ട്രെയിൻ ടിക്കറ്റില്ല; മന്ത്രി ഇടപെട്ടു, ബാഡ്മിന്റൺ താരങ്ങളെ വിമാനത്തിൽ അയക്കും
text_fieldsതിരുവനന്തപുരം: ഭോപാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കായികതാരങ്ങൾക്ക് ട്രെയിനിൽ സീറ്റ് ലഭിക്കാതെ വന്നതോടെ, താരങ്ങൾക്ക് വിമാന ടിക്കെറ്റെടുത്ത് നൽകാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.
തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിനാണ് നിർദേശം നൽകിയത്. നവംബർ 17ന് ഭോപാലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേർക്കും തേർഡ് എ.സി ടിക്കറ്റ് പൊതു വിദ്യാഭ്യാസ വകുപ്പ് എടുത്തുനൽകിയിരുന്നു. ടിക്കറ്റ് കൺഫേം ചെയ്യാൻ മന്ത്രിമാരുടെയും എം.പിമാരുടെയും എമർജൻസി ക്വോട്ടയിൽ അപേക്ഷ നൽകുകയും ചെയ്തു.
എന്നാൽ, മുഴുവൻ ടിക്കറ്റുകളും കൺഫേം ആയില്ല. ഇതറിഞ്ഞ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി കുട്ടികളെ വിമാനത്തിൽ അയക്കാൻ നിർദേശം നൽകുകയായിരുന്നു. 16 പേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഏഴുപേർ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഭോപാലിലേക്ക് തിരിക്കും.
അതേ സമയം, കേരളത്തിൽനിന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾക്ക് ട്രെയിനുകളിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.