‘അവളുടെ മോശം പ്രകടനത്തിന് ഞാൻ തന്നെ കാരണക്കാരൻ’- രണ്ടാം ഒളിമ്പിക് മെഡൽ സമ്മാനിച്ച കോച്ചുമായി വഴി പിരിഞ്ഞ് പി.വി സിന്ധു
text_fieldsനാലു വർഷത്തിനിടെ രണ്ടാം ഒളിമ്പിക് മെഡലും എണ്ണമറ്റ കിരീടങ്ങളും സ്വന്തമാക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന കൊറിയൻ കോച്ചുമായി വഴി പിരിഞ്ഞ് ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി സിന്ധു. നാല് ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ കിരീടങ്ങൾ, സയിദ് മോദി ഇന്റർനാഷനൽ, സ്വിസ് ഓപൺ, സിംഗപ്പൂർ കിരീടങ്ങൾ എന്നിവക്ക് പുറമെ 2022 കോമൺവെൽത്ത് ഗെയിംസ് സ്വർണം, ടോകിയോ ഒളിമ്പിക്സ് വെങ്കലം എന്നിവയും നേടാൻ സഹായിച്ച പാർക് ടീ സാങ്ങുമായുള്ള കരാറാണ് സിന്ധു അവസാനിപ്പിക്കുന്നത്.
പുതിയ വർഷത്തിൽ ഇതുവരെയും മോശം പ്രകടനം തുടരുന്നതാണ് പരിശീലക മാറ്റത്തിന് താരത്തെ പ്രേരിപ്പിക്കുന്നത്.
‘‘പി.വി സിന്ധുവുമായി എന്റെ ബന്ധത്തെ കുറിച്ച് പലരും ചോദിച്ചിരുന്നു. അടുത്തിടെ സിന്ധു കളിച്ച എല്ലാ മത്സരങ്ങളിലും മോശം കളിയാണ് പുറത്തെടുത്തത്. അതിൽ ഞാൻ കൂടി ഉത്തരവാദിയാണെന്ന് കരുതുന്നു. പരിശീലക മാറ്റം നന്നാകുമെന്ന് അവൾ ആഗ്രഹിച്ചു. ആ തീരുമാനത്തിനൊപ്പം ഞാനും നിൽക്കുന്നു. അടുത്ത ഒളിമ്പിക്സ് വരെ അവൾക്കൊപ്പമുണ്ടാകില്ലെന്നതിൽ വിഷമമുണ്ട്. ഇനി അകലെനിന്നാകും എന്റെ പിന്തുണ. എനിക്ക് പിന്തുണ നൽകുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു’’- അദ്ദേഹം പറഞ്ഞു.
ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ 2013, 2014ലും ഫൈനലിലെത്തിയ 2017, 2018 വർഷങ്ങളിലും നേടാനാകാത്ത കിരീടം 2019ൽ മാറോടു ചേർക്കുമ്പോൾ പാർക് ടീ സാങ് ആയിരുന്നു പരിശീലകൻ. ഫൈനലിൽ നൊസോമി ഒകുഹാര ആയിരുന്നു എതിരാളി.
അഞ്ചു വർഷമായി കാത്തിരുന്ന കിരീടമാണ് ഒടുവിൽ മാറോടുചേർത്തതെന്ന് അന്ന് താരം അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.