ഒഡിഷ ഓപൺ ബാഡ്മിന്റണിൽ മലയാളി താരം കിരൺ ജോർജിന് കിരീടം
text_fieldsകട്ടക്ക്: ഒഡിഷ ഓപൺ സൂപ്പർ 100 ബാഡ്മിന്റൺ ടൂർണമെന്റിൽ മലയാളി താരം കിരൺ ജോർജിന് കിരീടം. ഫൈനലിൽ ലോകറാങ്കിങ്ങിൽ നൂറാമനായ പ്രിയാൻഷു രജാവത്തിനെ 21-15, 14-21, 21-18ന് കീഴടക്കിയാണ് 80ാം റാങ്കുകാരനായ കിരൺ ജേതാവായത്. വനിതകളിൽ 14കാരിയായ ഉന്നതി ഹൂഡ കിരീടം സ്വന്തമാക്കി.
163ാം റാങ്കുകാരിയായ സ്മിത്ത് തോഷ്നിവാളിനെ 21-18 21-11ന് തകർത്താണ് 48ാം റാങ്കുകാരിയുടെ വിജയഭേരി. സൂപ്പർ 100 കിരീടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് ഹൂഡ.
ബാഡ്മിന്റൺ കുടുംബത്തിൽനിന്നാണ് 21കാരനായ കിരൺ ജോർജിന്റെ വരവ്. എറണാകുളം കടവന്ത്ര ഗിരിനഗർ സ്വദേശിയായ കിരൺ അർജുന അവാർഡ് ജേതാവും ദേശീയ ചാമ്പ്യനുമായ ജോർജ് തോമസിന്റെ ഇളയ മകനാണ്.
തേവര സേക്രഡ് ഹാർട്ട് കോളജിൽ നിന്ന് ബികോം പൂർത്തിയാക്കിയ കിരൺ ഏഴുവർഷമായി ബംഗളൂരു പ്രകാശ് പദുകോൺ ബാഡ്മിൻറൺ അക്കാദമിയിൽ പരിശീലനം നേടുന്നു. ഒക്ടോബറിൽ ഡെന്മാർക് തോമസ് കപ്പ്, സുധിർമാൻ കപ്പ് എന്നിവയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. ഈമാസം 15 മുതൽ 20 വരെ മലേഷ്യയിൽ നടക്കുന്ന ബാഡ്മിന്റൺ ഏഷ്യ കപ്പ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലും ഇടംകണ്ടിട്ടുണ്ട് കിരൺ. ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജരായ ജോർജ് തോമസിന്റെ ഭാര്യ പ്രീതയും ബാഡ്മിൻറൺ ദേശീയ താരമായിരുന്നു. മൂത്ത മകൻ അരുൺ ജോർജും ബാഡ്മിന്റൺ താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.