ഇന്ത്യ ഓപൺ: ഫൈനലിൽ വീണ് സാത്വിക്-ചിരാഗ് സഖ്യം
text_fieldsന്യൂഡൽഹി: പുരുഷ സിംഗ്ൾസിൽ എച്ച്.എസ്. പ്രണോയ് സെമിയിൽ തോറ്റുമടങ്ങിയതോടെ കിരീടസ്വപ്നങ്ങളിൽ അവസാന പ്രതീക്ഷയായിരുന്ന ഡബ്ൾസിൽ കാലിടറി ഇന്ത്യൻ ജോടി. സാത്വിക്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് നിലവിലെ ലോക ചാമ്പ്യന്മാരായ കൊറിയൻ സഖ്യം കാങ് മിൻ ഹ്യൂക്-സിയോ സ്യൂങ് ജെയ് എന്നിവർക്കു മുന്നിൽ 21-15, 11-21, 18-21 എന്ന സ്കോറിന് വീണ് റണ്ണേഴ്സ്അപ്പായി.
മൂന്നു തവണ വേൾഡ് ടൂർ കിരീടങ്ങൾ, ഏഷ്യൻ ഗെയിംസ് സ്വർണം, ഏഷ്യൻ ചാമ്പ്യൻഷിപ് കിരീടം, ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ കൂട്ടുകെട്ട് എന്നിങ്ങനെ വലിയ നേട്ടങ്ങൾ പലത് കുറിച്ച് അജയ്യരായി കലാശപ്പോരിനെത്തിയവരെയാണ് അതിലും മികച്ച പ്രകടനവുമായി കൊറിയക്കാർ മുട്ടുകുത്തിച്ചത്. ആദ്യ സെറ്റിൽ കരുത്തും പ്രതിഭയും സമംചേർന്ന പ്രകടനവുമായി നിറഞ്ഞുനിന്ന ഇന്ത്യൻ സഖ്യം പിന്നീട് രണ്ടു സെറ്റുകളിലും പരാജയം സമ്മതിക്കുകയായിരുന്നു. അവസാന സെറ്റിൽ തുല്യശക്തികളുടെ പോരാട്ടം കണ്ടെങ്കിലും പോരാട്ടം 18 പോയന്റിലൊതുങ്ങി.
പുരുഷ സിംഗ്ൾസിൽ പ്രണോയിയെ വീഴ്ത്തി ഫൈനലിലെത്തി ഷി യുഖി തന്നെ കപ്പുയർത്തിയപ്പോൾ വനിതകളിൽ തായ്വാൻ താരം തായ് സു യിങ് ചൈനയുടെ ചെൻ യു ഫിയെ കടന്ന് ചാമ്പ്യനായി. രണ്ടു സെറ്റിൽ 21-16, 21-12നായിരുന്നു അനായാസ ജയം. പാരിസ് ഒളിമ്പിക്സിനു ശേഷം കളി നിർത്തുകയാണെന്ന് 29കാരിയായ തായ് സു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഹോങ്കോങ് താരം ലീക്കെതിരെ 23-21, 21-17 സ്കോറിനാണ് ഷി യുഖി ജയംപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.