ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ ചിരാഗ്-സാത്വിക് സഖ്യത്തിന്
text_fieldsജകാർത്ത: ലോക ചാമ്പ്യന്മാരെ വീഴ്ത്തി ചരിത്രത്തിലേക്ക് ഷട്ടിലടിച്ച് ഇന്ത്യയുടെ സാത്വിക് സായ് രാജ് രാൻകി റെഡ്ഡിയും ചിരാഗ് ഷെട്ടിയും. ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ ഗ്രേഡ് 2 ടൂർണമെന്റായ സൂപ്പർ 1000ൽ ജേതാക്കളാവുന്ന ആദ്യ ഇന്ത്യൻ സഖ്യമെന്ന നേട്ടം സ്വന്തമാക്കി ഇവർ കിരീടം ചൂടി. ഇന്തോനേഷ്യ ഓപൺ സൂപ്പർ 1000 ബാഡ്മിന്റൺ പുരുഷ ഡബ്ൾസ് ഫൈനലിൽ മലേഷ്യയുടെ ആരോൺ ചിയ- സോ വൂയ് യിക് ജോടിയെ 21-17, 21-18 സ്കോറിന് വീഴ്ത്തുകയായിരുന്നു. ലോക ചാമ്പ്യന്മാരായ ചിയ- വൂയ് യിക് സഖ്യം മൂന്നാം റാങ്കുകാരാണ്. ഇവരേക്കാൾ മൂന്ന് സ്ഥാനം പിറകിലാണ് ആന്ധ്രപ്രദേശിൽ നിന്നുള്ള സാത്വികും മുംബൈ സ്വദേശിയായ ചിരാഗും. ചിയ- വൂയ് യിക് കൂട്ടുകെട്ടുമായി മുമ്പ് നടന്ന പത്തിൽ പത്ത് മത്സരങ്ങളിലും പരാജയമായിരുന്നു ഫലം.
മുക്കാൽ മണിക്കൂറോളം നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സഖ്യത്തിന്റെ കിരീടധാരണം. ഒന്നാം ഗെയിമിൽ മികച്ച പ്രകടനവുമായി ചിയയും വൂയ് യികും സാത്വിക്-ചിരാഗ് ടീമിന് വെല്ലുവിളിയുയർത്തി. എന്നാൽ, ശക്തമായി തിരിച്ചുവന്ന ഇരുവരും 21-17ന് ഗെയിം നേടി. രണ്ടാം ഗെയിമിലൂടെ മലേഷ്യക്കാർ മുൻതൂക്കം നേടാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ജോടി വിട്ടുകൊടുത്തില്ല. 21-18ന് അതും നേടി ജയം ഉറപ്പാക്കി. 2010ലും 2012ലും സൈന നെഹ്വാൾ വനിതകളിലും 2017ൽ കിഡംബി ശ്രീകാന്ത് പുരുഷന്മാരിലും ഇന്തോനേഷ്യ ഓപൺ സിംഗ്ൾസ് കിരീടം നേടിയിട്ടുണ്ട്. ഇന്ത്യൻ സഖ്യം ഫൈനലിലെത്തുന്നത് തന്നെ ഇതാദ്യം. കിരീടവുമായി അതിന് തിളക്കമേറ്റി സാത്വികും ചിരാഗും. ''ഞങ്ങൾ ഇതിനായി വളരെ നന്നായി തയാറെടുത്തിരുന്നു. കാണികൾ പിന്തുണക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവർ ടൂർണമെൻറിലുടനീളം പിന്തുണച്ചത് അതിശയകരമായ കാഴ്ചയായിരുന്നു. ഇന്ന് ഗംഭീരമായി കളിച്ചു. കണക്കിൽ മുൻതൂക്കം എതിരാളികൾക്കായിരുന്നു. അതിനാൽ ഒരു സമയം ഒരു പോയന്റിലൂന്നി. അത് ഞങ്ങൾക്ക് ഫലം നേടിത്തന്നു" -മത്സരശേഷം സാത്വിക് പറഞ്ഞു.
•സൂപ്പർ 1000 ടൂർണമെന്റ് ഡബ്ൾസ് ജേതാക്കളാവുന്ന ആദ്യ ഇന്ത്യക്കാർ
എന്താണ് സൂപ്പർ 1000 ടൂർണമെന്റ്
ലോക ബാഡ്മിന്റൺ ഫെഡറേഷന് കീഴിൽ നടത്തുന്ന ടൂർണമെന്റുകളെ വിവിധ ഗ്രേഡുകളാക്കി തിരിച്ചിട്ടുണ്ട്. ഗ്രേഡ് 1 (എസ് -ടയർ) വിഭാഗത്തിൽ വരുന്നതാണ് ലോക ചാമ്പ്യൻഷിപ്, തോമസ് കപ്പ്, സുദിർമാൻ കപ്പ് തുടങ്ങിയവ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന ഒളിമ്പിക് ഗെയിംസ് മത്സരങ്ങളും ഇതിൽപെടും. ഗ്രേഡ് 2ൽ (എ-ടയർ) ആറ് ലെവലുകളുണ്ട്. വേൾഡ് ടൂർ ഫൈനൽസ്, വേൾഡ് ടൂർ സൂപ്പർ 1000, സൂപ്പർ 750, സൂപ്പർ 500, സൂപ്പർ 300, ടൂർ സൂപ്പർ 100 എന്നിവ. കാറ്റഗറിക്കനുസരിച്ച് സമ്മാനത്തുകയിലും റാങ്കിങ് പോയന്റിലും വ്യത്യാസമുണ്ട്. ഗ്രേഡ് 2ലെ രണ്ടാം ലെവൽ ടൂർണമെന്റാണ് ഇന്തോനേഷ്യ ഓപൺ സൂപ്പർ 1000. ഡബ്ൾസ് വിജയികളുടെ സമ്മാനത്തുക 92,500 യു.എസ് ഡോളറാണ്, എകദേശം 76 ലക്ഷം രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.