മലയാളി താരം കിരൺ ജോർജിന് ഇന്തോനീഷ്യൻ മാസ്റ്റേഴ്സ് കിരീടം
text_fieldsമെഡാൻ: ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 100 ബാഡ്മിന്റൺ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന അഭിമാന നേട്ടവുമായി മലയാളിതാരം കിരൺ ജോർജ്. ഞായറാഴ്ച നടന്ന ഇഞ്ചോടിഞ്ച് പുരുഷ സിംഗ്ൾസ് ഫൈനൽ പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകൾക്ക് ജപ്പാന്റെ ലോക 82ാം നമ്പർ കൂ തകാഹാഷിയെയാണ് കിരൺ തോൽപിച്ചത്. സ്കോർ: 21-19, 22-20. കഴിഞ്ഞ വർഷം ഒഡിഷ ഓപൺ കിരീടം നേടിയ താരത്തിന്റെ രണ്ടാമത്തെ ലോക ബാഡ്മിന്റൺ ഫെഡറേഷൻ (ബി.ഡബ്ല്യു.എഫ്) വേൾഡ് ടൂർ ടൈറ്റിലാണിത്. കൊച്ചി കടവന്ത്രയാണ് 23കാരനായ കിരണിന്റെ സ്വദേശം.
കൊണ്ടും കൊടുത്തും
നിലവിൽ ലോക 50ാം റാങ്കുകാരനായ കിരൺ ജോർജ് 56 മിനിറ്റ് നീണ്ട മത്സരത്തിലാണ് തകാഹാഷിയെ തോൽപിച്ചത്. ആദ്യ ഗെയിമിൽ ഒരുവേള 1-4ന് പിറകിൽ നിന്നശേഷം കയറിവരുകയായിരുന്നു ഇന്ത്യൻ താരം. 8-8ലെത്തിയശേഷം കിരൺ മുന്നിലേക്കു കയറി 18-15ന്റെ ലീഡ് പിടിച്ചെങ്കിലും തകാഹാഷി തിരിച്ചുവന്ന് 21-19ൽ അവസാനിപ്പിച്ചു.
രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ജാപ്പനീസ് താരം കിരണിന് ശക്തമായ വെല്ലുവിളി ഉയർത്തി. 6-6ൽ നിൽക്കെ കുതിച്ച കിരൺ 16-11ന് ലീഡ് ചെയ്തെങ്കിലും തകാഹാഷിയുടെ ഗംഭീര തിരിച്ചുവരവിൽ 19-19 വരെയെത്തി. 6.23 ലക്ഷം ഇന്ത്യൻ രൂപയാണ് വിജയിക്ക് സമ്മാനത്തുക.
ബാഡ്മിന്റൺ കുടുബം
ബംഗളൂരു പ്രകാശ് പദുകോൺ അക്കാദമി താരമായ കിരൺ, അര്‍ജുന അവാര്‍ഡ് ജേതാവായ ബാഡ്മിന്റണ്‍ താരം ജോര്‍ജ് തോമസിന്റെയും യൂനിവേഴ്സിറ്റി താരമായിരുന്ന പ്രീത ജോർജിന്റെയും മകനാണ്. ഈ വർഷം തായ് ലൻഡ് ഓപണിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയിരുന്നു. തോമസ് കപ്പ്, ലോക ജൂനിയർ ചാമ്പ്യൻഷിപ്, ജൂനിയർ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് തുടങ്ങിയവയിലും ഇന്ത്യയെ പ്രതിനിധാനംചെയ്തു.
മൂന്ന് ബി.ഡബ്ല്യു.എഫ് ഇന്റർനാഷനൽ കിരീടങ്ങളും നേടിയിട്ടുണ്ട്. 1998ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കളിച്ച് വെള്ളി നേടിയ ടീമിലെ അംഗമായിരുന്ന പിതാവ് ജോർജ് തോമസിന് ബാഡ്മിന്റണിലെ മികവ് പരിഗണിച്ച് 2002ല്‍ രാജ്യം അര്‍ജുന നല്കി ആദരിച്ചിരുന്നു. സഹോദരന് അരുണ്‍ തോമസ് ഡബ്ള്‍സിലാണ് പ്രതിഭ തെളിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.