ഏഷ്യൻ ഗെയിംസ് : ഷൂട്ടിങ്ങിൽ അബ്ദുല്ല റാഷിദിയിലൂടെ കുവൈത്തിന് ആദ്യ സ്വർണം
text_fieldsകുവൈത്ത്: ചൈനയിലെ ഹാങ്ചോയിൽ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിലൂടെ സ്വർണം വെടിവെച്ചിട്ട് 60കാരൻ അബ്ദുല്ല റാഷിദി. പുരുഷന്മാരുടെ വ്യക്തിഗത സ്കീറ്റിൽ, ലോകറെക്കോഡിനൊപ്പമെത്തിയ പ്രകടനത്തോടെയാണ് കുവൈത്തി ഒളിമ്പിക് ഷൂട്ടർ, രാജ്യത്തിന് ആദ്യ സ്വർണ മെഡൽ സമ്മാനിച്ചത്. 60ൽ 60 പോയന്റും നേടി ഒന്നാമതെത്തിയ അബ്ദുല്ല റാഷിദിക്കു പിന്നിൽ, ഇന്ത്യയുടെ അനന്ത് ജീത്ത് സിങ് നെരൂദ (58 പോയന്റ്) വെള്ളിയും, ഖത്തറിന്റെ നാസർ അൽ അതിയ (46 പോയന്റ്) വെങ്കലവും കരസ്ഥമാക്കി.
2018ൽ ഇന്ത്യയുടെ ബജ്വ അംഗഡ് വീർ സിങ് കുറിച്ച (60 പോയന്റ്) ലോക റെക്കോഡിനും ഏഷ്യൻ റെക്കോഡിനും ഒപ്പമാണ്, അബ്ദുല്ല റാഷിദി തന്റെ പേരെഴുതി ചേർത്തത്. ഏഷ്യൻ ഗെയിംസിൽ റെക്കോഡ് (52 പോയന്റ്) തിരുത്തിക്കുറിക്കുകയും ചെയ്തു. വെള്ളി നേടിയ ഇന്ത്യൻ താരവും ഏഷ്യൻ റെക്കോഡ് മറികടന്നു.
അബ്ദുല്ല റാഷിദി മൂന്നു തവണ ലോക ചാമ്പ്യനായിട്ടുണ്ട്. ഏഷ്യന് ഗെയിംസിൽ നേരത്തേ മൂന്നു തവണ സ്വർണം നേടി. 2010, 14, 18 വർഷങ്ങളിലായിരുന്നു ഈ നേട്ടം. ഷൂട്ടിങ്ങിൽ സ്വർണം നേടിയതോടെ ഏഷ്യൻ ഗെയിംസിൽ കുവൈത്തിന് രണ്ട് മെഡലായി. കഴിഞ്ഞ ദിവസം ഫെൻസിങ്ങിലൂടെ യൂസുഫ് അൽ ഷംലാൻ വെങ്കലം നേടിയിരുന്നു. ഏഷ്യൻ ഗെയിംസിൽ 25 ഇനങ്ങളിലാണ് കുവൈത്ത് മത്സരിക്കുന്നത്. 21 വനിതകളും 114 പുരുഷന്മാരും വിവിധ മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധാനംചെയ്യുന്നു.
ലക്ഷ്യം ഒളിമ്പിക്സ് സ്വർണം -അബ്ദുല്ല റാഷിദി
കുവൈത്ത് സിറ്റി: 2016 ലെ റയോ ഡെ ജനീറോ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവായ അബ്ദുല്ല റാഷിദിയുടെ സ്വപ്നം, 2024ലെ പാരിസ് ഒളിമ്പിക്സിൽ സ്വർണം. 60 പിന്നിട്ടെങ്കിലും ആരോഗ്യം അനുവദിക്കുന്നിടത്തോളം ഷൂട്ടിങ് രംഗത്ത് തുടരുമെന്നാണ് ഇദ്ദേഹം പറയുന്നത്. 2016ൽ, ഇംഗ്ലീഷ് ഫുട്ബാൾ ക്ലബായ ആഴ്സണലിന്റെ ജഴ്സിയണിഞ്ഞ്, സ്വതന്ത്ര കായികതാരമായാണ് റാഷിദി ഒളിമ്പിക്സിനെത്തിയത്. 2004ലെ സിഡ്നി മുതൽ ഏഴ് ഒളിമ്പിക്സുകളിൽ അബ്ദുല്ല റാഷിദി പങ്കെടുത്തു. അബ്ദുല്ല റാഷിദിയുടെ മകൻ തലാൽ അൽ റാഷിദിയും ഷൂട്ടിങ് താരമാണ്. 2020ലെ ടോക്യോ ഒളിമ്പിക്സിൽ കുവൈത്തിനായി പങ്കെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.