ഏഷ്യൻ ഗെയിംസ്: ഇന്ത്യയുടെ പുരുഷ ബാഡ്മിന്റൺ ടീം ആദ്യമായി മെഡൽ പോരാട്ടത്തിന്
text_fieldsഹാങ്ചോ: ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ കൊറിയയെ 3-2ന് തോൽപിച്ച ഇന്ത്യ ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റണിൽ സുവർണ പോരാട്ടത്തിന് അർഹത നേടി. മലയാളിയായ എച്ച്.എസ്. പ്രണോയിയും ലക്ഷ്യ സെന്നും തുടക്കമിട്ട വിജയവഴിയിലേക്ക് ഇന്ത്യയെ നയിച്ചത് കിഡംബി ശ്രീകാന്ത്. ആദ്യ രണ്ടു സിംഗ്ൾസിൽ പ്രണോയിയും ലക്ഷ്യയും ജയിച്ചുകയറിയപ്പോൾ ഡബ്ൾസിൽ സാത്വിക് രംഗിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേർന്ന ജോടിയും ധ്രുവ കപിലയും എം.ആർ. അർജുൻ ജോടിയും തോറ്റപ്പോൾ നിർണായകമായ അവസാന സിംഗ്ൾസിൽ കിടംബി ശ്രീകാന്ത് 12-21 21-16 21-14 എന്ന സ്കോറിന് ചോ ജിയോനെ തോൽപിച്ച് ഇന്ത്യക്ക് സ്വപ്നഫൈനലിലേക്ക് ടിക്കറ്റെടുത്തു. കരുത്തരായ ചൈനയാണ് ഫൈനലിൽ തോമസ് കപ്പ് ജേതാക്കളായ ഇന്ത്യക്കാരുടെ എതിരാളി.
നേപ്പാളിനെതിരായ മത്സരത്തിൽ വിശ്രമിച്ച പ്രണോയിയാണ് ഇന്നലെ ഇന്ത്യയുടെ പോരാട്ടം തുടങ്ങിവെച്ചത്. കൊറിയയുടെ യോകിജിൻ ജിയോനെതിരെ ആദ്യ ഗെയിം വഴങ്ങിയശേഷം തകർപ്പൻ ഫോമിലേക്കുയർന്ന ലോക റാങ്കിങ്ങിലെ ഏഴാമനായ പ്രണോയ് അടുത്ത രണ്ടു ഗെയിമുകളിലും എതിരാളിയുടെ ചെറുത്തുനിൽപ് മറികടന്ന് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. സ്കോർ: 18-21, 21-16, 21-19. രണ്ടാമത്തെ മത്സത്തിൽ ഡബ്ൾസിൽ ഇന്ത്യയുടെ വൻ പ്രതീക്ഷയായിരുന്ന സാത്വിക്-ചിരാഗ് ജോടി 13-21, 24-26 നിലവിലെ ലോക ചാമ്പ്യന്മാരായ സിയോ സുങ്-കാങ് മിൻ ഹ്യൂക് ജോടിയോട് തോറ്റു. രണ്ടാം സിംഗ്ൾസിൽ ലക്ഷ്യ സെൻ ലീ യങ്ങിനെ ഏകപക്ഷീയ പോരാട്ടത്തിൽ 21-7, 21-8 എന്ന സ്കോറിന് കീഴടക്കിയതോടെ ഇന്ത്യ വീണ്ടും മുന്നിലെത്തി. എന്നാൽ, രണ്ടാം ഡബ്ൾസിനിറങ്ങിയ കപില-അർജുൻ ജോടിയും നിരാശപ്പെടുത്തി. അവർ കിം- നാം ജോടിയോട് 16-21, 11-21 എളുപ്പം കീഴടങ്ങി.
നിർണായകമായ അവസാന സിംഗ്ൾസിൽ പരിചയസമ്പന്നനായ ശ്രീകാന്ത് നിരാശപ്പെടുത്തിയാണ് തുടങ്ങിയത്. തുടരെ പിഴവുകൾ വരുത്തി എതിരാളിക്ക് യഥേഷ്ടം പോയന്റുകൾ നൽകി ആദ്യ ഗെയിം വഴങ്ങിയതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചെന്ന് കരുതി.
എന്നാൽ, രണ്ടാം സെറ്റിൽ എതിരാളിയെ അമ്പരപ്പിച്ച ശ്രീകാന്ത് ഒരു ഘട്ടത്തിൽ 12-3ന് മുന്നിലെത്തി. തുടർന്ന് എതിരാളിക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ അവസരം നൽകിയെങ്കിലും ഗെയിം വിട്ടുകൊടുത്തില്ല. ശ്വാസമിടിപ്പിന്റെ വേഗം കൂട്ടിയ നിർണായകമായ അവസാന ഗെയിമിൽ നീണ്ട റാലികളിലൂടെ ഇരുവരും കൊണ്ടും കൊടുത്തും ഒപ്പത്തിനൊപ്പം മുന്നേറി. ഒടുവിൽ പരിചയസമ്പത്തിന്റെ കരുത്ത് ശ്രീകാന്തിന് അനുഗ്രഹമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.