ഏഷ്യൻ ബാഡ്മിന്റൺ: ഇന്ത്യൻ ടീമുകൾ നോക്കൗട്ടിൽ
text_fieldsഷാ ആലം (മലേഷ്യ): ഇന്ത്യയുടെ വനിത, പുരുഷ ടീമുകൾ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. ഒളിമ്പിക് മെഡലിസ്റ്റ് പി.വി. സിന്ധു ഉൾപ്പെട്ട വനിത സംഘം 3-2ന് ചൈനയെ തോൽപിച്ചു. ഗ്രൂപ്പിൽ രണ്ടു ടീമുകൾ മാത്രമായതിനാൽ ഇന്ത്യക്ക് നോക്കൗട്ട് ഉറപ്പായിരുന്നു.
ടോപ് സീഡായ ചൈനയെ വീഴ്ത്തിയതോടെ ഒന്നാം സ്ഥാനക്കാരായിത്തന്നെ സിന്ധുവും സംഘവും കടന്നു. സിന്ധു, ഉയർന്ന റാങ്കുകാരി ഹാൻ യുവിനെ 21-17, 21-15ന് സിംഗ്ൾസിൽ തോൽപിച്ച് ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തു. എന്നാൽ, ഡബ്ൾസിൽ തനിഷ കാസ്ട്രോ-അശ്വിനി പൊന്നപ്പ സഖ്യം ലിയു ഷെങ് ഷു-ടാൻ നിങ് കൂട്ടുകെട്ടിനോട് 19-21, 16-21ന് മുട്ടുമടക്കി. പിന്നാലെ സിംഗ്ൾസിൽ അഷ്മിത ചലിഹയെ 13-21, 15-21ന് വാങ് ഷി യിയും വീഴ്ത്തിയതോടെ ഇന്ത്യ 1-2ന് പിറകിലായി.
തുടർന്ന്, മലയാളി ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് ജോടി ഡബ്ൾസിൽ ലി യി ജിങ്-ലുവോ സു മിൻ ടീമിനെ 10-21, 21-18, 21-17ന് പരാജയപ്പെടുത്തി സമനില പിടിച്ചു (2-2). അഞ്ചാം മത്സരത്തിൽ വു ലു യൂവിനെ ഇന്ത്യയുടെ അൻമോൾ ഖർബ് 22-20, 14-21, 21-18ന് മറിച്ചിട്ടതോടെ ടീമിന് വിജയം സ്വന്തം. പുരുഷന്മാരിൽ ഹോങ്കോങ്ങിനെ 4-1ന് തോൽപിച്ചാണ് ഇന്ത്യ മുന്നേറിയത്. സിംഗ്ൾസിൽ മലയാളിതാരം എച്ച്.എസ്. പ്രണോയിയെ 18-21, 14-21ന് എൻഗ് കാ ലോങ് ആൻഗസ് വീഴ്ത്തി.
ഡബ്ൾസിൽ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം 21-16, 21-11ന് ലൂയ് ചുൻ വായ്-യൂങ് ഷിങ് ചോയ് ജോടിയെ പരാജയപ്പെടുത്തി. ചാൻ യിൻ ചാങ്കിനെ 21-14, 21-9ന് ലക്ഷ്യ സെൻ തറപറ്റിച്ചു. മലയാളി എം.ആർ. അർജുൻ-ധ്രുവ് കപില സഖ്യം 21-12, 21-7ന് ചോ ഹിൻ ലോങ്-ഹുങ് ക്യൂൻ ചുൻ ജോടിയെ കെട്ടുകെട്ടിച്ചപ്പോൾ സിംഗ്ൾസിൽ കിഡംബി ശ്രീകാന്ത് 21-14, 21-18ന് ജേസൻ ഗുനാവനെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.