ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ പ്രണോയിക്ക് തോൽവി
text_fieldsസിഡ്നി: കളിയഴകും പ്രതിഭയും ഒരേ വേഗത്തിൽ കോർട്ടിന്റെ ഇരുവശത്തും നിറഞ്ഞാടിയ ആവേശപ്പോരിൽ ചൈനീസ് ഇളമുറക്കാരനോട് തോറ്റ് എച്ച്.എസ്. പ്രണോയ്. ഒന്നര മണിക്കൂർ നീണ്ട ആസ്ട്രേലിയൻ ഓപൺ സൂപ്പർ 500 ടൂർണമെന്റ് കലാശപ്പോരിലാണ് വെങ് ഹോങ് യാങ്ങിനു മുന്നിൽ ആറാം സീഡുകാരൻ കിരീടം കൈവിട്ടത്. സ്കോർ- 9-21, 23-21, 20-22.
ആദ്യ സെറ്റിൽ അക്ഷരാർഥത്തിൽ കളംവാണ ലോക 24ാം നമ്പറുകാരൻ വെങ് മാത്രമായിരുന്നു ചിത്രത്തിൽ. അവിടെ അവസാനിച്ചെന്നു തോന്നിച്ചിടത്തുനിന്ന് സ്വപ്നതുല്യമായ തിരിച്ചുവരവ് കണ്ടു അടുത്ത സെറ്റിൽ. കരുതലോടെനിന്നും അവസരം കിട്ടുമ്പോൾ കടന്നാക്രമിച്ചും അത്ഭുതപ്പെടുത്തിയ പ്രണോയ് എതിരാളിയുടെ മിടുക്ക് തിരിച്ചറിഞ്ഞ് കളി നയിച്ചതോടെ 23-21ന് സെറ്റ് സ്വന്തമായി. അവസാന സെറ്റിന്റെ അവസാനം വരെ ഉടനീളം ലീഡ് നിലനിർത്തിയായിരുന്നു പ്രണോയിയുടെ പോരാട്ടം. ഒരു ഘട്ടത്തിൽ സെറ്റും ജയവുമുറപ്പിച്ച് 19-14ന് ലീഡെടുത്തെങ്കിലും പിന്നീടെല്ലാം കൈവിട്ടുപോവുകയായിരുന്നു. കീഴടങ്ങാൻ മനസ്സില്ലെന്ന ശരീരഭാഷയുമായി ആക്രമിച്ചുകളിച്ച വെങ്ങിനു മുന്നിൽ തളർന്നുപോയ പ്രണോയ് അപ്രതീക്ഷിതമായാണ് സെറ്റും കളിയും നഷ്ടപ്പെടുത്തിയത്.
ലോക രണ്ടാം നമ്പർ താരം ആന്റണി ജിന്റിങ്ങിനെ ക്വാർട്ടറിൽ വീഴ്ത്തിയായിരുന്നു മലയാളി താരം വലിയ വിജയത്തിനരികെയെത്തിയത്. സെമിയിൽ ഇന്ത്യക്കാരൻ റജാവത്തിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി. ഈ വർഷം ആദ്യ സെറ്റ് കൈവിട്ട ശേഷം എട്ടു തവണ തിരിച്ചുവന്ന പാരമ്പര്യമുണ്ടായിട്ടും ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ അവസാന നിമിഷം എതിരാളി ജയവുമായി മടങ്ങുകയായിരുന്നു. വെങ് കഴിഞ്ഞ വർഷം കൊറിയ ഓപണിലും 2019ലെ ചൈന മാസ്റ്റേഴ്സിലും കിരീടം ചൂടിയ താരമാണ്. കോർട്ടിന്റെ ഏതു മൂലയിലും പറന്നെത്താനുള്ള വേഗവും നെറ്റ് ഗെയിമിലെ ആധിപത്യവും ഇരു താരങ്ങളും ഒരുപോലെ പുറത്തെടുത്തപ്പോൾ അനന്യസാധാരണമായ പോരാട്ടമായിരുന്നു ഫൈനലിൽ. ഇത്തവണ കിഡംബി ശ്രീകാന്തും പി.വി. സിന്ധുവുമടക്കം ഇന്ത്യൻ താരങ്ങൾ നേരത്തേ മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.