇന്ത്യൻ ക്യാപ്റ്റൻ ആശാലത ദേവി ചരിത്രനേട്ടത്തിനരികെ. 100 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബാളറായി മാറുകയാണ് 31കാരി. കാഠ്മണ്ഡു ദശരഥ് രംഗശാല സ്റ്റേഡിയത്തിൽ വ്യാഴാഴ്ച പാകിസ്താനെതിരെ നടക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിലെ കളിയാണ് ആശയുടെ നൂറാം മത്സരം. 2011 മാർച്ച് 11ന് ധാക്കയിൽ ബംഗ്ലാദേശിനെതിരെ നടന്ന പ്രീ ഒളിമ്പിക്സ് ടൂർണമെന്റിലായിരുന്നു മണിപ്പൂർ സ്വദേശിനിയുടെ അരങ്ങേറ്റം. ഇന്ത്യൻ വനിത ലീഗിൽ ഗോകുലം കേരള എഫ്.സിയെ പ്രതിനിധാനം ചെയ്ത ഡിഫൻഡർ നിലവിൽ ഈസ്റ്റ് ബംഗാൾ താരമാണ്.
ഇംഫാലിൽ ജനിച്ച ആശ 13ാം വയസ്സിലാണ് ഫുട്ബാളിലെത്തുന്നത്. റെയിൽവേസ് താരമായായിരുന്നു തുടക്കം. 2015ൽ മാലദ്വീപിലെ ന്യൂ റേഡിയന്റ് ക്ലബിലെത്തി. പിന്നീട് റൈസിങ് സ്റ്റുഡന്റ് ക്ലബ് കട്ടക്ക്, ക്രിഫ്സ ഇംഫാൽ, സേതു മധുര, ഗോകുല കേരള തുടങ്ങിയവക്കായും കളിച്ചു. 2016ലും 19ലും ദക്ഷിണേഷ്യൻ ഗെയിംസ് സ്വർണം നേടിയ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. 2012, 14, 16, 19 വർഷങ്ങളിൽ തുടർച്ചയായി നാലുതവണ സാഫ് കപ്പുമുയർത്തി. 2018 -19ൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ മികച്ച താരമായി തെരഞ്ഞെടുത്തു. 2019ൽ എ.എഫ്.സിയുടെ മികച്ച വനിത താര പുരസ്കാരത്തിനായും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
പാകിസ്താനെതിരെ നൂറാം മത്സരം കളിക്കുമെന്നതിൽ ആവേശവും സന്തോഷവുമുണ്ടെങ്കിലും എല്ലാം ജയിച്ച് ട്രോഫി നാട്ടിലേക്ക് കൊണ്ടുപോകുന്നതിലായിരിക്കും ശ്രദ്ധയെന്ന് ആശാലത പറഞ്ഞു. നേപ്പാളിലേക്ക് വരാനുള്ള പ്രധാന സ്വപ്നവും പ്രേരണയും ഇതാണ്. ഇത് വളരെ പ്രധാനപ്പെട്ട ടൂർണമെന്റാണ്.
കഴിഞ്ഞ സാഫിൽ ഇതിനകംതന്നെ തിരിച്ചടി നേരിട്ടിരുന്നു, എന്നാൽ ഇത്തവണ അത് വ്യത്യസ്തമായിരിക്കും. ഇത് ആറാം തവണയാണ് താൻ സാഫിൽ കളിക്കുന്നത്. നാലുതവണ ചാമ്പ്യന്മാരായിരുന്നു. ഈ വർഷത്തെ കിരീടം നേടണമെന്നും അതിന്റെ പ്രാധാന്യം തങ്ങൾ സ്വയം തെളിയിക്കാൻ തീരുമാനിച്ചതായും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.