ഇന്തോനേഷ്യ ഓപൺ ബാഡ്മിന്റൺ: സാത്വിക്-ചിരാഗിന് സൂപ്പർ ഫൈനൽ, പ്രണോയ് പുറത്ത്
text_fieldsജകാർത്ത: ആദ്യ സെറ്റിലെ വീഴ്ച അവസരമാക്കി ഒരു മണിക്കൂറിലേറെയെടുത്ത ഉഗ്ര തിരിച്ചുവരവിനൊടുവിൽ ഇന്തോനേഷ്യ ഓപൺ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്ത് ഇന്ത്യയുടെ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം. കൊറിയയുടെ സീഡില്ലാ ജോടിയായ മിൻ ഹ്യൂക് കാങ്- സ്യൂങ് ജെയ് സിയോ കൂട്ടുകെട്ടിനെയാണ് സൂപ്പർ 1000 ടൂർണമെന്റ് സെമിയിൽ ഇരുവരും ചേർന്ന് മറികടന്നത്. സ്കോർ- 17-21 21-19 21-18. സാത്വിക് -ചിരാഗ് സഖ്യത്തിന്റെ ആദ്യ സൂപ്പർ 1000 ഫൈനലാണിത്. രണ്ടാം സെമിയിലെ ജേതാക്കളായ മലേഷ്യയുടെ ആരോൺ ചിയ -സോ വൂയ് യിക് ജോടിയുമായി ഇവർ ഞായറാഴ്ച ഏറ്റുമുട്ടും.
ക്വാർട്ടറിൽ ആധികാരിക പ്രകടനവുമായി എതിരാളികളെ ഇല്ലാതാക്കിയതിന്റെ ഹാങ്ഓവറിൽ ഇറങ്ങിയ സാത്വികിനും ചിരാഗിനും പക്ഷേ, മുട്ടുവിറക്കുന്നതായിരുന്നു തുടക്കത്തിലെ കാഴ്ച. ഒരു ഘട്ടത്തിലും എതിരാളികളെ നിലംതൊടീക്കാതെ മുന്നിൽനിന്ന കൊറിയക്കാർ ആദ്യ സെറ്റ് അനായാസം പിടിച്ചു. മറന്നുവെച്ച കളിമികവ് തിരിച്ചുപിടിച്ച് അടുത്ത സെറ്റിൽ ഇറങ്ങിയ ലോക ആറാം നമ്പർ ടീം പിന്നീടെല്ലാം തങ്ങളുടെ വഴിയെ ആണെന്ന് ഉറപ്പിച്ചു. ഒപ്പം നിന്നുകളിച്ച കാങ്- സിയോ ജോടി മനോഹര പ്രകടനവുമായി കളം നിറഞ്ഞപ്പോൾ ആദ്യവസാനം ഉത്കണ്ഠ ബാക്കിവെച്ചായിരുന്നു ഓരോ പോയന്റും പിറന്നത്. അവസാന ചിരി തങ്ങളുടേതാക്കിയ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യന്മാർ അടുത്ത ഗെയിമിൽ കുറെക്കൂടി അനായാസമായി കളിച്ച് ജയവും ഫൈനലും ഉറപ്പാക്കി. ഇരു ടീമുകളും തമ്മിലെ മുഖാമുഖത്തിൽ ഇതോടെ 3-2ന് സാത്വിക്- ചിരാഗ് കൂട്ടുകെട്ട് മുന്നിലെത്തി.
ഉഗ്രൻ ഷോട്ടുകളും ശരീരം ലക്ഷ്യമിട്ടുള്ള സ്മാഷുകളും ഒന്നിച്ചുപയോഗിച്ചായിരുന്നു സാത്വികും ചിരാഗും എതിരാളികൾക്കുമേൽ മാനസിക മുൻതൂക്കം തിരിച്ചുപിടിച്ചത്. അവസാന സെറ്റിൽ ഒരു ഘട്ടത്തിൽ 12-5ന് വരെ ലീഡ് നിലനിർത്തിയതും തുണയായി. തിരിച്ചെത്താൻ കൊറിയൻ സഖ്യം അവസാന അടവും ഉപയോഗിച്ചുനോക്കിയെങ്കിലും മേൽക്കൈ വിടാതെ സാത്വികും കൂട്ടുകാരനും പിടിച്ചുനിന്നു. റാങ്കിങ് പോയന്റുകൾ കൂടുതൽ ലഭിക്കുന്ന സൂപ്പർ 1000 വിഭാഗത്തിലെ ഇന്തോനേഷ്യൻ ഓപൺ വിജയിക്കാനായാൽ ഇരുവർക്കും റാങ്കിങ്ങിൽ കൂടുതൽ മുന്നിലേക്ക് കയറാനാകും. സാത്വികും ചിരാഗും ആറാം റാങ്കിലും ഇന്നത്തെ എതിരാളികളായ ചിയയും യികും മൂന്നാം റാങ്കിലുമാണിപ്പോൾ.
പ്രണോയ് പുറത്ത്
ജകാർത്ത: ഇന്തോനേഷ്യ ഓപണിൽ ഒന്നാം സീഡായ ഡെന്മാർക് താരം വിക്ടർ അക്സൽസണിനു മുന്നിൽ വീണ് മലയാളി താരം എച്ച്.എസ്. പ്രണോയ് പുരുഷ സിംഗ്ൾസ് സെമിഫൈനലിൽ പുറത്തായി. ഏകപക്ഷീയമായ സെറ്റുകളിലായിരുന്നു വീഴ്ച. സ്കോർ 15-21 15-21. ക്രോസ് കോർട്ട് സ്മാഷുകളടക്കം പതിവു ശൈലിയുമായി ഇറങ്ങിയ പ്രണോയിക്ക് പക്ഷേ, കാര്യമായ അവസരങ്ങൾ നൽകാതെയായിരുന്നു അക്സൽസണിന്റെ കുതിപ്പ്. ഇതോടെ ഇരുവർക്കുമിടയിലെ എട്ടു കളികളിൽ ലോക ഒന്നാം നമ്പർ താരത്തിന് ആറാം ജയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.