ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങിൽ വീണ്ടും മെഡൽ നേട്ടത്തോടെ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഏഷ്യൻ ഗെയിംസിൽ മെഡൽനേട്ടം മൂന്നാക്കി ഉയർത്തി കുവൈത്ത്. ഷൂട്ടിങ്ങിൽ സ്കീറ്റ് മിക്സഡ് ടീം വിഭാഗത്തിൽ അബ്ദുല്ല അൽ റാഷിദി-ഇമാൻ അൽഷമ്മ സഖ്യം വെള്ളി കരസ്ഥമാക്കി. അബ്ദുല്ല അൽ റാഷിദി കഴിഞ്ഞ ദിവസം വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. ഫെൻസിങ്ങിൽ യൂസുഫ് അൽ ഷംലാന്റെ വെങ്കലമാണ് കുവൈത്തിന്റെ മൂന്നാമത്തെ മെഡൽ. 60കാരനായ അബ്ദുല്ല അൽ റാഷിദിയും 34കാരി ഇമാൻ അൽഷമ്മയും കസാഖ്സ്താന്റെ എഡ്വേർഡ് യെശങ്കോ-അസെം ഒറിൻബേ സഖ്യത്തോടാണ് പരാജയപ്പെട്ടത്. കസാഖ് ടീം 40 പോയന്റ് നേടിയപ്പോൾ, കുവൈത്തിന് 35 പോയന്റാണ് നേടാനായത്. ഖത്തറും ചൈനയും ഈ ഇനത്തിൽ വെങ്കലം കരസ്ഥമാക്കി.
കുവൈത്ത് ഷൂട്ടിങ് സ്പോർട്സ് ക്ലബിൽനിന്നുള്ള ഇമാൻ അൽഷമ്മയുടെ, ഏഷ്യൻ ഗെയിംസിലെ ആദ്യ മെഡൽനേട്ടമാണ്. ഗെയിംസ് ഉദ്ഘാടനവേളയിലെ മാർച്ച്പാസ്റ്റിൽ, സഹ ഷൂട്ടിങ് താരം ഖാലിദ് അൽ മുദാലിനൊപ്പം കുവൈത്തിന്റെ പതാകവാഹകയുമായിരുന്നു അൽഷമ്മ. കുവൈത്ത് ഷൂട്ടിങ് ക്ലബ് പ്രസിഡന്റ് ദുവൈജ് അൽ ഒതൈബി ടീമിന്റെ നേട്ടത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. രണ്ടു ഷൂട്ടർമാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ കായികജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്ന് അൽഷമ്മ പറഞ്ഞു. മെഡൽ കുവൈത്തിലെ നേതാക്കൾക്കും രാജ്യത്തെ ജനങ്ങൾക്കും മറ്റു ഷൂട്ടർമാർക്കും സമർപ്പിക്കുന്നതായും അവർ വ്യക്തമാക്കി. വാശിയേറിയ മത്സരങ്ങളിൽ അബ്ദുല്ല അൽ റാഷിദിയുടെ സാന്നിധ്യം തനിക്ക് മനോവീര്യം നൽകിയെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.