ലോക റാങ്കിങ്ങിൽ കുതിപ്പു നടത്തി എച്ച്.എസ്. പ്രണോയ്, വീണ്ടും ആദ്യ 15നുള്ളിൽ
text_fieldsന്യൂഡൽഹി: നാലു വർഷത്തെ ഇടവേളക്കുശേഷം ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ആദ്യ 15ൽ ഇടംപിടിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്. പുതുക്കിയ റാങ്കിങ്ങിൽ പ്രണോയ് 15-ാം സ്ഥാനത്താണ്. മുമ്പ് റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിക്ക് ഈ വർഷം കോർട്ടിൽ മികവുറ്റ നേട്ടങ്ങൾ കൊയ്യാൻ കഴിഞ്ഞത് റാങ്കിങ്ങിൽ ആദ്യ 15ൽ ഉൾപെടാൻ തുണയായി. ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ റാങ്കിങ്ങിൽ പ്രണോയ് ഒന്നാമതുണ്ട്.
ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് റാങ്കിങ്ങിൽ ഒരു സ്ഥാനം മുന്നോട്ടുകയറി 11-ാമതെത്തിയിട്ടുണ്ട്. മിഥുൻ മഞ്ജുനാഥും പ്രിയാൻഷു രജ്‍വതും യഥാക്രമം നാലും മൂന്നും സ്ഥാനം മുന്നോട്ടുകയറി 40, 66 റാങ്കുകളിലെത്തി. പുരുഷ ഡബിൾസിൽ എം.ആർ. അർജുൻ-ധ്രുവ് കപില ടീം മൂന്നു സ്ഥാനം മുന്നോട്ടു കയറി 23ലെത്തി.
ഈ വർഷം ജനുവരിയിൽ ഇന്ത്യ ഓപണിൽ ക്വാർട്ടർ ഫൈനലിലെത്തിയാണ് പ്രണോയ് തുടങ്ങിയത്. അതേ മാസത്തിൽ സയ്ദ് മോദി ഇന്റർനാഷനലിലും ക്വാർട്ടർ ഫൈനലിൽ കടന്നു. മാർച്ചിൽ ജർമൻ ഓപൺ ടൂർണമെന്റിലും അവസാന എട്ടിൽ ഇടംപിടിച്ച മലയാളിതാരം ആൾ ഇംഗ്ലണ്ട് ഓപണിൽ ആദ്യ റൗണ്ടിനപ്പുറം കടന്നില്ല. മാർച്ചിൽ നടന്ന സ്വിസ് ഓപണിൽ പക്ഷേ, റണ്ണറപ്പ് നേട്ടം കൊയ്ത് തിരിച്ചുവന്നു. ഏപ്രിലിൽ കൊറിയ ഓപണിൽ ആദ്യറൗണ്ടിൽ പുറത്തായി. മേയിൽ നടന്ന തായ്‍ലാൻഡ് ഓപണിലും ആദ്യറൗണ്ടിനപ്പുറം കടന്നില്ല.
ജൂണിൽ നടന്ന ഇന്തോനേഷ്യ ഓപണിൽ സെമിഫൈനലിലെത്തി. മലേഷ്യ ഓപണിൽ ക്വാർട്ടർ ഫൈനലിൽ അടിയറവു പറഞ്ഞു. ജൂലൈയിൽ മലേഷ്യ മാസ്റ്റേഴ്സ് ടൂർണമെന്റിൽ സെമി ഫൈനലിൽ കടന്നു. അതേമാസം നടന്ന സിംഗപ്പൂർ ഓപണിൽ ക്വാർട്ടർ ഇടംപിടിച്ചു. ആഗസ്റ്റിൽ ജപ്പാൻ ഓപണിലും പ്രണോയ് ക്വാർട്ടർ ഫൈനലിൽ കീഴടങ്ങുകയായിരുന്നു. ബി.ഡബ്ല്യു.എഫ് ടൂർ ജനുവരി 11ന് തുടങ്ങി ഡിസംബർ 18നാണ് അവസാനിക്കുക. 22 ടൂർണമെന്റുകളടങ്ങിയതാണിത്. ഇവയെ അഞ്ചു തട്ടുകളാക്കി തിരിച്ചാണ് റാങ്കിങ് പോയന്റുകളും പ്രൈസ് മണിയും നിശ്ചയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.