ചൈനയെ വീഴ്ത്തി ഇന്ത്യ അഞ്ചാമതും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാർ
text_fieldsബെയ്ജിങ്: ഹോക്കിയിൽ വൻകരയുടെ തമ്പുരാക്കന്മാരായി ഉടനൊന്നും മറ്റാരുമെത്താനില്ലെന്ന വിളംബരമായി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് അഞ്ചാം കിരീടം. അങ്കം കളത്തിലെങ്കിൽ കളിയേതായാലും ഒരു കൈ നോക്കാമെന്ന മനക്കരുത്തുമായി ആദ്യാവസാനം പൊരുതിയ ആതിഥേയരായ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് കടന്നാണ് ഇന്ത്യ കിരീടത്തുടർച്ചയിലേക്ക് ജയിച്ചുകയറിയത്. ആദ്യമൂന്ന് പാദങ്ങളും ഗോളൊഴിഞ്ഞ് നിൽക്കുകയും നിയന്ത്രണത്തിലും നീക്കങ്ങളിലും എതിരാളികൾ ഒപ്പം നിൽക്കുകയും ചെയ്ത കളിയിലായിരുന്നു പ്രതിരോധ താരം ജുഗ് രാജ് സിങ് നേടിയ ഫീൽഡ് ഗോളിൽ ഇന്ത്യയുടെ വിജയാഘോഷം. എല്ലാ മത്സരങ്ങളും ജയിച്ച് കിരീടമുയർത്തുകയെന്ന അപൂർവ നേട്ടം കൂടി ഇതോടെ ഇന്ത്യക്ക് സ്വന്തം. നേരത്തെ, വെങ്കല മെഡൽ പോരാട്ടത്തിൽ ദക്ഷിണ കൊറിയക്കെതിരെ 5-2ന്റെ ആധികാരിക ജയവുമായി പാകിസ്താൻ മൂന്നാമന്മാരായി.
ടൂർണമെന്റിലുടനീളം പുലർത്തിയ ആധിപത്യം കരുത്താകുമെന്ന തീർച്ചയോടെയായിരുന്നു ഷാങ്ഹായ് മോഖി ഹോക്കി മൈതാനത്ത് ഫൈനലിൽ ഇന്ത്യ ഇറങ്ങിയത്. മറുവശത്ത്, ആതിഥേയരെന്ന ആനുകൂല്യവുമായി ചൈനയും ഒപ്പം നിന്നുകളിച്ചു. ആക്രമണ ഹോക്കിയുടെ ചടുലത കണ്ട ആദ്യ പാദത്തിനുശേഷം ഇരുടീമും പ്രതിരോധം കൂടുതൽ ഭദ്രമാക്കിയപ്പോൾ ഗോൾ മാത്രം പിറന്നില്ല. ഇരുവശത്തും ഗോളിമാർ കൂടി മികവു കാട്ടിയത് ആകാംക്ഷക്ക് പിന്നെയും കനംകൂട്ടി. പ്രത്യാക്രമണങ്ങളായിരുന്നു ചൈനീസ് നിരയുടെ സവിശേഷത. 10ാം മിനിറ്റിൽ ഇന്ത്യക്കനുകൂലമായി ലഭിച്ച പെനാൽറ്റി കോർണർ അപായമണി മുഴക്കി. ക്യാപ്റ്റൻ ഹർമൻപ്രീതിന് പിഴച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞ് നീലാകാന്ത് ശർമയുടെ നീക്കം ചൈനീസ് ഗോളി വാങ്ങിന്റെ മിന്നും സേവിൽ അപകടമൊഴിവായി. വൈകാതെ ഇന്ത്യയും പെനാൽറ്റി കോർണർ വഴങ്ങി. കൊണ്ടും കൊടുത്തും കളി ഇരുവശത്തും പടർന്നുകയറിയപ്പോഴും ചൈന തീർത്ത പ്രതിരോധ മതിലിന് മുന്നിൽ വിലപ്പോയില്ല. ഇടക്ക് ആക്രമണം ചൈനീസ് താരങ്ങളുടെ സ്റ്റിക്കുകളിലേക്ക് മാറുന്നതും കണ്ടു. ഒടുവിൽ ഹർമൻപ്രീതിന്റെ മിന്നും നീക്കമാണ് എതിർവല കുലുക്കുന്നതിലെത്തിച്ചത്. അതിവേഗം ചൈനീസ് സർക്കിളിലേക്ക് ഇരച്ചുകയറിയ താരം ജുഗ് രാജിന് കൈമാറി. മുന്നിൽ കാര്യമായ തടസ്സങ്ങളില്ലാതെ നിന്ന ജുഗ് രാജ് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഗോളിയെ കയറ്റി അധികതാരത്തെ ഇറക്കി ചൈന കളിച്ചുനോക്കിയെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല.
സെമിയിൽ കൊറിയയെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം. പാകിസ്താനെ ഷൂട്ടൗട്ടിൽ കടന്ന് എത്തിയതായിരുന്നു അയൽക്കാരായ ചൈന. പാരിസ് ഒളിമ്പിക്സിൽ മെഡൽ നേട്ടവുമായി മടങ്ങിയ ശേഷം ആദ്യമായി ഒരു ടൂർണമെന്റിനിറങ്ങിയ ഇന്ത്യക്ക് കലാശപ്പോര് വരെയും എല്ലാം അനായാസമായിരുന്നു. ലീഗ് ഘട്ടത്തിൽ ഇതേ ചൈനക്കാരെ കാൽഡസൻ ഗോളുകൾക്ക് മുക്കിയ ടീം മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, പാകിസ്താൻ എന്നിവരെയും തോൽപിച്ച് അവസാന നാലുറപ്പിച്ചു. സെമിയിൽ കൊറിയ എതിരാളിയായി എത്തിയപ്പോൾ 4-1നായിരുന്നു ജയം. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കിത് ആറാം ഫൈനലാണ്. 2011, 2016, 2018 (പാകിസ്താനൊപ്പം സംയുക്ത ജേതാക്കൾ), 2023 വർഷങ്ങളിലായിരുന്നു ഇന്ത്യൻ കിരീട ധാരണം. മറുവശത്ത്, 2012, 2013 വർഷങ്ങളിൽ സെമി കളിച്ചത് മാത്രമാണ് ചൈനയുടെ നേട്ടം. കഴിഞ്ഞ വർഷം ഏറ്റവും അവസാനത്തിലായിരുന്നു ടീം ഫിനിഷ് ചെയ്തത്. 2006ലെ ഏഷ്യൻ ഗെയിംസിൽ ഫൈനലിലും ചൈന കളിച്ചിരുന്നെങ്കിലും രണ്ടാമതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.