മലയാളി താരം എച്ച്.എസ്. പ്രണോയ് ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ
text_fieldsസിഡ്നി: ആസ്ട്രേലിയൻ ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ മലയാളി സൂപ്പർ താരം എച്ച്.എസ്. പ്രണോയ് അപരാജിത കുതിപ്പിൽ കിരീടത്തിനരികെ. ശനിയാഴ്ചത്തെ സെമി ഫൈനലിൽ ഇന്ത്യയുടെ തന്നെ പ്രിയാൻഷു രജാവത്തിനെയാണ് ലോക ഒമ്പതാം റാങ്കുകാരൻ തോൽപിച്ചത്. സ്കോർ: 21-18, 21-12.
ഞായറാഴ്ചത്തെ ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് പ്രണോയിയുടെ എതിരാളി. ഇക്കഴിഞ്ഞ മേയിൽ നടന്ന മലേഷ്യ മാസ്റ്റേഴ്സ് കലാശപ്പോരാട്ടത്തിൽ വെങ്ങിനെ വീഴ്ത്തിയാണ് പ്രണോയ് കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടം നേടിയത്. നിലവിൽ ലോക 24ാം നമ്പർ താരമാണ് ചൈനക്കാരൻ. ഇരുവരും ഒരു തവണ മാത്രമേ മുഖാമുഖം വന്നുള്ളൂ.
ഇന്തോനേഷ്യയുടെ ലോക രണ്ടാം റാങ്കുകാരൻ ആന്തണി ജിന്റിങ്ങിനെ ക്വാർട്ടർ ഫൈനലിൽ തോൽപിച്ചതിന്റെ ആത്മവിശ്വാസവുമായാണ് പ്രണോയ് ഇന്നലത്തെ സെമിക്കിറങ്ങിയത്. തുടക്കത്തിൽ പ്രിയാൻഷുവിന്റെ കൈയിലായിരുന്നു കളി. മധ്യപ്രദേശ് സ്വദേശിയായ 21 വയസ്സുകാരൻ 0-2 ലീഡ് നേടിയെങ്കിലും പ്രണോയ് പതിയെ തിരിച്ചുവന്നു. ആദ്യ സെറ്റിൽ 7-7ലും 14-14ലും 18-18ലും മത്സരം മുറുകിയെങ്കിലും പ്രണോയിയുടെ പരിചയസമ്പത്തിനു മുന്നിൽ പ്രിയാൻഷുവിന് മുട്ടുമടക്കേണ്ടിവന്നു (21-18).
രണ്ടാം സെറ്റിൽ കുറച്ചു വ‍്യത്യസ്തമായിരുന്നു കാര്യങ്ങൾ. തുടക്കത്തിൽ 5-2ലേക്ക് ലീഡെത്തിച്ച പ്രണോയ് ഇടക്ക് മങ്ങിയപ്പോൾ ഒരിക്കൽക്കൂടി 7-7ലേക്ക് കൊണ്ടുവരാനായി പ്രിയാൻഷുവിന്. അധികം വൈകാതെ നാലു പോയന്റ് ലീഡെടുത്തു പ്രണോയ്. വീണ്ടും തിരിച്ചുവന്ന പ്രിയാൻഷു 13-11 വരെയാക്കിയെങ്കിലും പിന്നെ കണ്ടത് തിരുവനന്തപുരത്തുകാരന്റെ ഏകപക്ഷീയ മുന്നേറ്റം (21-12).
നല്ല രണ്ടു വർഷങ്ങൾ -എസ്.എസ്. പ്രണോയ്
കഴിഞ്ഞ രണ്ടു വർഷം എനിക്ക് നല്ലതായിരുന്നു. സ്ഥിരമായി മത്സരങ്ങൾ ജയിക്കാൻ കഴിഞ്ഞു, ഈ വർഷം സവിശേഷമാണ്. മലേഷ്യയിൽ ചെയ്തതിന് സമാനമായ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വെങ് (ഇന്നത്തെ എതിരാളി) വളരെ കൗശലക്കാരനാണ്. അവന് വലിയ മത്സരങ്ങൾ കളിക്കാൻ കഴിയും. കഴിഞ്ഞ ആറു മാസത്തിനിടെ, അവൻ വമ്പന്മാരെ തോൽപിച്ചു. അതിനാൽ ഇത് എളുപ്പമല്ല. പ്രത്യേകിച്ച് ഇടൈങ്കയൻ ആണ് വെങ്. പക്ഷേ, ഫൈനൽ എന്നാൽ ഫൈനലായിരിക്കും. ഞാൻ എല്ലാം പുറത്തെടുക്കും -എസ്.എസ്. പ്രണോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.