സുദിർമൻ കപ്പ് ബാഡ്മിന്റൺ: അതിദയനീയം; ഇന്ത്യ പുറത്ത്
text_fieldsസൂഷു (ചൈന): സുദിർമൻ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ ദയനീയപ്രകടനവുമായി ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്ത്. മിക്സഡ് ടീം ചാമ്പ്യൻഷിപ് ഗ്രൂപ് സിയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി പിണഞ്ഞു. ആദ്യ കളിയിൽ ചൈനീസ് തായ്പേയിയോട് 1-4നാണ് മുട്ടുമടക്കിയതെങ്കിൽ തിങ്കളാഴ്ച 0-5നായിരുന്നു പരാജയം. ഇതോടെ നാലു ടീമുകളടങ്ങിയ ഗ്രൂപ്പിൽ ഇന്ത്യ മൂന്നാമതായി. ബുധനാഴ്ച നടക്കുന്ന ആസ്ട്രേലിയക്കെതിരായ മത്സരം അപ്രസക്തവുമായി. ആദ്യ രണ്ടു സ്ഥാനക്കാരായ മലേഷ്യയും ചൈനീസ് തായ്പേയിയും ക്വാർട്ടറിലേക്കു മുന്നേറി.
മലേഷ്യക്കെതിരെ മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ പോരാട്ടം തുടങ്ങിയ ധ്രുവ് കപില-അശ്വിനി പൊന്നപ്പ സഖ്യം ഗോ സൂൻ ഹുവാറ്റ്-ലായ് ഷെവോൻ ജെമി ജോടിയോട് 16-21, 17-21 സ്കോറിന് പരാജയപ്പെട്ടു. തുടർന്ന് പുരുഷ സിംഗ്ൾസിൽ കിഡംബി ശ്രീകാന്തിനെ ലീ സീ ജിയ 16-21, 11-21നും വീഴ്ത്തി. ഒളിമ്പിക് മെഡൽ ജേത്രി പി.വി. സിന്ധുവിന്റേതായിരുന്നു അടുത്ത ഊഴം. ഗോ ജിൻ വേയിയോട് 21-14, 10-21, 20-22നാണ് വനിത സിംഗ്ൾസിൽ സിന്ധു മുട്ടുമടക്കിയത്. പുരുഷ ഡബ്ൾസിൽ സാത്വിക് സായ് രാജ് രൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ആരോൺ ചിയ-സോ വൂയ് യിക് കൂട്ടുകെട്ടിനോട് 18-21, 19-21നും തോൽവി വഴങ്ങി.
ചൈനീസ് തായ്പേയിയോട് ജയിച്ച് മാനംകാത്ത മലയാളി ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് ജോടിക്കും ഇക്കുറി രക്ഷയുണ്ടായില്ല. വനിത ഡബ്ൾസിൽ ടാൻ പേളി-തിന മുരളീധരൻ സഖ്യത്തോട് ഇവർ 13-21, 15-21 സ്കോറിനും തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.