Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_right‘ബ്രിജ്ഭൂഷണെതിരെ...

‘ബ്രിജ്ഭൂഷണെതിരെ സമരത്തിന് പ്രേരിപ്പിച്ചത് ബി.ജെ.പി നേതാവ് ബബിത ഫോഗട്ട്, അവരുടെ ലക്ഷ്യം മറ്റൊന്ന്’; തുറന്നടിച്ച് സാക്ഷി മാലിക്

text_fields
bookmark_border
‘ബ്രിജ്ഭൂഷണെതിരെ സമരത്തിന് പ്രേരിപ്പിച്ചത് ബി.ജെ.പി നേതാവ് ബബിത ഫോഗട്ട്, അവരുടെ ലക്ഷ്യം മറ്റൊന്ന്’; തുറന്നടിച്ച് സാക്ഷി മാലിക്
cancel

ന്യൂഡൽഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന് പ്രേരിപ്പിച്ചത് ബി.ജെ.പി നേതാവ് ബബിത ഫോഗട്ടാണെന്ന വെളിപ്പെടുത്തലുമായി മുൻ ഗുസ്തി താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സാക്ഷി മാലിക്. ‘ഇന്ത്യ ടുഡെ’ക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ. ബബിതക്ക് ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തെത്തുകയെന്ന അജണ്ട ഉണ്ടായിരുന്നെന്നും അവർ പറഞ്ഞു.

‘ഞങ്ങളുടെ പ്രതിഷേധം കോൺഗ്രസ് പിന്തുണയിലായിരുന്നെന്ന അഭ്യൂഹങ്ങളുണ്ട്, എന്നാൽ, അത് തെറ്റാണ്. സത്യത്തിൽ, ഹരിയാനയിൽ പ്രതിഷേധത്തിന് അനുമതി നേടാൻ രണ്ട് ബി.ജെ.പി നേതാക്കൾ ഞങ്ങളെ സഹായിച്ചു -ബബിത ഫോഗട്ടും തിരത് റാണയും. ലൈംഗികാതിക്രമം സംബന്ധിച്ച പരാതികളുമായി ബന്ധപ്പെട്ട് ഗുസ്തി താരങ്ങളുടെ യോഗം വിളിച്ച് പ്രതിഷേധിക്കാൻ ബബിത ഫോഗട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സമരത്തെ പൂർണമായി അവർ സ്വാധീനിച്ചിട്ടില്ല, അവരുടെ നിർദേശത്തെ തുടർന്നാണ് ആരംഭിച്ചത്’ -സാക്ഷി പറഞ്ഞു.

‘ഞങ്ങൾ അവരെ അന്ധമായി പിന്തുടർന്നു എന്നല്ല, ഫെഡറേഷനിൽ ലൈംഗികാതിക്രമം, പീഡനം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഒരു സ്ത്രീ ചുമതലയേറ്റാൽ, പ്രത്യേകിച്ച് കായികതാരം കൂടിയായ ബബിത ഫോഗട്ടിനെപ്പോലുള്ള ഒരാൾ നല്ല മാറ്റം കൊണ്ടുവരുമെന്ന് ഞങ്ങൾ വിശ്വസിച്ചു. ഞങ്ങളുടെ ബുദ്ധിമുട്ടുകൾ അവർ മനസ്സിലാക്കുമെന്ന് വിശ്വസിച്ചു. എന്നാൽ, അവർ ഞങ്ങളോട് ഇത്രയും വലിയ കളി കളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രതിഷേധത്തിൽ ഞങ്ങൾക്കൊപ്പം ഇരിക്കുമെന്നും ഒരു സഹ ഗുസ്തിക്കാരിയെന്ന നിലയിൽ തെറ്റുകൾക്കെതിരെ ശബ്ദമുയർത്തുമെന്നും ഞങ്ങൾ കരുതി’ -സാക്ഷി കൂട്ടിച്ചേർത്തു.

ബ്രിജ്ഭൂഷണിൽനിന്ന് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് ‘വിറ്റ്നസ്’ എന്ന ആത്മകഥയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സാക്ഷി മാലിക് നടത്തിയത്. 2012ല്‍ കസാകിസ്താനിലെ അല്‍മാട്ടിയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനിടെ ബ്രിജ്ഭൂഷണ്‍ തന്നെ ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സാക്ഷി ആരോപിക്കുന്നത്. മാതാപിതാക്കളോട് ഫോണില്‍ സംസാരിക്കാനെന്ന വ്യാജേന ബ്രിജ്ഭൂഷൺ ഹോട്ടലിലെ അയാളുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്നീട് സംഭവിച്ചത് ജീവിതത്തിലെ ഏറ്റവും ആഘാതമുണ്ടാക്കുന്ന സംഭവങ്ങളിലൊന്നായിരുന്നെന്നും സാക്ഷി ആത്മകഥയിൽ പറയുന്നു.

‘സിങ് എന്നെ മാതാപിതാക്കളുമായി ഫോണിൽ ബന്ധപ്പെടുത്തി. അതൊരു നിരുപദ്രവകരമായ കാര്യമായാണ് തോന്നിയത്. എന്റെ മത്സരത്തെക്കുറിച്ചും മെഡലിനെക്കുറിച്ചും അവരോട് സംസാരിച്ചപ്പോള്‍, അനിഷ്ടകരമായ ഒന്നും സംഭവിക്കില്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, ഫോൺ വെച്ചതിന് പിന്നാലെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞാൻ അയാളെ തള്ളിമാറ്റി കരയാന്‍ തുടങ്ങി. അതോടെ അയാൾ പിൻവാങ്ങി. അയാളുടെ താൽപര്യത്തിന് ഞാന്‍ വഴങ്ങില്ലെന്ന് മനസ്സിലാക്കിയതോടെ ഒരു പിതാവ് ചെയ്യുന്നതുപോലെയാണ് സ്പർശിച്ചതെന്ന് പറയാന്‍ തുടങ്ങി. എന്നാൽ, അങ്ങനെയല്ലെന്ന് എനിക്കറിയാമായിരുന്നു. കരഞ്ഞുകൊണ്ട് അയാളുടെ മുറിയിൽനിന്ന് പുറത്തേക്കോടി’ -സാക്ഷി ആത്മകഥയിൽ പറയുന്നു.

ജീവിതത്തില്‍ ഇത്തരമൊരു ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ആദ്യമല്ലെന്നും സ്കൂൾ പഠനകാലത്ത് ട്യൂഷന്‍ അധ്യാപകരില്‍ ഒരാള്‍ മോശമായി സ്പര്‍ശിച്ചിരുന്നെന്നും സാക്ഷി വെളിപ്പെടുത്തുന്നു. ‘എന്റെ ട്യൂഷന്‍ ടീച്ചര്‍ എന്നെ ഉപദ്രവിക്കാറുണ്ടായിരുന്നു. എന്നെ അയാളുടെ സ്ഥലത്തേക്ക് ക്ലാസിന് വിളിക്കും. പലപ്പോഴും മോശമായി സ്പർശിക്കാൻ ശ്രമിച്ചു. എനിക്ക് ട്യൂഷന്‍ ക്ലാസുകള്‍ക്ക് പോകാന്‍ ഭയമായിരുന്നു. ഇത് ഏറെക്കാലം തുടര്‍ന്നു. എന്റെ തെറ്റാണെന്ന് കരുതി, അമ്മയോടടക്കം അതിനെക്കുറിച്ച് പറയാന്‍ കഴിഞ്ഞില്ല’ -സാക്ഷി കുറിച്ചു.

രാ​ജ്യ​ത്തി​നു​വേ​ണ്ടി ഒ​ളി​മ്പി​ക് മെ​ഡ​ൽ നേ​ടിയ ആദ്യ വ​നി​ത ഗു​സ്തി താ​രമാണ് സാക്ഷി മാലിക്. 2016ലെ ​റി​യോ ഒ​ളി​മ്പി​ക്സി​ൽ 58 കി​ലോ ​വി​ഭാ​ഗത്തിലാണ് സാക്ഷി വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി സാക്ഷി മാലിക്, വിനേഷ് ​ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവരുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ 40 ദിവസത്തോളം രാജ്യതലസ്ഥാനത്ത് സമരം നടത്തിയിരുന്നു. ബ്രിജ് ഭൂഷന്‍റെ അടുത്ത അനുയായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തെത്തിയതിന് പിന്നാലെ, ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് സാക്ഷി മലിക് പ്രഖ്യാപിച്ചു​. കേന്ദ്ര സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചെന്ന് പറഞ്ഞ് വാർത്ത സമ്മേളനത്തിൽ വൈകാരികമായി പ്രതികരിച്ച സാക്ഷി, തന്‍റെ ബൂട്ട് ഉപേക്ഷിച്ചാണ് അന്ന് മടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sakshi MalikBabita PhogatBrij Bhushan Sharan Singh
News Summary - Babita Phogat planned wrestlers' protest to become federation chief -Sakshi Malik
Next Story