ഫ്രഞ്ച് ഓപൺ ബാഡ്മിന്റൺ; ലോക ഒന്നാം നമ്പർ സഖ്യത്തെ വീഴ്ത്തി സാത്വിക്-ചിരാഗ് ജോടി
text_fieldsപാരിസ്: ഫ്രഞ്ച് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് സിംഗ്ൾസിൽ ഇന്ത്യൻ വെല്ലുവിളി അവസാനിച്ചപ്പോൾ ഡബിൾസിൽ വമ്പൻ അട്ടിമറിയുമായി സാത്വിക് സായ് രാജ് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിഫൈനലിൽ. ലോക എട്ടാം നമ്പറായ ഇന്ത്യൻ ജോടി ഒന്നാം നമ്പറുകാരായ ജപ്പാന്റെ തകുറോ ഹോകി-യൂഗോ കൊബയാഷി ടീമിനെയാണ് ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകളിൽ തകർത്തത്. സ്കോർ: 21-12, 21-16. സെമിയിൽ ദക്ഷിണ കൊറിയയുടെ 18ാം റാങ്കുകാരായ ചോയ് സോൾ ഗ്യു-കിം വോൻ ഹോ സഖ്യമാണ് ഇന്ത്യൻ ജോടിയുടെ എതിരാളികൾ.
സിംഗ്ൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയും കിഡംബി ശ്രീകാന്തും സമീർ വർമയും പ്രീക്വാർട്ടറിൽ പുറത്തായി. ലോക 11ാം നമ്പർ താരമായ ശ്രീകാന്ത് 21-19, 12-21, 19-21ന് ഡെന്മാർക്കിന്റെ 16ാം നമ്പർ റാസ്മസ് ജെംകെയോടും 12ാം നമ്പർ പ്രണോയ് 19-21, 22-20, 19-21ന് ചൈനയുടെ 22ാം നമ്പർ ലു ഗ്വാങ് സുവിനോടും 31ാം നമ്പറുകാരനായ സമീർ 18-21, 11-21ന് 10ാം നമ്പർ താരം തായ്ലൻഡിന്റെ കുൻലാവുട് വിതിദ്സരണിനോടുമാണ് തോറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.