പിറന്നാൾ ദിനത്തിൽ സിന്ധുവിന് ബാഡ്മിന്റൺ ഏഷ്യയുടെ മാപ്പ്
text_fieldsന്യൂഡൽഹി: ഏപ്രിലിൽ ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പിനിടെ ഇന്ത്യയുടെ ഒളിമ്പ്യൻ പി.വി. സിന്ധു സെമിഫൈനലിൽ പുറത്താവുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങളിൽ ബാഡ്മിന്റൺ ഏഷ്യ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ചിഹ് ഷെൻ ചെൻ മാപ്പുപറഞ്ഞു.
അമ്പയറിൽ നിന്നുണ്ടായ മാനുഷിക പിഴവാണതെന്നും ഇപ്പോൾ തിരുത്താൻ കഴിയാത്തതിനാൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാനേ നിർവാഹമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ജപ്പാന്റെ അകാനേ യമാഗുചിക്കെതിരായ മത്സരത്തിലെ ആദ്യ സെറ്റ് (21-13) നേടിയ സിന്ധു രണ്ടാമത്തേതിലും (14-11) മുന്നിൽ നിൽക്കെയാണ് കൂടുതൽ സമയമെടുക്കുന്നുവെന്നു പറഞ്ഞ് അമ്പയർ ഒരു പോയന്റ് പെനാൽറ്റി നൽകിയത്. തുടർന്ന് കളിയിൽ മേധാവിത്വം നഷ്ടമാവുകയും ഇന്ത്യക്ക് രണ്ട് ഒളിമ്പിക് മെഡൽ നേടിക്കൊടുത്ത താരം 21-13 19-21 16-21ന് തോറ്റ് പുറത്താവുകയുമായിരുന്നു.
വെങ്കലമാണ് സിന്ധുവിന് ലഭിച്ചത്. കണ്ണീരോടെ കളംവിട്ട ഹൈദരാബാദുകാരി അമ്പയർമാരുടെ നടപടിയെ അന്യായമെന്നും വിശേഷിപ്പിച്ചു. എതിരാളി തയാറെടുക്കാത്തതിനാലാണ് സമയമെടുത്തതെന്നും അമ്പയർ പക്ഷേ, പെട്ടെന്ന് പോയന്റ് നൽകുകയായിരുന്നുവെന്നും തോൽവിക്കു പിന്നിലെ ഒരു കാരണവും അതാണെന്നും സിന്ധു പറയുകയുണ്ടായി.ചൊവ്വാഴ്ച 27 വയസ്സ് തികഞ്ഞ സിന്ധു മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ടൂർണമെന്റിൽ പങ്കെടുക്കാൻ ക്വാലാലംപുരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.