ചരിത്രം ആവർത്തിക്കാൻ സൗദി ദേശീയ ഗെയിംസിൽ ഇത്തവണയും ബാഡ്മിൻറൺ താരം ഖദീജ നിസ
text_fieldsദമ്മാം: സൗദി ദേശീയ ഗെയിംസിൽ ബാഡ്മിൻറൺ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ ജേതാവായി 10 ലക്ഷം റിയാൽ സമ്മാനത്തുക നേടി മലയാളികളുടെ അഭിമാനമായ കൊടുവള്ളിക്കാരി ഖദീജ നിസ ഇത്തവണയും മത്സരത്തിനിറങ്ങുന്നു. സൗദിയുടെ കായിക ചരിത്രത്തിൽ ആദ്യമായി മലയാളിയുടെ പേര് എഴുതിച്ചേർത്ത ഈ പതിനേഴുകാരി കഴിഞ്ഞ ഒരു വർഷം കൊണ്ട് സ്വന്തം പേരിൽ എഴുതിച്ചേർത്ത നിരവധി നേട്ടങ്ങളുമായാണ് ഇത്തവണ പോരാടാനെത്തുന്നത്.
ഈ മാസം 22ന് ആരംഭിക്കുന്ന സൗദി ദേശീയ ഗെയിംസിൽ 25നാണ് ഖദീജ നിസ ആദ്യ പോരാട്ടത്തിന് അടർക്കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസിലെ മിന്നും വിജയത്തിനു ശേഷം ലോക മാധ്യമങ്ങൾക്ക് പ്രിയങ്കരിയായി മാറിയ ഖദീജ തെൻറ കായിക ജീവിതത്തിലെ തിളക്കമാർന്ന വിജയമാണ് നേടിയെടുത്തത്. സൗദിയെ പ്രതിനിധീകരിച്ച് ഏഴ് അന്താരാഷ്ട്ര ടൂർണമെൻറിലാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഖദീജ പങ്കെടുത്തത്.
പലതിലും മെഡലുകൾ തൂത്തുവാരിയാണ് ഈ കൗമാരക്കാരി തിരികെയെത്തിയത്. കഴിഞ്ഞ തവണ കായികമേളയിലെത്തുമ്പോൾ ബാഡ്മിൻറണിൽ ലോക റാങ്കിങ്ങിൽ 1200 ന് മുകളിലായിരുന്ന ഖദീജ 130 -ാം റാങ്കിലേക്ക് ഉയർത്തിയാണ് തന്റെ തേരോട്ടത്തിന് അടിവരയിട്ടത്. കഴിഞ്ഞ തവണ അൽ നജ്ദ് ക്ലബിന്റെ ഭാഗമായി കളത്തിലിറങ്ങിയ ഖദീജ ഇത്തവണ റിയാദ് ക്ലബിനുവേണ്ടിയാണ് മത്സരിക്കുന്നത്. ഖദീജയുടെ കളിയഴകും കരുത്തും തിരിച്ചറിഞ്ഞ സൗദിയിലെ തന്നെ പ്രമുഖ ക്ലബായ റിയാദ് ക്ലബ് സർവ പിന്തുണയുമായി ഖദീജയുടെ ഒപ്പമുണ്ട്. വർധിച്ച ആത്മവിശ്വാസത്തോടെയാണ് ഇത്തവണയും ഖദീജ കളത്തിലിറങ്ങുന്നത്.
ഖദീജയെ പോലെ കഴിഞ്ഞ തവണ പുരുഷന്മാരുടെ ബാഡ്മിൻറൺ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ ഹൈദരാബാദ് സ്വദേശി ശൈഖ് മെഹദ്ഷായുമായി ചേർന്ന് സൗദിക്ക് വേണ്ടി നിരവധി അന്താരാഷ്ട്ര ടൂർണമെൻറുകളിൽ പങ്കെടുക്കുകയും വിജയങ്ങൾ നേടുകയും ചെയ്തിരുന്നു. റിയാദിലെ ന്യൂമിഡിലീസ്റ്റ് സ്കുളിൽ കോമേഴ്സ് വിഭാഗത്തിൽ 12-ാം ക്ലാസുകാരിയായ ഈ മിടുക്കിക്ക് സ്കുൾ അധികൃതരും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. സ്കുൾ കായിക മേളയിൽ സ്വർണമെഡൽ നേടിയ ഖദീജ രാജസ്ഥാനിൽ നടക്കുന്ന അന്തർദേശീയ കായികമേളയിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.
160 ഓളം ക്ലബുകളിൽനിന്നാണ് ഇത്തവണ ദേശീയ ഗെയിംസിലേക്കുള്ള തെരഞ്ഞെടുപ്പ് മത്സരത്തിന് താരങ്ങൾ എത്തിയത്. ഇവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ടൂർണമെൻറിൽ ക്വാർട്ടർ ഫൈനൽ കടന്നവർക്കാണ് ഇത്തവണ ദേശീയ ഗെയിംസിലേക്ക് പ്രവേശനം ലഭിച്ചത്. ഇത്തവണ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ പലരും ദേശീയ മേളയിൽ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. അപ്പോഴും ചരിത്രം കുറിക്കാൻ മുന്നിൽനിന്ന നിർവൃതിയിലാണ് ഖദീജ. റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ് ഖദീജ നിസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.