ഏഷ്യ റഗ്ബി ചാമ്പ്യൻഷിപ്: കിരീടം നേടിയ ഇന്ത്യൻ ടീമിൽ മഞ്ചേരി സ്വദേശിയും
text_fieldsമഞ്ചേരി: കൊൽക്കത്തയിൽ നടന്ന ഏഷ്യ റഗ്ബി ചാമ്പ്യൻഷിപ് ഡിവിഷൻ-മൂന്ന് സൗത്ത് കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായി മഞ്ചേരി സ്വദേശിയും. മുള്ളമ്പാറ സ്വദേശി എ.പി. ഫാഹിസാണ് (30) ഫിസിയോ തെറപ്പിസ്റ്റായി ടീമിലുണ്ടായിരുന്നത്. വെള്ളിയാഴ്ച ബംഗ്ലാദേശിനെ 82-0 എന്ന വലിയ മാർജിനിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ചാമ്പ്യൻഷിപ്പിൽ 86-0 എന്ന സ്കോറിന് നേപ്പാളിനെയും തോൽപിച്ചിരുന്നു.
കഴിഞ്ഞ രണ്ടുവർഷമായി ഫാഹിസ് ടീമിനൊപ്പമുണ്ട്. പരിക്ക് കൂടുതൽ പറ്റാൻ സാധ്യതയുള്ള മത്സരം കൂടിയാണ് റഗ്ബി. അതുകൊണ്ടുതന്നെ പരിക്കേൽക്കുന്ന താരത്തെ തിരിച്ച് വീണ്ടും മത്സരത്തിലേക്ക് എത്തിക്കാനുള്ള ദൗത്യമാണ് ഫാഹിസിനുള്ളത്. സ്പോർട്സ് ഫിസിയോ തെറപ്പിയിൽ ബിരുദാനന്ത ബിരുദമുള്ള ഫാഹിസ് ഡൽഹിയിൽനിന്നാണ് പഠനം പൂർത്തിയാക്കിയത്. ഫുട്ബാളിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഡ്യൂറൻറ് കപ്പ് നേടിയ ഗോകുലം കേരള ടീമിന്റെയും ഐ ലീഗ് ടീമായ മിനർവ പഞ്ചാബ് എഫ്.സി എന്നീ ക്ലബുകൾക്കൊപ്പവും പ്രവർത്തിച്ചിരുന്നു. പിന്നീട് റഗ്ബിയിലേക്ക് ചുവടുമാറ്റി. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിനിടെയാണ് റഗ്ബിയുടെ സാധ്യത തിരിച്ചറിഞ്ഞത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ഫിസിയോ തെറപ്പിസ്റ്റായി മാറുകയും ചെയ്തു.
മഞ്ചേരി ചാമ്പ്യൻസ്, പടിഞ്ഞാറ്റുമുറി സ്മാർട്ട് എന്നീ ഫിസിയോ തെറപ്പി സെൻററുകളിലും ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ ടീമിനൊപ്പം ലഭിക്കുന്ന അവസരവും ഉപയോഗപ്പെടുത്തും. മുള്ളമ്പാറ അടവംപുറത്ത് അലി-ആയിഷ നസ്റി ദമ്പതികളുടെ മകനാണ്. ഭാര്യ ആയിഷ തമന്ന. അദീല ഫർഹ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.