ഏഷ്യൻ ബാഡ്മിന്റൺ: ഇന്ത്യൻ വനിതകൾ ഫൈനലിൽ
text_fieldsഷാ ആലം (മലേഷ്യ): ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ് ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനലിൽ ജപ്പാനെ 3-2ന് തോൽപിച്ചാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. ഞായറാഴ്ചത്തെ ഫൈനലിൽ ഇന്ത്യ തായ്ലൻഡിനെ നേരിടും. ഡബ്ൾസിൽ മലയാളി ട്രീസ ജോളി-ഗായത്രി ഗോപീചന്ദ്, സിംഗ്ൾസിൽ അഷ്മിത ചാലിഹ, അൻമോൽ ഖർബ് സഖ്യങ്ങൾ ജയംകണ്ടു. സിംഗ്ൾസിൽ തോറ്റ ഒളമ്പിക് മെഡൽ ജേത്രി പി.വി. സിന്ധു, ഡബ്ൾസിൽ അശ്വിനി പൊന്നപ്പക്കൊപ്പം ഇറങ്ങിയപ്പോഴും പരാജയം രുചിച്ചു.
സിന്ധുവാണ് ആദ്യം ഇറങ്ങിയത്. എന്നാൽ, അയാ ഒഹോരിയോട് 13-21, 20-22ന് സിംഗ്ൾസിൽ തോറ്റതോടെ ഇന്ത്യ പിറകിലായി. ലോക ആറാം നമ്പർ നാമി മറ്റ്സുയാമ-ചിഹാറു ഷിദ സഖ്യത്തെ 21-17, 16-21, 22-20ന് ഡബ്ൾസിൽ ട്രീസയും ഗായത്രിയും ചേർന്ന് മറിച്ചിട്ട് 1-1 ആക്കി. അടുത്തത് അഷ്മിതയുടെ ഊഴം. 21-17, 21-14ന് നൊസോമി ഒകുഹാരയെ വീഴ്ത്തി അഷ്മിത ഇന്ത്യയെ മുന്നിലെത്തിച്ചു (2-1).
പരിക്കേറ്റ തനിഷ കാസ്ട്രോക്കു പകരം ഡബ്ൾസിൽ അശ്വിനിക്ക് കൂട്ടായി സിന്ധുവെത്തി. നെന മിയാവുര-അയാകോ സകുറാമോട്ടോ ജോടിയോട് 14-21, 11-21ന് തോൽക്കാനായിരുന്നു വിധി. കാര്യങ്ങൾ 2-2ലായതോടെ അവസാന മത്സരം നിർണായകമായി. നസുകി നിദെയ്റയെ 21-14, 21-18ന് മറികടന്നാണ് അൻമോൽ ഇന്ത്യക്ക് കന്നി ഫൈനൽ സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.