ഫോർമുല വണ്ണിലേക്ക് ഔഡി വീണ്ടുമെത്തുന്നു; ഇക്കുറി വരവ് പുതിയ എൻജിനുമായി
text_fieldsലോകപ്രശസ്ത കാർ നിർമ്മാതാക്കളായ ഔഡി വീണ്ടും ഫോർമുല വണ്ണിലേക്ക് എത്തുന്നു. 2026 സീസൺ മുതലാവും ഔഡി വീണ്ടും ഫോർമുല വണ്ണിന്റെ ഭാഗമാവുക. പുതിയ എൻജിനുമായാവും ഓഡിയുടെ വരവ്.
നേരത്തെ എൻജിനുകൾ നിർമിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ ഫോർമുല വൺ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ കമ്പനികൾക്കും കടന്നുവരാൻ സൗകര്യമൊരുക്കുന്ന രീതിയിലാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. നിലവിലുള്ള വി 6 എൻജിന്റെ ചുവടുപിടിച്ച് തന്നെയാവും 2026ലും ഫോർമുല വൺ കാറുകളുടെ എൻജിനെത്തുക. എന്നാൽ, എൻജിനുകൾക്ക് കൂടുതൽ ഇലക്ട്രിക് കരുത്തുണ്ടാകും. 100 ശതമാനവും പുനരുപയോഗിക്കാൻ കഴിയുന്ന ഇന്ധനം ഉപയോഗിച്ചാവും എൻജിനുകളുടെ പ്രവർത്തനം.
ജർമ്മൻ വാഹനനിർമ്മാതാക്കളായ ഫോക്സവാഗൺ ഗ്രൂപ്പിന്റെ ഭാഗമായ ഔഡി ചെലവ് കുറഞ്ഞ സുസ്ഥിരമായ എൻജിൻ അവതരിപ്പിക്കുമെന്നാണ് സൂചന. 2030ന് മുമ്പ് പൂജ്യം കാർബൺ നിർഗമനത്തിലേക്ക് എത്താൻ ലക്ഷ്യമിടുന്ന ഫോർമുല വണ്ണിന് ഔഡിയുടെ വരവ് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഔഡിയെ ഫോർമുല വണ്ണിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് എഫ് വൺ പ്രസിഡന്റും സി.ഇ.ഒയുമായ സ്റ്റെഫാനോ ഡോമെനികാലി പ്രതികരിച്ചു. ഫോർമുല വണ്ണിന് ഇത് കൂടുതൽ കരുത്ത് പകരും. 2026ഓടെ പൂർണമായും ഹൈബ്രിഡ് എൻജിൻ പുറത്തിറക്കാൻ കഴിയുന്നത് വലിയ നേട്ടമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.