ഇന്ത്യയെ തളർത്താൻ ചൈനീസ് പതാകയുമായി ഗാലറിയിലിരുന്ന് പാകിസ്താൻ താരങ്ങൾ; സമൂഹ മാധ്യമങ്ങളിൽ പരിഹാസം
text_fieldsബീജിങ്: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യയെ നേരിടുന്ന ചൈനക്ക് പിന്തുണയുമായി പാകിസ്താൻ താരങ്ങൾ. ചൈനീസ് പതാക കൈയിലേന്തിയാണ് പാക് താരങ്ങൾ ഗാലറിയിൽ ഇരിപ്പുറപ്പിച്ചത്. എന്നാൽ, ചൈനയുടെ പ്രതിരോധ വലയം ഭേദിച്ച് 51ാം മിനിറ്റിൽ ജുഗ് രാജ് സിങ്ങിലൂടെ ഇന്ത്യ വിജയഗോൾ നേടുകയും അഞ്ചാം തവണ കിരീടത്തിൽ മുത്തമിടുകയും ചെയ്തതോടെ നിരാശരാകാനായിരുന്നു പാക് താരങ്ങളുടെ വിധി.
മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ദക്ഷിണ കൊറിയയെ 5-2ന് വീഴ്ത്തിയ ശേഷമാണ് പാക് താരങ്ങൾ ഫൈനൽ മത്സരം കാണാനെത്തിയത്. ചൈനീസ് പതാകയുമായി ഇരിക്കുന്ന പാക് താരങ്ങൾക്ക് പരിഹാസവുമായി സമൂഹ മാധ്യമങ്ങളിൽ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ആദ്യ സെമി ഫൈനലിൽ പാകിസ്താനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയായിരുന്നു ചൈന ഫൈനലിലെത്തിയത്.
കലാശപ്പോരിൽ ആതിഥേയരെ എതിരില്ലാത്ത ഒറ്റ ഗോളിന് കീഴടക്കിയാണ് അഞ്ചാം തവണയും ഇന്ത്യ ചാമ്പ്യന്മാരായത്. ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിൽ ചൈനയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യയെ ആദ്യ മൂന്ന് പകുതിയിലും ചൈന ഗോളടിക്കാൻ വിടാതെ പിടിച്ചുകെട്ടുകയായിരുന്നു. എന്നാൽ, അവസാന ക്വാർട്ടറിൽ ഹർമൻപ്രീത് സിങ്ങിന്റെ അസിസ്റ്റിൽ ജുഗ് രാജ് സിങ് രക്ഷകനായി അവതരിച്ചതോടെ ഇന്ത്യ ഒരിക്കൽകൂടി കിരീടത്തിലെത്തി. ടൂർണമെന്റിൽ പരാജയം രുചിക്കാതെയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെയാണ് മറ്റൊരു നേട്ടം ടീമിനെ തേടിയെത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്‍റെ ഇരട്ട ഗോൾ മികവിൽ ദക്ഷിണ കൊറിയയെ 4-1ന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. ആദ്യ മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു തകർത്തത്. ശേഷം ജപ്പാനെ 5-1 എന്ന സ്കോറില്‍ കീഴടക്കി. മലേഷ്യക്കെതിരെ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.