ഇന്ത്യയെ തോമസ് കപ്പ് ഫൈനലിലേക്ക് നയിച്ച് എച്ച്.എസ്. പ്രണോയ്
text_fieldsബാങ്കോക്: തോമസ് കപ്പിന്റെ ചരിത്രത്തിലാദ്യമായി മെഡലുറപ്പിച്ച ഇന്ത്യൻ ടീം സ്വർണപ്പോരാട്ടത്തിന്. ഇഞ്ചോടിഞ്ച് സെമി ഫൈനലിൽ ഡെന്മാർക്കിനെ 3-2ന് തോൽപിച്ചാണ് പ്രഥമ ഫൈനൽ പ്രവേശനം. സെമിയിൽ ഇരു ടീമും രണ്ടു വീതം മത്സരങ്ങൾ ജയിച്ച് സമനിലയിൽ നിൽക്കെ മലയാളി താരം എച്ച്.എസ്. പ്രണോയിയാണ് ഇന്ത്യയെ കലാശക്കളിയിലേക്ക് നയിച്ചത്. വ്യാഴാഴ്ച മലേഷ്യക്കെതിരായ ക്വാർട്ടർ ഫൈനലിലും സമാന അവസ്ഥയിൽനിന്ന് പ്രണോയ് വിജയം സ്വന്തമാക്കി മെഡലുറപ്പിക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്തോനേഷ്യയാണ് എതിരാളികൾ.
ഇന്ത്യയുടെ ലക്ഷ്യ സെന്നും ഡെന്മാർക്കിന്റെ വിക്ടർ അക്സൽസനും തമ്മിലായിരുന്നു ആദ്യ സിംഗിൾസ്. 13-21, 13-21 സ്കോറിൽ വിജയം അക്സൽസനൊപ്പം നിന്നു. പിറകിലായ ഇന്ത്യ ഡബിൾസിൽ തിരിച്ചടിച്ചു. സാത്വികാ റാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് കിം ആസ്ട്രപ്-മതിയാസ് ക്രിസ്റ്റ്യാൻസെൻ സഖ്യത്തെ 21-18, 21-23, 22-20 എന്ന സ്കോറിൽ ജയിച്ചു.
കിഡംബി ശ്രീകാന്തും ആൻഡേഴ്സ് ആന്റൻസണും തമ്മിലായിരുന്നു അടുത്ത പോരാട്ടം. 21-18, 12-21, 21-15ന് ശ്രീകാന്തിന് തകർപ്പൻ ജയം. 2-1ന് ലീഡ് പിടിച്ച ഇന്ത്യക്ക് രണ്ടാം ഡബിൾസിലെ തോൽവി നിരാശയുണ്ടാക്കി. കൃഷ്ണപ്രസാദ് ഗരാഗയും വിഷ്ണു വർധൻ പഞ്ചാലയും 14-21, 13-21 സ്കോറിൽ ആൻഡേഴ്സ് റെമ്യൂസൻ-ഫ്രെഡറിക് സൊഗാർഡ് സഖ്യത്തോട് പരാജയപ്പെട്ടു.
2-2 സമനിലയിൽ നിൽക്കെ ഫൈനലിൽ എത്തിക്കേണ്ട ചുമതല പ്രണോയിയുടെ ചുമലിലായി. റാസ്മസ് ജെംകെയായിരുന്നു എതിരാളി. ആദ്യ സെറ്റ് നഷ്ടമായ (13-21) പ്രണോയ് തകർപ്പൻ തിരിച്ചുവരവിലൂടെ 21-9, 21-12 സ്കോറിൽ രാജ്യത്തിന് സ്വപ്നതുല്യമായ നേട്ടം സമ്മാനിക്കുകയായിരുന്നു. 73 വർഷത്തിനിടെ ഒരു തവണ പോലും ഇന്ത്യ തോമസ് കപ്പ് ഫൈനലിലെത്തിയിട്ടില്ല. 1952ലും '55ലും '79ലും സെമിയിൽ പുറത്തായി. അക്കാലത്ത് ഫൈനലിസ്റ്റുകൾക്ക് മാത്രമായിരുന്നു മെഡൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.