‘ബാബർ ഇപ്പോഴും പാകിസ്താന്റെ നമ്പർ വൺ താരം’; പുറത്താക്കിയതല്ലെന്ന് അസി. കോച്ച്
text_fieldsകറാച്ചി: പാകിസ്താൻ സൂപ്പർ താരവും മുൻ നായകനുമായ ബാബർ അസമിനെ ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടെസ്റ്റുകൾക്കുള്ള ടീമിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ വിശദീകരണവുമായി അസി. കോച്ച് അസ്ഹർ മഹ്മൂദ്. ബാബറിനെ പുറത്താക്കിയതല്ലെന്നും വിശ്രമം അനുവദിക്കുകയാണ് ചെയ്തതെന്നുമാണ് അസ്‍ഹർ മഹ്മൂദ് പറയുന്നത്. ബാബർ ഇപ്പോഴും പാകിസ്താന്റെ ഒന്നാം നമ്പർ താരമാണെന്നും ഭാവിയിലെ പരമ്പരകൾ മുന്നിൽ കണ്ടാണ് നടപടിയെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ സ്പിന്നർമാരെ ഉൾപ്പെടുത്തേണ്ടതിനാൽ ഷഹീൻ അഫ്രീദിക്ക് വിശ്രമം അനുവദിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബാബർ ഞങ്ങളുടെ ഒന്നാം നമ്പർ താരമാണ്. അതിൽ ഒരു തർക്കവുമില്ല. പാകിസ്താന് ധാരാളം മത്സരങ്ങൾ വരാനിരിക്കുന്നു. അതിനാൽ, ബാബറിന് വിശ്രമം നൽകാൻ ഇതാണ് ഏറ്റവും നല്ല സമയമെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. അവൻ കളിക്കാൻ തയാറായിരുന്നു. എന്നാൽ, ഫ്രഷായി വരാൻ വിശ്രമം നൽകാനായിരുന്നു തീരുമാനം. ആസ്ട്രേലിയയിലും സിംബാബ്‌വെയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം പര്യടനമുണ്ട്. അതിനാൽ അത് പ്രധാനമാണ്. ഇപ്പോൾ സ്പിൻ ഉപയോഗിച്ച് കൂടുതൽ ഓപ്ഷനുകൾ ഉണ്ടെന്ന് ഞങ്ങൾ കരുതുന്നു. നസീമിന് കുറച്ച് പ്രയാസങ്ങൾ ഉണ്ടായിരുന്നു. ഷഹീൻ ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടിവരുന്നതിനാൽ അവന് വിശ്രമം നൽകാനും ഞങ്ങൾ തീരുമാനിച്ചു -അസ്ഹർ മഹ്മൂദ് പറഞ്ഞു.
ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ നടന്ന രണ്ട് ടെസ്റ്റുകളിലും നാണം കെട്ടതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലും പരാജയപ്പെട്ടതോടെയാണ് ബാബർ അസം, ഷഹീൻ അഫ്രീദി, നസീം ഷാ എന്നീ പ്രമുഖ താരങ്ങളെ പുറത്താക്കാൻ പാകിസ്മതാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. 2023 മുതൽ മോശം ഫോമിലാണ് ബാബർ അസം. 20.33 ശരാശരിയിൽ 366 റൺസ് മാത്രമാണ് ഇതിന് ശേഷം ടെസ്റ്റിൽ ബാബറിന്റെ സമ്പാദ്യം. 41 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. 2022 ഡിസംബർ 26ന് ന്യൂസിലാൻഡിനെതിരെ 161 റൺസ് നേടിയ ശേഷം കഴിഞ്ഞ 18 ഇന്നിങ്സുകളിൽ ഒരു അർധസെഞ്ച്വറി പോലും നേടാൻ ബാബറിന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.