'തകർപ്പൻ വിജയം'; തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ യോഗിയെ അഭിനന്ദിച്ച സൈന നെഹ്വാളിന് രൂക്ഷ വിമർശനം
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ 'തകർപ്പൻ വിജയത്തിന്' മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച ബാഡ്മിൻറൺ താരം സൈന നെഹ്വാളിനെതിരെ രൂക്ഷ വിമർശനം. യു.പിയിലെ 75 ജില്ല പഞ്ചായത്ത് ചെയർമാൻ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 67 സീറ്റും ബി.ജെ.പി തൂത്തുവാരിയിരുന്നു.
'യു.പിയിലെ ജില്ല പഞ്ചായത്ത് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയതിന് യോഗി ആദിത്യനാഥ് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ '- സൈന ട്വീറ്റ് ചെയ്തു. കഴിഞ്ഞ വർഷം നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൈന ബി.ജെ.പിയിൽ അംഗത്വം എടുത്തിരുന്നു. എന്നാൽ സൈനയുടെ ട്വീറ്റിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തി.
സർക്കാറി ഷട്ടിൽ താരമായ സൈന ജനവിധിയെ സ്മാഷ് ചെയ്ത് കളയുകയാണെന്നായിരുന്ന ആർ.എൽ.ഡി പ്രസിഡൻറ് ജയന്ത് ചൗധരിയുടെ പ്രതികരണം. ജനവിധിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഇത്തരം സെലിബ്രിറ്റികൾക്കെതിരെ ജനങ്ങൾ മികച്ച ഡ്രോപ് ഷോട്ടുകൾ ഉതിർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
'മതേതരത്വം നിങ്ങളുടെ ആരാധകർക്കിടയിൽ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. നിങ്ങൾ എന്തിനാണ് കളിക്കുന്നത് നിർത്തുന്നത്?' -തമിഴ്നാട് കോൺഗ്രസിെൻറ ന്യൂനപക്ഷ വിഭാഗം അധ്യക്ഷൻ ഡോ. ജെ. അസ്ലം ബാഷ ട്വീറ്റ് ചെയ്തു.
ജില്ല പഞ്ചായത്ത് ചെയർമാൻ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിെൻറ സമാജ്വാദി പാർട്ടിക്ക് അഞ്ച് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രാഷ്ട്രീയ ലോക്ദൾ, ജനസട്ട ദൾ എന്നീ പാർട്ടികളും സ്വതന്ത്രനും ഓരോ സീറ്റ് വീതം വിജയിച്ചു. മായാവതിയുടെ ബി.എസ്.പി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
ഇത്തവണ 75ല്‍ 22 ജില്ലാ പഞ്ചായത്ത് ചെയർമാന്മാർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 21 ബി.ജെ.പി ചെയര്‍മാന്മാരും ഒരു എസ്.പി ചെയര്‍മാനുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 53 ജില്ലാ പഞ്ചായത്ത് ചെയർമാന്മാരെ കണ്ടെത്തുന്നതിനാണ് ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തെരഞ്ഞെടുപ്പ് നടന്നത്.
ഹരിയാനക്കാരിയായ സൈന ഹൈദരാബാദിലാണ് വളർന്നത്. മുൻ ലോക ഒന്നാം നമ്പർ ബാഡ്മിൻറൺ താരമായ സൈനക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്നയും അർജുന അവാർഡും ലഭിച്ചിട്ടുണ്ട്. 24 അന്താരാഷ്ട്ര കിരീടങ്ങൾ ചൂടിയിട്ടുള്ള സൈന ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവ് കൂടിയാണ്. 2009ൽ ലോക റാങ്കിങ്ങിൽ രണ്ടാമതെത്തിയ സൈന 2015ൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.