പതാക പാറട്ടെ പാരിസിലും
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനവുമായി മടങ്ങുമ്പോൾ അടുത്ത വർഷം പാരിസിൽ നടക്കുന്ന ഒളിമ്പിക്സിലും രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകൾക്ക് കനമേറുന്നു. ജകാർത്ത ഏഷ്യൻ ഗെയിംസിനേക്കാൾ 37 മെഡലുകൾ കൂടുതൽ നേടിയ ഇന്ത്യൻ സംഘം അമ്പെയ്ത്തും ഷൂട്ടിങ്ങും പോലുള്ള ഇനങ്ങളിൽ മിന്നിത്തിളങ്ങി.
ചൈന, ജപ്പാൻ , ദക്ഷിണ കൊറിയ എന്നീ വമ്പന്മാർക്ക് പിന്നിൽ നാലാം സ്ഥാനം ചില്ലറക്കാര്യമല്ലെന്ന് ഉറപ്പ്. 1951ൽ ആദ്യ ഗെയിംസിലെ രണ്ടാം സ്ഥാനവും 1962ൽ നേടിയ മൂന്നാം സ്ഥാനവുമായിരുന്നു ടീമിന്റെ മികച്ച നേട്ടം. കഴിഞ്ഞ തവണ മെഡൽ പട്ടികയിൽ എട്ടാം സ്ഥാനം മാത്രമായിരുന്നു. കഠിനാധ്വാനവും ദൃഢനിശ്ചയവുമായി ഇന്ത്യൻ താരങ്ങൾ പതക്കങ്ങൾ വാരിക്കൂട്ടുകയായിരുന്നു. പലരും യുവതാരങ്ങളായിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഏഷ്യൻ ഗെയിംസ് പോലുള്ള വമ്പൻ വേദിയിൽ തുടക്കക്കാരുടെ പരിഭ്രമമില്ലാതെ യുവതാരങ്ങൾ വിജയം കൊയ്തു. അടുത്ത വർഷത്തെ പാരിസ് ഒളിമ്പിക്സിൽ മെഡൽ നേട്ടത്തിന് പ്രചോദനമേകുന്നതാണ് ഏഷ്യൻ ഗെയിംസിലെ മികവ്. പാരിസിൽ മെഡലുകൾ ഇരട്ട അക്കം പിന്നിടുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ (ഐ.ഒ.എ) ഭാരവാഹികൾ വരെ ഏഷ്യൻ ഗെയിംസിന് മുമ്പ് ഈ ടീമിൽ കാര്യമായി പ്രതീക്ഷയർപ്പിച്ചിരുന്നില്ല. നീരജ് ചോപ്രയുടെ വിജയത്തുടർച്ചകൾ ഇന്ത്യയുടെ മറ്റ് താരങ്ങൾക്കും മെഡൽകുതിപ്പിന് പ്രചോദനമാകുന്നുണ്ട്.
അത്ലറ്റിക്സിൽ 29ഉം ഷൂട്ടിങ്ങിൽ 22ഉം മെഡലുകളാണ് ടീം സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ ഏഴും അത്ലറ്റിക്സിൽ ആറും സ്വർണം കിട്ടി. 2018ൽ രണ്ട് വെള്ളി മാത്രമുണ്ടായിരുന്ന അമ്പെയ്ത്തുകാർ ഉന്നം പിടിച്ചത് അഞ്ച് സ്വർണമുൾപ്പെടെ ഒമ്പത് മെഡലുകളിലേക്കായിരുന്നു.
പുരുഷ ഹോക്കിയിൽ നിലവിലെ ജേതാക്കളായ ജപ്പാനെ 5-1ന് ഫൈനലിൽ തകർത്ത ഇന്ത്യ സ്വർണത്തിനൊപ്പം ഒളിമ്പിക്സ് യോഗ്യതയും കൈയിലാക്കി. ഹോക്കി പോലെ, ഇരുവിഭാഗം കബഡിയിലും സ്വർണത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു. ബാഡ്മിന്റണിൽ സാത്വിക് സായ് രാജ് രാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഡബ്ൾസിൽ നേടിയ സ്വർണം എടുത്തുപറയത്തക്ക നേട്ടമായിരുന്നു.
നിരാശയും വിവാദവും
ഗുസ്തിയിൽ ബജ്റംഗ് പുനിയക്ക് സ്വർണം നിലനിർത്താനാവാതിരുന്നത് ഇന്ത്യക്ക് നിരാശ സമ്മാനിച്ചു. ട്രയൽസിൽ ജയിച്ച താരത്തെ മറികടന്ന് ഗെയിംസിനെത്തിയ പുനിയയുടെ പുറത്താകൽ നാണക്കേടുമായി. വനിത ബോക്സിങ്ങിൽ ലോകചാമ്പ്യനായ ലവ്ലിന ബോർഗോഹെയ്ൻ രണ്ടാമതായതും നിരാശ പടർത്തി. വെയ്റ്റ്ലിഫ്റ്റിങ്ങിൽ മത്സരത്തിനിടെ വീണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മീര ചാനുവും സങ്കടക്കാഴ്ചയായി. ബാഡ്മിൻഡണിൽ പി.വി. സിന്ധു ക്വാർട്ടറിൽ മടങ്ങിയതാണ് മറ്റൊരു മെഡൽ നഷ്ടം.
അത്ലറ്റിക്സിൽ ഒഫീഷ്യലുകളുടെ ചില ‘കളികളും’ കണ്ടു. നീരജ് ചോപ്ര 88 മീറ്റർ എറിഞ്ഞ ഒരു ത്രോ അളക്കാതിരുന്ന വിചിത്ര നടപടിയായിരുന്നു ഒന്ന്. 100 മീറ്റർ ഹർഡ്ൽസിൽ ചൈനീസ് താരത്തിന്റെ ഫൗളിന് ജ്യോതി യാരാജിയെയാണ് അയോഗ്യയാക്കിയത്. പ്രതിഷേധത്തിനൊടുവിൽ ജ്യോതിയുടെ വെങ്കലം വെള്ളി മെഡലാക്കി. 2018ലെ ഹെപ്റ്റാത്തലൺ ജേത്രിയായ സ്വപ്ന ബർമൻ സഹതാരം ട്രാൻസ്ജെൻഡറാണെന്ന് ആരോപിക്കുന്നതും പിന്നീട് മാപ്പു പറയുന്നതും ഏഷ്യൻ ഗെയിംസിനിടെ കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.