ഇന്തോനേഷ്യ മാസ്റ്റേഴ്സ്: ഒളിമ്പിക് ചാമ്പ്യനെ വീഴ്ത്തി പ്രണോയ്
text_fieldsബാലി: ഒളിമ്പിക് ചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമായ വിക്ടർ അക്സൽസണിനെ മലയാളി താരം എച്ച്.എസ്. പ്രണോയ് വീഴ്ത്തിയ ദിനത്തിൽ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിൻറൺ ടൂർണമെൻറിൽ ക്വാർട്ടർ ഫൈനലിൽ ഇടമുറപ്പിച്ച് മൂന്ന് ഇന്ത്യക്കാർ. പ്രണോയ്ക്കൊപ്പം ലോകചാമ്പ്യൻ പി.വി. സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവരാണ് അവസാന എട്ടിലെത്തിയത്. ലോക ഒന്നാം നമ്പർ താരം കെേൻറാ മൊമോട്ടക്കു മുന്നിൽ കീഴടങ്ങിയ ലക്ഷ്യ സെന്നിെൻറ കുതിപ്പ് പ്രീക്വാർട്ടറിൽ അവസാനിച്ചു.
ഒളിമ്പിക് സ്വർണനേട്ടത്തിനു ശേഷം തോൽവിയറിയാതെ കുതിക്കുകയായിരുന്ന ഡാനിഷ് താരത്തിനെതിരെ ആദ്യ സെറ്റ് കാര്യമായ എതിർപ്പുയർത്താതെ കൈവിട്ട ശേഷമായിരുന്നു കരുത്തും കളിയഴകും സമം ചേർത്ത് പ്രണോയിയുടെ തിരിച്ചുവരവ്. നീണ്ട ഇടവേളയിൽ വലിയ പോരിടങ്ങളിലില്ലാതിരുന്ന മലയാളി താരം തുടക്കത്തിൽ പതർച്ച കാട്ടിയത് മുതലെടുത്ത് അക്സൽസൺ 21-14ന് ആദ്യ സെറ്റ് പിടിച്ചു. ഒപ്പത്തിനൊപ്പം നിന്ന രണ്ടാം സെറ്റിൽ അവസാനം വരെ കൊണ്ടും കൊടുത്തും മുന്നേറിയ എതിരാളിയെ അവസാനം അടിച്ചിട്ട് 21-19ന് പ്രണോയ് ജയിച്ചു.
പിന്നീടും കിടിലൻ സ്മാഷുകളും മനോഹര േപ്ലസുകളുമായി കോർട്ട് നിറഞ്ഞുകളിച്ച പ്രണോയ് നിർണായക സെറ്റും കളിയും പിടിക്കുകയായിരുന്നു. സ്കോർ 14-21, 21-19, 21-16. ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനം വരെ എത്തിയിരുന്ന പ്രണോയ് നിലവിൽ 32ാം സ്ഥാനത്താണ്. ആറു തവണ ഇരുവരും ഏറ്റുമുട്ടിയതിൽ ആദ്യമായാണ് പ്രണോയ് ജയിക്കുന്നത്.
വനിത സിംഗിൾസിൽ മൂന്നാം സീഡായ നിലവിലെ ലോക ചാമ്പ്യൻ പി.വി. സിന്ധു ലോക 47ാം നമ്പറായ സ്പാനിഷ് താരം ക്ലാര അസുർമെൻഡിയെ തോൽപിച്ചു. സ്കോർ 17-21, 21-7, 21-12. സിന്ധുവിന് തുർക്കി താരം നെസ്ലിഹാൻ യിഗിറ്റ് ആണ് ക്വാർട്ടറിൽ എതിരാളി.
മറ്റൊരു മത്സരത്തിൽ ലോക 15ാം നമ്പറായ ശ്രീകാന്ത് എട്ടാം നമ്പറായ ഇന്തോനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ വീഴ്ത്തി. ഒരു മണിക്കൂർ രണ്ടു മിനിറ്റ് നീണ്ട മത്സരത്തിലായിരുന്നു 13-21 21-18 21-15 എന്ന സ്കോറിന് ജയം. ക്വാർട്ടറിൽ പ്രണോയ് ആണ് ശ്രീകാന്തിെൻറ എതിരാളി. 20കാരനായ ലക്ഷ്യ സെൻ മൊമോട്ടക്ക് മുന്നിൽ നേരിട്ടുള്ള സെറ്റുകളിൽ കീഴടങ്ങിയപ്പോൾ (13-21, 19-21) ഡബ്ൾസിൽ ധ്രുവ് കപില- എൻ. സിക്കി റെഡ്ഡി സഖ്യവും തോൽവിയോടെ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.