കിരണിലൂടെ ഒളിമ്പിക്സ് പ്രതീക്ഷയിൽ കൊച്ചിയുടെ ബാഡ്മിന്റൺ കുടുംബം
text_fieldsകൊച്ചി: വീണ്ടുമൊരു നേട്ടത്തിന്റെ സന്തോഷത്തിലാണ് കൊച്ചിയുടെ സ്വന്തം ബാഡ്മിന്റൺ കുടുംബം. ഒഡിഷ ഓപൺ ചാമ്പ്യൻഷിപ്പിൽ മെൻസ് ടൈറ്റിൽ കിരീടം കിരൺ ജോർജ് ചൂടുമ്പോൾ കടവന്ത്ര ഗിരിനഗറിലെ ജോർജ് തോമസിന്റെ വീട്ടിൽ വീണ്ടുമൊരു പൊൻതൂവൽ പാറി. കട്ടക്കിൽ നടന്ന ടൂർണമെന്റിൽ 21കാരനായ കിരൺ 58 മിനിറ്റ് നീണ്ട പേരാട്ടത്തിനൊടുവിലാണ് പ്രിയാൻഷു രജാവതിനെ തകർത്തത്.
''ഇതോടെ 2024, 2028 ഒളിമ്പിക്സിലേക്ക് കിരണിനെ സംബന്ധിച്ച് ഞങ്ങൾക്ക് ആത്മവിശ്വാസമായി''-മകന്റെ നേട്ടമറിഞ്ഞ് മുൻ അർജുന അവാർഡ് ജേതാവായ ജോർജ് തോമസ് പറയുന്നു. ''അന്താരാഷ്ട്രതലത്തിൽ അടുത്ത ഘട്ടത്തിലേക്കുള്ള പ്രയാണത്തിലാണ് കിരൺ. അവന്റെ കളിയിൽ ശുഭാപ്തി വിശ്വാസത്തിലാണ് ഞങ്ങൾ'' -16 വർഷം ഇന്ത്യക്കുവേണ്ടി റാക്കറ്റേന്തിയ ജോർജ് തോമസ് വിവരിച്ചു.
ആറുവർഷം മുമ്പ് ഇന്തോനേഷ്യയിൽ അണ്ടർ 17 ഏഷ്യൻസ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ട കിരൺ ഇന്ത്യയുടെ ബാഡ്മിന്റൺ തലപ്പത്തേക്ക് നടന്നുകയറിയതിന് പിന്നിൽ കഠിനപ്രയാണമുണ്ട്. 2015ൽ ബംഗളൂരു പ്രകാശ് പദുകോൺ ബാഡ്മിന്റൺ അക്കാദമിയിൽ പരിശീലനത്തിന് തുടക്കമിടുമ്പോൾ വയസ്സ് 14 മാത്രം. പ്ലസ് ടുവരെ എറണാകുളം ടോക്എച്ച് പബ്ലിക് സ്കൂളിലാണ് പഠിച്ചത്. നിലവിൽ തേവര സേക്രഡ് ഹാർട്ടിൽനിന്ന് ബി.കോം പൂർത്തിയാക്കി.
മലേഷ്യയിലെ ഷാആലമിൽ ബാഡ്മിന്റൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിന്റെ ഇന്ത്യൻ ടീമിലേക്ക് കിരൺ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പി.എസ്. രവി കൃഷ്ണ, യു. ശങ്കർ പ്രസാദ്, ആരതി സാറ സുനിൽ, മെഹ്റിൻ റിസ എന്നീ മലയാളി താരങ്ങളും ടീമിൽ ഇടംപിടിച്ചു. മുൻ അന്താരാഷ്ട്ര താരം വിമൽകുമാറാണ് കിരണിന്റെ പരിശീലകൻ.
1991 മുതൽ '93 വരെ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു ജോർജ് തോമസ്. 1998 കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് വേണ്ടി വെള്ളിമെഡൽ നേടി. നിലവിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജറായ അദ്ദേഹത്തിന്റെ ഭാര്യ പ്രീത ബാഡ്മിന്റണിൽ ദേശീയ താരമായിരുന്നു. മൂത്തമകൻ അരുൺ ജോർജ് ആറുവർഷമായി ബാഡ്മിന്റൺ അന്താരാഷ്ട്ര താരമാണ്. രണ്ട് സാഫ് ഗെയിംസിൽ സ്വർണജേതാവാണ് അരുൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.